2012-10-19 15:58:09

വിദ്യാഭ്യാസം എല്ലാവരുടേയും അവകാശമെന്ന് ബിഷപ്പ് ഷാ


19 ഒക്ടോബര്‍ 2012, വത്തിക്കാന്‍
വിദ്യാഭ്യാസത്തിനുള്ള അവകാശം എല്ലാവര്‍ക്കുമുള്ള മൗലിക അവകാശമാണെന്ന് ലാഹോറിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് സെബാസ്റ്റൃന്‍ ഷാ ഒ.എഫ്.എം. നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ചു വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍മാരുടെ സിനഡു സമ്മേളനത്തില്‍ പങ്കെടുക്കുന്ന ബിഷപ്പ് ഷാ വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ പതിനാലുകാരിയായ പാക്കിസ്ഥാന്‍ വിദ്യാര്‍ത്ഥിനി മലാല യൂസഫ് സായിയ്ക്കു നേരെ നടന്ന വധശ്രമത്തില്‍ ബിഷപ്പ് അതീവ ദുഃഖം രേഖപ്പെടുത്തി. എല്ലാവര്‍ക്കും വിദ്യാഭ്യാസം നേടാന്‍ അവകാശമുണ്ടെന്നും വിദ്യാഭ്യാസം നേടാന്‍ മലാല നടത്തിയ പരിശ്രമം മാതൃകാപരമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. തന്‍റെ ദൗത്യം തുടരാന്‍ മലാല തിരിച്ചെത്തുമെന്നുതന്നെയാണ് പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു.

വെടിവെയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ മലാല ഇപ്പോള്‍ ബര്‍മിങ്ഹാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. മലാല ആരോഗ്യം വീണ്ടെടുക്കുമെന്ന് ബ്രിട്ടണിലെ ഡോക്ടര്‍മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. വെടിയുണ്ട നീക്കം ചെയ്യാന്‍ കഴിഞ്ഞതും നിര്‍ണ്ണായകമായ 48 മണിക്കൂര്‍ തരണം ചെയ്തതും പ്രതീക്ഷാജനകമാണ്. മലാലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനും വെളിപ്പെടുത്തി. വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ചികിത്സ മലാലയുടെ ജീവന്‍ രക്ഷിക്കുമെന്ന പ്രത്യാശയില്‍ ലോകമെങ്ങും മലാലയ്ക്കുവേണ്ടി പ്രാര്‍ത്ഥന തുടരുകയാണ്.









All the contents on this site are copyrighted ©.