2012-10-19 16:10:06

ക്രൈസ്തവ ധാര്‍മ്മികത മാനവ പുരോഗതിക്ക് വഴികാട്ടി: കര്‍ദിനാള്‍ ഗ്രേഷ്യസ്


19 ഒക്ടോബര്‍ 2012, വത്തിക്കാന്‍
ക്രൈസ്തവ സന്ദേശവും ധാര്‍മ്മികതയും മാനവ പുരോഗതിക്കും ജീവിത സാക്ഷാത്ക്കാരത്തിനും മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വഴികാട്ടിയായി സമൂഹത്തില്‍ അവതരിപ്പിക്കണമെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ചു വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍മാരുടെ സിനഡു സമ്മേളനത്തില്‍ ഒക്ടോബര്‍ 17ാം തിയതി ബുധനാഴ്ച നടന്ന 20ാം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക ലോകത്തിലെ അശാന്തമായ സാമൂഹ്യ സാഹചര്യങ്ങളില്‍, മനുഷ്യാന്തസ്സിനേയും നീതിയേയും സമാധാനത്തേയും സംബന്ധിച്ച സുവിശേഷ പ്രബോധനങ്ങള്‍ സുപ്രധാനങ്ങളാണ്. നവസുവിശേഷവല്‍ക്കരണത്തിലൂടെ സുവിശേഷസന്ദേശം കൂടുതല്‍ സ്പഷ്ടമായി ഉദ്ഘോഷിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മതസ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തുന്നത് മതപരമായ ഒരു കാര്യമെന്നതിനേക്കാള്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണെന്നും, ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ കര്‍ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ 2.3% മാത്രമുള്ള ന്യൂനപക്ഷ വിഭാഗമായ കത്തോലിക്കാ സഭയില്‍ സഭാ മേലധ്യക്ഷന്‍മാരും വൈദികരും അല്‍മായരും കൂട്ടായ്മയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടത് അടിയന്തരമാണെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രദമായ നവസുവിശേഷവല്‍ക്കരണത്തിന് പരിശീലനം ലഭിച്ച അല്‍മായരുടെ, വിശിഷ്യ യുവജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ്. ഭരണകാര്യങ്ങളിലെ സുതാര്യത സഭയുടെ വിശ്വാസ്യതയും ഐക്യവും വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.