2012-10-18 16:52:26

ലോകത്തിന്‍റെ ആത്മീയ ദാഹം
സുവിശേഷവത്ക്കകരണത്തിന് പ്രത്യാശ


18 ഒക്‍ടോബര്‍ 2012, വത്തിക്കാന്‍
വിശ്വാസം പങ്കുവയ്ക്കുമ്പോഴാണ് അത് ബലപ്പെടുന്നതെന്ന്, കൊല്ലം രൂപതാ മെത്രാന്‍, ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ മെത്രാന്മാരുടെ സിനഡില്‍ അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ 16-ാ തിയതി ചേര്‍ന്ന സിനഡിന്‍റെ പൊതുസമ്മേളത്തിലാണ് ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ ഈ അഭിപ്രായം വ്യക്തമാക്കിയത്.

സഭയുടെ അസ്തിത്വത്തിന്‍റെ മൂലവും അര്‍ത്ഥവുമായ സുവിശേഷവത്ക്കരണ മേഖല ഇന്ന് ഏറെ മാന്ദീഭവിച്ചിരിക്കുന്നതിനാല്‍ നവമായ രീതികള്‍ കണ്ടെത്തി സഭയുടെ നവസുവിശേഷവത്ക്കരണ പദ്ധതി വിജയിപ്പിക്കാന്‍ ഒത്തൊരുമിച്ചു പരിശ്രമിക്കണമെന്ന് കേരളത്തിലെ ലത്തീന്‍ സഭയുടെ പ്രതിനിധിയായെത്തിയ ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ സിനഡില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലുള്ള ആശ്രമങ്ങളിലേയ്ക്ക് വിദേശരാജ്യങ്ങളി‍നിന്നും എത്തുന്ന നിരവധി യുവതീയുവാക്കള്‍ ഇന്ന് മനുഷ്യകുലത്തിനുള്ള ശമിക്കാത്ത ആത്മീയ ദാഹത്തിന്‍റെ പ്രതീകമാണെന്നും, അങ്ങിനെയുള്ള ലോകത്ത് ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനും ഏറെ പ്രസക്തിയുണ്ടെന്നും ബിഷപ്പ് റോമന്‍ അഭിപ്രായപ്പെട്ടു.

കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും സമര്‍പ്പിതരായ അദ്ധ്യപകരിലൂടെയും അല്മായ പ്രേഷിതരിലൂടെയും നവസുവിശേഷവത്ക്കരണ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാവുമെന്നും ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ പ്രത്യാശപ്രകടിപ്പിച്ചു.









All the contents on this site are copyrighted ©.