2012-10-18 17:21:01

പറയാന്‍ എളുപ്പവും
പൊരുതാന്‍ ക്ലേശകരവുമായ ദാരിദ്ര്യം


18 ഒക്ടോബര്‍ 2012, ന്യൂയോര്‍ക്ക്
ദാരിദ്ര്യത്തെക്കുറിച്ചു പറയാനെളുപ്പമാണ്, എന്നാല്‍ അതിനെതിരെ പൊരുതുക ക്ലേശകരമാണെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. ഒക്ടോബര്‍ 17-ന് യുഎന്‍ ആചരിച്ച ലോക ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ദിനത്തില്‍ നല്കിയ സന്ദേശത്തിലാണ് മൂണ്‍ ഇങ്ങനെ പ്രസ്താവിച്ചത്. വിശപ്പും ദാരിദ്രൃവും അനുഭവിക്കുന്നവര്‍ക്ക് സഹാനുഭാവത്തിന്‍റെ നല്ല വാക്കുകളല്ല ആവശ്യം, മറിച്ച്, മൂര്‍ത്തമായ സഹായത്തിന്‍റെ പ്രവൃത്തികളാണെന്ന് മൂണ്‍ സന്ദേശത്തിലൂടെ അറിയിച്ചു.

പാവങ്ങളുടെ സമുദ്ധാരണത്തിനുതകുന്ന സമൂഹ്യപദ്ധതികളിലൂടെ അവരെ തൊഴിലിന്‍റെയും അതിജീവനത്തിന്‍റെയും മേഖലകളില്‍ എത്തിക്കുകയാണ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമെന്നും മൂണ്‍ ചൂണ്ട്ടിക്കാട്ടി. ഇനിയും കോടിക്കണക്കിന് ജനങ്ങളാണ് ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷണവും ലഭിക്കാതെ ലോകത്തു ക്ലേശിക്കുന്നതെന്നും മൂണ്‍ സന്ദേശത്തിലൂടെ ചീണ്ടിക്കാട്ടി. യുഎന്നിന്‍റെ സഹസ്രാബ്ദ വികസന ലക്ഷൃങ്ങളിലൊന്നായ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം യാഥാര്‍‍ത്ഥ്യമാക്കാന്‍ ഇനിയും ലോകരാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ചു പരിശ്രമിക്കണമെന്ന് മൂണ്‍ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.









All the contents on this site are copyrighted ©.