2012-10-18 16:42:15

നവസുവിശേഷവത്ക്കരണം ലക്ഷൃമിടുന്ന
സഭകളുടെ സമ്പൂര്‍ണ്ണ ഐക്യം


18 ഒക്ടോബര്‍ 2012, വത്തിക്കാന്‍
നവസുവിശേഷവത്ക്കരണത്തിന് ശ്രേഷ്ഠമായ സഭൈക്യമാനമുണ്ടെന്ന്, ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് മെത്രാന്മാരുടെ സിനഡു സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ പൊതുസമ്മേളനത്തെ ഒക്‍ടോബര്‍ 17-ാം തിയതി ബുധനാഴ്ച അഭിസംബോധന ചെയ്യവേയാണ് കര്‍ദ്ദിനാള്‍ കോഹ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.
സഭയ്ക്കുള്ള നവീകരണശക്തിയും സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് അകന്നുനില്ക്കുന്ന ക്രൈസ്തവസഭകളുടെ സമ്പൂര്‍ണ്ണ ഐക്യത്തിനായി പരിശ്രമിക്കേണ്ടത് നവസുവിശേഷവത്ക്കരണ പദ്ധതിയുടെ വെല്ലുവിളിയായി സ്വീകരിക്കണമെന്ന് കര്‍ദ്ദിനാള്‍ കോഹ് സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

സുവിശേഷവത്ക്കരണ വഴികളില്‍ വിവിധ സഭകളുടെ ഐക്യത്തിനായുള്ള ദൗത്യം unitatis redentegratio ‘സഭകളുടെ ഐക്യം’ എന്ന പ്രമാണരേഖയിലൂടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിതന്നെ വിഭാവനം ചെയ്തിട്ടുള്ളതാണെന്നും, ആംഗ്ലിക്കന്‍‍ സഭാതലവന്‍ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ്, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ തുടങ്ങിയവരുടെയും ഇതര ക്രൈസ്തവ സഭാ തലാവന്മാരുടെയും സിനഡിലെ സാന്നിദ്ധ്യം ഏറ്റുപറഞ്ഞുകൊണ്ട് കാര്‍ദ്ദിനാള്‍ കോഹ് സിനഡില്‍ പ്രസ്താവിച്ചു.

സഭകള്‍ തമ്മില്‍ വളരെ പ്രകടമായി നില്ക്കുന്ന ഭിന്നിപ്പ് ഇന്നും ലോകത്തിന് ഉതപ്പും, സകല ജതകളോടും സുവിശേഷം പ്രഘോഷിക്കുവിന്‍, എന്ന സുവിശേഷ സൂക്തത്തിന് വിഘാതവുമാണെന്നും കര്‍ദ്ദിനാള്‍ കോഹ് സിനഡ് അംഗങ്ങളെ അനുസ്മരിപ്പിച്ചു.








All the contents on this site are copyrighted ©.