2012-10-17 19:06:22

കലുങ്സോഡ് ഉള്‍പ്പെടെ
സഭയില്‍ ഏഴു നവവിശുദ്ധാത്മാക്കള്‍


17 ഓക്ടോബര്‍ 2012, വത്തിക്കാന്‍
ആഗോള മിഷന്‍ ഞായര്‍ ദിനത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പ സഭയിലെ 7 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തും. ഒക്ടോബര്‍ 21 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ
9.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടത്തപ്പെടുന്ന ദിവ്യബലിക്കു മുന്നേയുള്ള തിരുക്കര്‍മ്മത്തിലായിരിക്കും, ഇത്തവണ പാപ്പ വിശുദ്ധരുടെ നാമകരണ നടപടികള്‍ നയിക്കുന്നതെന്ന്, പാപ്പായുടെ ആരാധനക്രമകാര്യങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

+ മൊളോക്കോ ദ്വീപില്‍ കുഷ്ഠരോഗികളുടെമദ്ധ്യേ പ്രവര്‍ത്തിച്ച,
അമേരിക്കക്കാരി മദര്‍ മരിയാന്ന,
+ അമേരിക്കയിലെ ഗോത്രവര്‍ഗ്ഗക്കാരി കതേരി തെക്കാക്വീത്ത,

+ ഈശോ സഭാ വൈദികനും ഫ്രഞ്ചു മിഷണറിയുമായ ഫാദര്‍ ജാക്ക് മെര്‍ത്യൂ,

+ ഫിലിപ്പീന്‍ സ്വദേശിയും മതാദ്ധ്യാപകനുമായിരുന്ന പീറ്റര്‍ കലുങ്സോഡ്,

+ തിരുക്കുടുംബ സന്ന്യാസ സഭാ സ്ഥാപകനും ഇറ്റലിക്കാരനുമായ
ഫാദര്‍ ജോണ്‍ ബാപ്റ്റിസ്റ്റ് പിയെര്‍മാര്‍ത്ത,

+ അമലോത്ഭവ നാഥയുടെ സന്ന്യാസസഭാ സ്ഥാപകയും
സ്പെയിന്‍കാരിയുമായ കാര്‍മ്മന്‍ സാലെസ് ബാരന്‍ഗ്വെരാസ്,

+ പ്രേഷിത ചൈതന്യമാര്‍ന്ന ജര്‍മ്മന്‍കാരി, അന്നാ ഷാഫെര്‍ എന്നവരെയാണ്
പാപ്പ ഞായറാഴ്ച വിശുദ്ധരുടെ പദവിയിലേയ്ക്കുയര്‍ത്തുന്നതെന്നും
ഫാദര്‍ മരീനി അഭിമുഖത്തില്‍ അറിയിച്ചു.

പാവനാത്മഗീതം, സ്ത്രോത്രഗീതം, സകലവിശുദ്ധരുടെ ലുത്തിനീയ എന്ന ഉള്‍പ്പെട്ട വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുശേഷമാണ് പാപ്പ ദിവ്യബലിയര്‍പ്പിക്കുന്നതെന്നും, ദിവ്യബലിമദ്ധ്യേ നടത്തുന്ന വചനപ്രഘോഷണത്തില്‍ പാപ്പ നവവിശുദ്ധരുടെ ജീവചരിത്രം ഹ്രസ്വമായി വിവരിക്കുമെന്നും, അങ്ങനെ നാമകരണ നടപടിക്രമങ്ങള്‍ പതിവിലും വ്യത്യസ്തമായി ലളിതമായും, എന്നാല്‍ അതിന്‍റെ സത്തിയില്‍ മാറ്റംവരുത്താതെയുമാണ് സംവിധാനംചെയ്തിരിക്കുന്നതെന്നും മോണ്‍സീഞ്ഞോര്‍ മരീനി അഭിമുഖത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.