2012-10-16 17:52:27

പാക്കിസ്ഥാനിലെ നവസുവിശേഷവല്‍ക്കരണ തരംഗം


16 ഒക്ടോബര്‍ 2012, വത്തിക്കാന്‍
നവസുവിശേഷവല്‍ക്കരണത്തെക്കുറിച്ച് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്കുള്ള പ്രതീക്ഷകളും പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികളും ലാഹോറിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് സെബാസ്റ്റൃന്‍ ഷാ ഒ.എഫ്.എം സിനഡു സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ദൈവനിന്ദാ കുറ്റത്തിന്‍റെ പേരില്‍ അന്യായമായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയാ ബീബിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും ഇതര ക്രൈസ്തവ നേതാക്കളും നടത്തിയ അഭ്യര്‍ത്ഥനയ്ക്കു ബിഷപ്പ് ഷാ കൃതജ്ഞത രേഖപ്പെടുത്തി.
ഏറെ പ്രതീക്ഷകളോടെയാണ് പാക്കിസ്ഥാനിലെ സഭ നവസുവിശേഷവല്‍ക്കരണത്തിലേക്കു പ്രവേശിക്കുന്നത്. യേശുവിനോടുള്ള വ്യക്തിബന്ധവും ആരോഗ്യകരമായ സാമൂഹ്യബന്ധങ്ങളും നവസുവിശേഷവല്‍ക്കരണത്തിന് അനിവാര്യമാണ്. എന്നാല്‍, ഉപബോധന മനസില്‍ അദൃശ്യമായി കടന്നു കയറുന്ന ഉപഭോഗ സംസ്ക്കാരത്തിന്‍റെ സ്വാധീനം വ്യക്തിബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് ഇന്നത്തേതെന്ന് ബിഷപ്പ് സെബാസ്റ്റൃന്‍ ഷാ ചൂണ്ടിക്കാട്ടി.
ഏതു പ്രതികൂല സാഹചര്യത്തിലും, പാക്കിസ്ഥാനിലെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളില്‍ ക്രിസ്തുവിന്‍റെ ചെറിയ അജഗണം നവസുവിശേഷവല്‍ക്കരണത്തിന്‍റെ സജീവ സാക്ഷികളാകുന്നതിന് സാര്‍വ്വത്രിസഭയുടെ പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ബിഷപ്പ് സെബാസ്റ്റൃന്‍ ഷാ തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.