2012-10-15 09:26:43

പിന്നെയും വസന്തകള്‍ (11)
കെടുതികളിലെ ദൈവികകരം


RealAudioMP3
ഈജിപ്തിലെ അടിമത്വത്തില്‍നിന്നും തന്‍റെ ജനത്തെ മോചിക്കാന്‍ ദൈവം ഇസ്രായേലിന്‍റെ ചരിത്രത്തില്‍ അത്ഭുതകരമായി ഇടപെട്ടുവെന്ന് പുറപ്പാടു ഗ്രന്ഥം പഠിപ്പിക്കുന്നു. ഇസ്രായേല്യരെ അടിമത്വത്തിലാക്കിയ ഫറവോയേയും ഈജിപ്തിനെയും ദൈവം ഒന്‍പതു വസന്തകള്‍ അയച്ച് ശിക്ഷിക്കുന്നത് പുറപ്പാടു ഗ്രന്ഥത്തിന്‍റെ ആദ്യ ഭാഗം വിവരിക്കുന്നു. എന്നാല്‍ ഈജിപ്തില്‍ അക്കാലത്ത് സംഭവിച്ചതെന്ന് വിശുദ്ധ ഗ്രന്ഥം വിവരിക്കുന്ന വസന്തകള്‍ പ്രകൃതി ക്ഷോഭങ്ങളോ, അത്ഭുതകരമായി ദൈവം സൃഷ്ടിച്ചവയോ എന്ന് തെളിയിക്കുക നമുക്കിന്ന് സാദ്ധ്യമല്ല. രണ്ടു വിധത്തിലുള്ള ചിന്താഗതിക്കാരെ ഇക്കാര്യത്തില്‍ കാണുന്നുണ്ട്. ബൈബിള്‍ ഒഴികെ യാതൊരു ചരിത്രരേഖയും ഈജിപ്റ്റിലെ വസന്തകളെക്കുറിച്ച് പറയാത്തതിനാല്‍ അവയൊന്നും സംഭവിച്ചിട്ടല്ല, എന്നു വാദിക്കുന്നവരാണ് ആദ്യത്തെ കൂട്ടര്‍. രണ്ടാമത്തെ വാദം പറയുന്നത്, ഒന്നും അമാനുഷികമായി സംഭവിച്ചിട്ടില്ല, എല്ലാം പ്രകൃതിദത്തവും സ്വാഭാവികവുമാണെന്നാണ്. പ്രകൃതിദത്തമായ കെടുതികളിലൂടെയാണെങ്കിലും അല്ലെങ്കിലും, ഇസ്രായേല്‍ ജനത്തിന്‍റെ വിമോചനത്തില്‍ ദൈവത്തിന്‍റെ ഇടപെടല്‍ പുറപ്പാടു ഗ്രന്ഥകാരന്‍ വിവരിക്കുന്നത് ഒന്നൊന്നായി പഠിക്കാം.

കര്‍ത്താവു മോശയോടു കല്പിച്ചു.
“എന്‍റെ ജനത്തെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ നിന്നെ നിയോഗിച്ചിരിക്കുന്നുവെന്ന് ഇസ്രായേല്‍ മക്കളോടും ഫറവോയോടും വീണ്ടും പറയുക.”
കര്‍ത്താവു തുടര്‍ന്നും കല്പിച്ചു.
“മോസ്സസ്, ഇതാ ഫറവോയ്ക്കു മുന്നില്‍ ഞാന്‍ നിന്നെ ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു. ഇസ്രായേല്‍ ജനത്തെ വിട്ടയയ്ക്കാന്‍ നീ പോയി ഫറവോയോടു സംസാരിക്കുക. ജനത്തിന്‍റെ മോചനത്തിനായി ഞാന്‍ അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കും. എങ്കിലും ഫറവോ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കണമെന്നില്ല. ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും. ഈജിപ്തിനെയും ഫറവോയെയും ഞാന്‍ ശിക്ഷിക്കും. അവസാനം എന്‍റെ സൈന്യവും ജനവുമായ ഇസ്രായേലിനെ അടിമത്വത്തില്‍നിന്നും ഞാന്‍ പുറത്തുകൊണ്ടുവരും.
ഈജിപ്തിനെതിരെ എന്‍റെ കരങ്ങളുയര്‍ത്തി, ഇസ്രായേല്‍ മക്കളെ അവരുടെ ഇടയില്‍നിന്നും മോചിപ്പിച്ചു കഴിയുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് അവര്‍ മനസ്സിലാക്കും.”

മോശ കര്‍ത്താവു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു.
മോശയെയും അഹറോനെയും ശ്രവിക്കാന്‍ ഫറവോ വിസ്സമ്മതിച്ചതു കൊണ്ടും ദൈവം കാണിച്ച അടയാളങ്ങള്‍ ഫറവോ മനസ്സിലാക്കാതിരുന്നതുകൊണ്ടും
കര്‍ത്താവ് വസന്തകള്‍ അയച്ച് ഫറവോയെയും ഈജിപ്തുദേശം മുഴുവനെയും പീഡിപ്പിക്കുവാന്‍ നിശ്ചയിച്ചു. പത്തു വസന്തകള്‍ കര്‍ത്താവ് ഈജിപ്തിലേയ്ക്ക് അയച്ചതായിട്ടാണ് പുറപ്പാടു ഗ്രന്ഥത്തില്‍നിന്നും നാം വായിക്കുന്നത്. മൂന്നു വീതമുള്ള മൂന്നുകൂട്ടമായിട്ട് ഒന്‍പതു വസന്തകള്‍കൊണ്ടാണ് ദൈവം ഈജിപ്തിനെ പ്രഹരിച്ചത്. പിന്നെ, പത്താമത്തേത് ഏറെ കഠിനമായിരുന്നു. അത് ഫറവോയുടെ ആദ്യജാതനെ വകവരുത്തിയതായിരുന്നു.
വസന്തകളുടെ ഓരോ കൂട്ടത്തിലും ആദ്യത്തെ രണ്ടും വരുന്നത് എപ്പോഴും ദൈവം നല്കുന്ന ശക്തമായ താക്കീതോടുകൂടെയാണ്. എന്നാല്‍ മൂന്നാമത്തേത് യാതൊരു മുന്നറിയിപ്പുമില്ലാതെയും. ഈ ഘടനയിലാണ് പുറപ്പാടു ഗ്രന്ഥകാരന്‍ ഈജിപ്റ്റില്‍ ദൈവം അയച്ച വസന്തകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ഇനി ഇസ്രായേലിനെ മോചിക്കാന്‍ ദൈവം കാണിച്ച അദ്യത്തെ രണ്ട് അടയാളങ്ങള്‍ നമുക്ക് വിശകലനം ചെയ്യാം.
കര്‍ത്താവ് മോശയോടു പറഞ്ഞു. “മോസസ്, ഫറവോ ഒരടയാളം ആവശ്യപ്പെടുന്ന പക്ഷം നിന്‍റെ ഇടയവടിയെടുത്തു ഫറവോയുടെ മുമ്പിലിടുക. അത് ഉടനെ സര്‍പ്പമായി മാറുന്നത് എല്ലാവരും കാണട്ടെ.”

മോശയും അഹറോനും ഫറവോയുടെ അടുക്കല്‍ച്ചെന്ന് കര്‍ത്താവു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു. തന്‍റെ അധികാരവടി ഫറവോയുടെയും സേവകരുടെയു മുമ്പിലേയ്ക്ക് മോശ വലിച്ചെറിഞ്ഞു. വടി പെട്ടന്ന് സര്‍പ്പമായി മാറി, തലയുയര്‍ത്തി നിന്നു. അപ്പോള്‍ ഫറവോയുടെ മന്ത്രവാദികളും അവരുടെ വിദ്യ ഉപയോഗിച്ച് സര്‍പ്പങ്ങളെ വരുത്തി. എന്നാല്‍ മോശയുടെ വടിയില്‍നിന്നും ഉണ്ടായ സര്‍പ്പം മറ്റെല്ലാ സര്‍പ്പങ്ങളെയും വിഴുങ്ങിക്കളഞ്ഞു. കര്‍ത്താവു പറഞ്ഞതുപോലെ, ഇതെല്ലാം കണ്ടിട്ടും ഫറവോ കഠിന ചിത്തനായിരുന്നു, അയാള്‍ മോശയുടെ വാക്കുകള്‍ ശ്രവിച്ചില്ല.

അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു.
“മോസ്സസ്, ഫറവോ കഠിന ഹൃദയനായിത്തീര്‍ന്നിരിക്കുന്നു. അയാള്‍ ജനത്തെ വിട്ടയ്ക്കാന്‍ വിസമ്മതിക്കും. ആകയാല്‍, നീ രാവിലെതന്നെ ഫറവോയുടെ പക്കലേയ്ക്ക് പോവുക. ഫറവോ നീരാട്ടിനായി നദിയിലേയ്ക്ക് ഇറങ്ങിവരുമ്പോള്‍ നദീതീരത്ത് അവനെ കാത്തുനില്ക്കണം. നിന്‍റെ അധികാര വിടിയും എടുത്തുകൊള്ളുക. എന്നിട്ട് പറയണം. ഹെബ്രായരുടെ ദൈവമായ കര്‍ത്താവാണ് എന്നെ നിന്‍റെ അടുത്തേയ്ക്ക് അയച്ചത്.
മരുഭൂമിയില്‍ ആരാധിക്കാന്‍ എന്‍റെ ജനത്തെ വിട്ടയക്കണമെന്ന് അവിടുന്ന് ആവശ്യപ്പെടുന്നു. എന്നാല്‍, ഇതുവരെ ഈ അഭ്യര്‍ത്ഥന നീ ശ്രവിച്ചില്ല.”

“കര്‍ത്താവു പറയുന്നു: ഞാനാണ് ദൈവമെന്ന് ഇതിനാല്‍ നീ മനസ്സിലാക്കേണ്ടതിന്.
ഇതാ എന്‍റെ കയ്യിലുള്ള വടികൊണ്ടു ഞാന്‍ നൈല്‍നദിയിലെ ജലത്തില്‍ അടിക്കും. അപ്പോള്‍ ജലം രക്തമായി മാറും. നദിയിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങും. നദിയില്‍നിന്നും ദുര്‍ഗന്ധം വമിക്കും. കുടിക്കാന്‍ ജലമില്ലാതെ ഈജിപ്തുകാര്‍ വലയും.”

എന്നിട്ട് കര്‍ത്താവ് മോശയോട് ആജ്ഞാപിച്ചു.
“ഈജിപ്തിലെ ജലത്തിനുമേല്‍, അവിടുത്തെ നദികളുടെയും അരുവികളുടെയും കയങ്ങളുടെയും കുളങ്ങളുടെയും മേല്‍, വടി കയ്യിലെടുത്ത് നിന്‍റെ കരങ്ങള്‍ നീട്ടുക. ജലം രക്തമായി മാറട്ടെ.”

കര്‍ത്താവു കല്പിച്ചതുപോലെ മോശയും അഹറോനും പ്രവര്‍ത്തിച്ചു. ഫറവോയുടെയും അവന്‍റെ സേവകരുടെയും മുമ്പില്‍വച്ച് മോശ വടി ഉയര്‍ത്തി, നദീജലത്തിന്‍മേല്‍ അടിച്ചു. ഈജിപ്റ്റില്‍ ആകമാനം - മരപ്പാത്രങ്ങളിലും കല്‍പ്പാത്രങ്ങളിലും, നൈല്‍നദിയിലും അവിടത്തെ കിണറുകളില്‍ ആകെ രക്തം കാണപ്പെട്ടു. നദിയിലെ മത്സൃങ്ങളെല്ലാം ചത്തൊടുങ്ങി. നാടെങ്ങും ദുര്‍ഗ്ഗന്ധം വമിച്ചു. ഈജിപ്തുകാര്‍ക്ക് കുടിക്കാന്‍പോലും വെള്ളം ഇല്ലാതായി. എവിടെയും രക്തം കാണപ്പെട്ടു. കര്‍ത്താവു പറഞ്ഞതുപോലെ, ഫറവോ കഠിനഹൃദയനായി. ഇതെല്ലാം സംഭവിച്ചിട്ടും ഫറവോ മോശയെ ശ്രവിച്ചില്ല. രക്തത്തിന്‍റെ വസന്ത നോക്കിക്കണ്ട ശേഷവും അഹങ്കാരത്തോടെയാണ് ഫറവോ തന്‍റെ കൊട്ടാരത്തിലേയ്ക്കു മടങ്ങിപ്പോയത്.

നദീജലം മലീമസമായപ്പോള്‍ കുടിവെള്ളത്തിനുവേണ്ടി ഈജിപ്തുകാര്‍ നൈല്‍തീരത്തു കുഴികളുണ്ടാക്കി. അവിടെയും ജലം രക്തമയമായിരുന്നു. കര്‍ത്താവിന്‍റെ പ്രഹരം ഏഴു ദിവസം നീണ്ടുനിന്നു.

ദൈവം വീണ്ടും മോശയിലൂടെ ഫറവോയ്ക്കു താക്കീതു നല്കി.
“എന്‍റെ ജനത്തെ വിട്ടയയ്ക്കുക, അല്ലാത്ത പക്ഷം ഞാന്‍ അടുത്ത വസന്ത ഉടനെ അയക്കും. തവളകളെ അയച്ച് ഞാന്‍ ഇനി ഈജിപ്തിനെ പീഡിപ്പിക്കും!”

മോസ്സസ് വീണ്ടും ഫറവോയോടു പറഞ്ഞു. “കര്‍ത്താവു കല്പിക്കുന്നു. ആരാധനയ്ക്കായ് എന്‍റെ ജനത്തെ വിട്ടയയ്ക്കുക. ഇനിയും അങ്ങ് വിസമ്മതിച്ചാല്‍ അവിടുന്ന് തവളകളെ അയച്ച് ഈജിപ്തിനെ പ്രഹരിക്കും. നദിയില്‍ തവളകള്‍ പെരുകും. അങ്ങയുടെ മന്ദിരത്തിലും ശയനമുറിയിലും കിടക്കയിലും അപ്രകാരം സംഭവിക്കും. നിന്‍റെ സേവകരുടെയും ജനങ്ങളുടെയും ഭവനങ്ങളിലും, അടുപ്പുകളിലും മാവുകുഴയ്ക്കുന്ന പാത്രങ്ങളിലും തവളകള്‍ കയറിപ്പറ്റും.”

എന്നിട്ട് കര്‍ത്താവ് മോശയോടു വീണ്ടും കല്പിച്ചു.
“നാട്ടിലെ നദികളുടെയും തോടുകളുടെയും കുളങ്ങളുടെയുംമേല്‍, മോസ്സസ്, നിന്‍റെ ഇടയ ദണ്ഡെടുത്ത് നീട്ടിപ്പിടിക്കുക. അങ്ങനെ ഈജിപ്തു മുഴുവന്‍ തവളകളെക്കൊണ്ടു നിറയട്ടെ!”

മോശ ഈജിപ്തിലെ ജലാശയങ്ങളുടെമേല്‍ കൈനീട്ടി. നാടുമുഴുവന്‍ തവളകളെക്കൊണ്ട് നിറഞ്ഞു. ഫറവോയുടെ മന്ത്രവാദികളും അപ്പോള്‍ തവളകളെ വരുത്തി. എന്നാല്‍ അവര്‍ക്ക് അവയെ നിയന്ത്രിക്കാനായില്ല.

അപ്പോള്‍ ഫറവോ മോശയെ വിളിച്ചുവരുത്തി പറഞ്ഞു.
“എന്‍റെ ദേശത്തുനിന്നും തവളകളെ അകറ്റുന്നതിനു നിങ്ങളുടെ ദൈവത്തോടു പറയുക. അവയെ അകറ്റിക്കഴിയുമ്പോള്‍ ഞാന്‍ ജനത്തെ ദൈവത്തിനു ബലിയര്‍പ്പിക്കുന്നതിനു വിട്ടുതരാം.”

ഫറവോയില്‍നിന്നും ഈജിപ്തുകാരുടെ ഭവനങ്ങളി‍നിന്നും സേവകരില്‍നിന്നും ജനത്തില്‍നിന്നും ഈ വസന്ത അകറ്റുന്നതിന് ഇസ്രായേല്യരുടെ ദൈവത്തോടു പ്രാര്‍ത്ഥിക്കണമെന്ന ഫറവോയുടെ അഭ്യര്‍ത്ഥന മോശ സ്വീകരിച്ചു.
തുടര്‍ന്ന് മോശ കര്‍ത്താവിനോട് അപേക്ഷിച്ചു. അപ്പോള്‍ വീടുകളിലും അങ്കണങ്ങളിലും വയലുകളിലുമുണ്ടായിരുന്ന തവളകള്‍ ചത്തൊടുങ്ങി. അവയെ വലിയ കൂനകളായി അവര്‍ കൂട്ടിയിട്ടു. നാട്ടില്‍ ദുര്‍ഗന്ധം വ്യാപിച്ചു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് സ്വൈര്യം ലഭിച്ചപ്പോള്‍ കര്‍ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അയാള്‍ മോശയുടെ വാക്കു ശ്രവിച്ചില്ല.

ഇസ്രായേല്യരെ മോചിക്കാന്‍ ദൈവം ഈജിപ്തു ദേശത്തേയ്ക്ക് അയച്ച രണ്ട് അടയാളങ്ങളെക്കുറിച്ചാണ് നാം ചര്‍ച്ചചെയ്തത്. ദൈവം ഇവ്വിധം ഈജിപ്റ്റുകാരോടു കഠിനമായി പെരുമാറിയിട്ടും ഫറവോ മനസ്സുമാറ്റിയില്ല. അയാള്‍ ഇസ്രായേല്യരെ വിട്ടയക്കാന്‍ കൂട്ടാക്കിയില്ല. തന്‍റെ സദസ്സിലെ മന്ത്രവാദികളെ വിളിച്ചുകൂട്ടി ദൈവം അയച്ച കെടുതികളെ ചെറുത്തുനില്ക്കാനാണ് അയാള്‍ ശ്രമിച്ചത്. എന്നിട്ടും ദൈവം തന്‍റെ ജനത്തെ നയിക്കുന്നു.
RealAudioMP3







All the contents on this site are copyrighted ©.