2012-10-13 15:49:34

ക്രിസ്തുവാകുന്ന മഹാവൈദ്യന്‍ തരുന്ന സൗഖ്യം
9 സെപ്റ്റംമ്പര്‍, ലത്തീന്‍ റീത്ത്


RealAudioMP3
ാര്‍ക്കോസ് 7, 31-37

Window Laparascopy എന്ന ശസ്ത്രക്രിയയുടെ കണ്ടുപിടുത്ത അവകാശമുള്ള വൈദ്യശാസ്ത്ര ലോകത്തെ അപൂര്‍വ്വ വ്യക്തികളിലൊരാളാണ് ഇന്ത്യയുടെ ഡോ. വി. കെ. നിഗം. പ്രാര്‍ത്ഥനയും രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നല്കിയ ഒരഭിമുഖത്തില്‍ ഡോക്ടര്‍ സാക്ഷൃപ്പെടുത്തിയത് ഇങ്ങനെയാണ്:
“പ്രാര്‍ത്ഥന മനുഷ്യ ജീവിതത്തെ സഹായിക്കുന്നുവെന്നും സാന്ത്വനപ്പെടുത്തുന്നുവെന്നും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. Abnormal-ലാകുന്ന അല്ലെങ്കില്‍ താളംതെറ്റിയ ഹൃദയമിടിപ്പ് അമ്പതു ശതമാനം കുറയ്ക്കാന്‍ പ്രാര്‍ത്ഥനയ്ക്കു കഴിയും. ഹൃദയാഘാതത്തിന്‍റെ ഭീഷണിയും പ്രാര്‍ത്ഥന ഗണ്യമായി കുറയ്ക്കുന്നു. എന്നാല്‍ പ്രാര്‍ത്ഥന ഹൃദയത്തിന്‍റെ അത്യാഗാധത്തില്‍നിന്നും വരണം.”
എന്നിട്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, “എന്നെ വിശ്വസിക്കൂ.
ദൈവത്തിന്‍റെ കരങ്ങളാണ് ശസ്ത്രക്രിയ ചെയ്യുന്ന, മരുന്നു നല്കുന്ന ഡോക്ടറുടെ കരങ്ങളെ നയിക്കുന്നത്.”

ടയര്‍, സീദോന്‍ എന്നീ വിജാതീയ പ്രദേശത്ത് അല്പം സ്വൗകാര്യമായിരിക്കാന്‍വേണ്ടി ക്രിസ്തു പോയതാണ്. ഡെക്കാപ്പോളിസ് എന്നറിയപ്പെടുന്ന യവന നഗര പ്രദേശത്തുകൂടെ കടന്നുപോകുമ്പോള്‍ ജനങ്ങള്‍ അവിടുത്തെ ചുറ്റുംകൂടി. ഊമനും ബധിരനുമായ മനുഷ്യനെ അവര്‍ അവിടുത്തെ പക്കല്‍ കൊണ്ടുവന്നു. ക്രിസ്തു അവനെ സുഖപ്പെടുത്തുന്ന സുവിശേഷ സംഭവമാണ് ഇന്ന് നാം ചിന്താ വിഷയമാക്കുന്നത്.

ബധിരനായ മനുഷ്യന്‍റെ മേല്‍ കൈകള്‍വച്ച് അനുഗ്രഹിക്കണം, അവനെ സൗഖ്യപ്പെടുത്തണം എന്നായിരുന്നു നമ്മുടെ യാചന. മൂകനായവന്‍ തന്‍റെ രക്ഷകനെ മുഖാമുഖം കണ്ടു. ഐശ്വര്യം അല്ലെങ്കില്‍ ഈശ്വരന്‍റെ അംശം സര്‍വ്വാത്മനാ ഉള്ളവനായ ക്രിസ്തുവിന്‍റെ കൈകള്‍ അവന് സൗഖ്യം പകരുന്നു. ദൈവികശക്തി വിളിച്ചിറക്കി കൊണ്ടുവരുന്നത് കൈവയ്പു പ്രാര്‍ത്ഥനയിലൂടെയാണല്ലോ. ഹൃദയത്തിന്‍റെ അഗാധത്തില്‍ ദൈവമുണ്ടെങ്കില്‍ നമ്മുടെ കൈകളിലൂടെ കൃപാസ്പര്‍ശമായി ദൈവികശക്തി പ്രവഹിക്കും. തൊടുന്നതിലെല്ലാം അങ്ങനെ ദൈവാനുഗ്രഹം വര്‍ഷിക്കപ്പെടും.
ബധിരനും ഊമനുമായ രോഗിയെ കണ്ടപ്പോള്‍ ക്രിസ്തു ‘നെടുവീര്‍പ്പിട്ടു,’ എന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് അവിടുന്ന് നെടുവീര്‍പ്പിട്ടത്. ഇതു മനസ്സിലാക്കാന്‍ യേശു തൊട്ടുമുന്‍പു ചെയ്ത കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവിടുന്ന് ബധിരനായ മനുഷ്യനെ ജനക്കൂട്ടത്തില്‍നിന്നും മാറ്റിനിര്‍ത്തി അവന്‍റെ ചെവികളില്‍ വിരലിട്ടു. തുപ്പല്‍കൊണ്ട് അവന്‍റെ നാവില്‍ സ്പര്‍ശിച്ചു.
കൗദാശികമാണ് ക്രിസ്തുവിന്‍റെ ഈ കര്‍മ്മങ്ങള്‍. അതായത് ചെവികളെ വിരല്‍കൊണ്ടു സ്പര്‍ശിച്ചത്, ചെവി തുറക്കുന്നതിന്‍റെ പ്രതീകമാണ്.
നാവില്‍ തുപ്പല്‍ പുരട്ടിയത് പുരാതന സൗഖ്യദാനത്തിന്‍റെ ലേപനമാണ്. അടയാളം കൂദാശയാണ്. ദൈവസ്നേഹത്തിന്‍റെ അടയാളങ്ങളാണ് ക്രിസ്തു പ്രകടമാക്കിയത്. കണ്ണുണ്ടായിട്ടും കാണാതിരിക്കുന്നവരെയും, ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുന്നവരെയും, നാവുണ്ടായിട്ടും നല്ലത് പറയാതിരിക്കുന്നവരെയും ഒക്കെ ഓര്‍ത്തിട്ടായിരിക്കണം ക്രിസ്തുവിന്‍റെ ഈ തീവ്രമായ ‘നെടുവീര്‍പ്പിന്‍റെ’ വികാരപ്രകടനം.

ബധിരനും സംസാരശേഷി ഇല്ലാത്തവനെയും യേശുവിന്‍റെ പക്കല്‍ കൊണ്ടുവന്നത് ജനങ്ങളാണ്. അവര്‍തന്നെ ഒരുവിധത്തില്‍ ബധിരരും മൂകരുമാണ്. അതിന്‍റെയും വിസ്മയ പ്രകടനമായിരുന്നിരിക്കണം ക്രിസ്തുവിന്‍റെ നെടുവീര്‍പ്പ്. ‘എഫ്ഫാത്താ, തുറക്കപ്പെടട്ടെ!’ എന്നാണ് ബധിരന്‍റെ ചെവികളെ സ്പര്‍ശിച്ചശേഷം അവിടുന്ന് പറഞ്ഞത്. Ephata എന്ന അറമായ ഭാഷയിലെ പദപ്രയോഗം ക്രിസ്തുവിന്‍റെ ദേശ്യഭാഷാ പ്രയോഗവും അധരങ്ങളില്‍ സൗഖ്യദാനത്തിനായി ഉയര്‍ത്തിയ മൊഴിയുമാണ്. ക്രിസ്തു ഉപയോഗിച്ച ഇത്തരം വളരെ ചുരുക്കം വാക്കുകളേ സുവിശേഷകന്മാര്‍ അതേപടി രേഖപ്പെടിത്തിയിട്ടുള്ളൂ. ‘അബ്ബാ,’ ‘എഫ്ഫാത്താ’, ‘തലീത്താകൂമി’, ‘ഏലോയ് ഏലോയ് ലാമാ സബക്ത്താനി’ തുടങ്ങിയവ സുവിശേഷ സംഭവങ്ങളുടെ ഭാഗമാണ്.

എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നാം വായിക്കുന്നു. 24, 27.
“അന്നു നീ വാതുറന്ന് സംസാരിക്കും. അപ്പോള്‍ മുതല്‍ നീ ഊമനായിരിക്കുകയില്ല. അങ്ങനെ നീ അവര്‍ക്ക് അടയാളമായിരിക്കും. ഞാനാണു കര്‍ത്താവെന്ന് അങ്ങനെ അവര്‍ അറിയും.”

ജീവിതത്തില്‍ ദൈവം നമുക്ക് ചെയ്ത കാര്യങ്ങളെക്കുറിച്ച് നാം ഊമരായിരിക്കരുത് എന്നാണ് ഇതിന്‍റെ സൂചന. ലോകത്തിന്‍റെ നന്മയോടുള്ള ബധിരതയും മൂകതയും തുറക്കപ്പെടട്ടെ, എന്നതാണ് ക്രിസ്തുവിന്‍റെ –‘എഫ്ഫാത്താ’ പ്രഘോഷണവും, ആജ്ഞാപനവും. സംഭവിച്ച സൗഖ്യദാനത്തിന്‍റെ കഥ ആരോടും പറയരുതെന്ന് താക്കീതു നല്കിയിട്ടും, തനിക്കു സംസാരശേഷിയും കേള്‍വി ശക്തിയും ക്രിസ്തുവില്‍നിന്നും ലഭിച്ചു, എന്ന സദ്വാര്‍ത്ത ആ മനുഷ്യന്‍ ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങി. സുവിശേഷത്തിലെ ബധിരനെപ്പോലെ നമുക്കും ദൈവസ്നേഹത്തിന്‍റെയും ദൈവികനന്മകളുടെയും സദ്വാര്‍ത്ത സംവേദനം ചെയ്യുന്നവരാകാം, ദൈവസ്നേഹം പ്രഘോഷിക്കുന്നവരാകാം.

വിശ്വാസദാനം ദൈവത്തില്‍നിന്നും സ്വീകരിച്ചിട്ടുള്ളവര്‍ അതിന്‍റെ സാക്ഷികളുമാണെന്നാണ് ക്യാമറൂണില്‍ സെപ്തംമ്പര്‍ 4-മുതല്‍ 9-വരെ തിയതികളില്‍ സമ്മേളിച്ച ആഫ്രക്കിയിലെ അല്മായ പ്രതിനിധികളെ സന്ദേശത്തിലൂടെ ബനഡിക്ട് 16-ാമന്‍ പാപ്പ ഉദ്ബോധിപ്പിച്ചത്.
ആഫ്രിക്ക ഭൂഖണ്ഡത്തില്‍ ആദ്യമായിട്ടാണ് ഇപ്രകാരം അല്‍മായര്‍ സംഗമിച്ചത്. ദൈവം നല്കിയിട്ടുള്ള വിശ്വാസദാനം സ്വീകരിച്ചിട്ടുള്ളവര്‍ അതു പരിപോഷിപ്പിച്ച് വിശ്വാസത്തിന്‍റെ പ്രഘോഷകരും, പിന്നെ സാക്ഷികളും ആയിത്തീരുമെന്നത് കാലാനുക്രമവും സയുക്തവുമായ വസ്തുതയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. വിശ്വാസം സ്വീകരിച്ചിട്ടുള്ളവര്‍ ‘പുണ്യത്തിന്‍റെ നിലയ്ക്കാത്ത വലയം’പോലെ (virtuous circle) അനുദിനം അവര്‍ അത് ജീവിക്കുകയും പ്രഘോഷിക്കുകയും, സാക്ഷൃപ്പെടുത്തുകയും ചെയ്യും. അവര്‍ തുടര്‍ന്ന് ക്രിസ്തുവിന്‍റെയും അവിടുത്തെ സുവിശേഷത്തിന്‍റെയും പ്രായോക്താക്കളും പ്രഘോഷകരുമായിത്തീരും എന്നത് സ്വാഭാവികമാണ്. കൂടാതെ വിശ്വാസം പങ്കുവയ്ക്കുമ്പോഴാണ് അത് വ്യക്തികളില്‍ ശക്തിപ്പെടുന്നത് എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

രോഗവും വാര്‍ദ്ധക്യവും മരണവുമെല്ലാം ഈ ജീവിതത്തിന്‍റെ ഭാഗമാണ്. ജീവിത യാത്രയില്‍ എല്ലാ വഞ്ചികളും ഒടുവില്‍ ചെന്നു ചേരേണ്ട അഴിമുഖങ്ങളെ നമുക്ക് മറച്ചു വയ്ക്കാനാവില്ല. സൗകര്യാര്‍ത്ഥം അവയെ മറന്നു കളയാനുമാവില്ല. വല്ലപ്പോഴുമെങ്കിലും ഒരാതുരാലയത്തിന്‍റെ ഇടനാഴികളിലേയ്ക്ക് നാം കടന്നു ചെല്ലണം. ഭ്രമിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യന്‍റെ മനോഹരമായ ഉടല്‍ ചില സ്രവങ്ങള്‍ക്കു മീതെ - രക്തം, കഥം, രേതസ്സ് എന്നിവ വീണു ജീര്‍ണ്ണിച്ച കുപ്പായംപോലെ മലീമസമാക്കപ്പെടും.

രോഗീപരിചരണമെന്ന കൂദാശയിലെ കാര്‍മ്മികര്‍ക്കൊക്കെ ദിശാബോധം തരുന്ന സമീപനങ്ങള്‍ ക്രിസ്തുവാകുന്ന മഹാവൈദ്യനില്‍നിന്ന് ദക്ഷിണവച്ച് അഭ്യസിക്കേണ്ടതാണ്. ഏതൊരു ഔഷധവും ഫലവത്താവുന്നത് പ്രത്യാശയുടെ മെഴുതിരി വെട്ടത്തിലിരുന്ന് അത് സേവിക്കുമ്പോഴാണ്.
തന്‍റെ അടുക്കല്‍ വരുന്നവരുടെ ഇച്ഛയെ ബലപ്പെടുത്തിയും പ്രത്യാശയ്ക്ക് തെളിമ നല്‍കിയും ക്രിസ്തു അവരെ ആരോഗ്യത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്നു. ഇന്നത്തെ സുവിശേഷം അതാണ് തെളിയിക്കുന്നത്. ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവനുമായ ഒരുവന്‍റെ ചെവികളെ ക്രിസ്തു സ്പര്‍ശിച്ചു. അവന്‍റെ നാവിനെ തൊട്ടു. സ്വര്‍ഗ്ഗത്തിലേയ്ക്ക് കണ്ണുകളുയര്‍ത്തി അവിടുന്നു പറഞ്ഞു. ‘എഫാത്താ,’ തുറക്കപ്പെടട്ടെ! ഉടനെ അവന്‍റെ ചെവികള്‍ തുറന്നു.
ഊമനായിരുന്നവന്‍റെ നാവിന്‍റെ കുരുക്കഴിഞ്ഞ് അവന്‍ സ്ഫുടമായി സംസാരിച്ചു തുടങ്ങി, എന്ന് മാര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടത്തിയിരിക്കുന്നു.

സൗഖ്യദാനത്തിനു ശേഷം രോഗിയെ എപ്പോഴും പുനരധിവസിപ്പിക്കാനും ക്രിസ്തു ശ്രമിക്കുന്നുണ്ട്. ദൈവാലയത്തില്‍ പോയി സ്വയം സാക്ഷൃപ്പെടുത്താനും, പുരോഹിതന്മാരോടു പോയി പറയാനുമൊക്കെ അവിടുന്ന് ആവശ്യപ്പെടുന്നത് അതിന്‍റെ ഭാഗമാണ്. രോഗം നമ്മളെ കുറെയധികം സാമൂഹ്യബന്ധങ്ങളില്‍നിന്ന് അറിഞ്ഞും അറിയാതെയും അകറ്റി നിര്‍ത്തുന്നുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു.
ഒരാള്‍ക്ക് നഷ്ടമായതെല്ലാം തിരികെ കൊടുക്കുവാനും രമ്യപ്പെടുത്താനും സൗഖ്യപ്പെടുത്താനും കഴിവുള്ളവനാണ് ക്രിസ്തു.
ഒപ്പം ഓരോ ശമനത്തിനുശേഷവും കുറെക്കൂടി ആരോഗ്യകരമായ പരിസരം അവര്‍ക്കു ചുറ്റും രൂപപ്പെടുത്തണമെന്നും ക്രിസ്തു നിഷ്ക്കര്‍ഷിക്കുന്നുണ്ട്.

ആര്‍ക്കും വേലചെയ്യാനാവാത്ത രാത്രികാലങ്ങളും, അപരര്‍ നിങ്ങള്‍ക്കായ് അരമുറുക്കുന്ന ആതുരാലയ ദിനങ്ങളുമൊക്കെ നമ്മുടെ ചിന്തയ്ക്ക് വിധേയമാകുന്നില്ല. എങ്ങനെ പ്രസാദം നിറഞ്ഞൊരു വാര്‍ദ്ധക്യത്തിലേയ്ക്ക് പ്രവേശിക്കണമെന്നും എങ്ങനെ സ്വച്ഛമായി മരിക്കണെന്നും നമ്മള്‍ ധ്യാനിക്കുന്നില്ല. ഒരില അടരുന്നതുപോലെയായിരിക്കും എന്‍റെ ജീവിതം കടന്നുപോകുന്നത്. ജീവിതത്തില്‍ ഏതു കുരിശിലും നിലനില്ക്കുന്ന ചൈതന്യമേ, എന്നില്‍ നിലനില്ക്കുന്ന അംശത്തെ സ്വീകിരിക്കണമേ, എന്ന പ്രാര്‍ത്ഥനയോടെ ഞാനും മിഴിപൂട്ടട്ടെ! ഭാരതസങ്കല്‍പ്പത്തിലെ മരണദേവന്‍, യമന്‍ സൂര്യപുത്രനാണ്.
മരണ കവാടത്തിനുമപ്പുറം വെളിച്ചമുണ്ട് എന്ന സത്യം മറക്കരുത്.
ക്രിസതു സൗഖ്യദായകനാണ്. അവിടുന്നാണ് വഴിയും സത്യവും, ജീവനും പുനരുത്ഥാനവുമാണ്. ജീവിതവഴികളില്‍ ക്രിസ്തുവിനെ മുഖാമുഖം ദര്‍ശിച്ച് അവിടുത്തെ സൗഖ്യം സ്വീകരിക്കാന്‍ നമുക്കും സാധിക്കട്ടെ.









All the contents on this site are copyrighted ©.