2012-10-12 17:27:02

വിശ്വാസവര്‍ഷാചരണം കേരളത്തില്‍


12 ഒക്ടോബര്‍ 2012, കൊച്ചി
വിശ്വാസവര്‍ഷാചരണത്തിന്‍റെ പ്രാദേശികതല ഉദ്ഘാടനം കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി.യില്‍ നടന്നു. കേരളത്തില്‍ വിശ്വാസവര്‍ഷാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത സീറോമലബാര്‍ സഭയുടെ കൂരിയാ മെത്രാന്‍ ബിഷപ്പ് മാര്‍ ബോസ്ക്കോ പുത്തൂര്‍, ദൈവവിശ്വാസം പരസ്നേഹ പ്രവര്‍ത്തികളിലൂടെ കര്‍മ്മനിരതമാകണമെന്ന് പ്രസ്താവിച്ചു. പി.ഒ.സിയില്‍ നടന്ന പൊതുസമ്മേളനത്തോടെയാണ് വിശ്വാസവര്‍ഷാചരണ പരിപാടികള്‍ക്ക് ഔപചാരികമായി തുടക്കം കുറിച്ചത്. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ.സ്റ്റീഫന്‍ ആലത്തറ അധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ വത്തിക്കാന്‍ റേഡിയോയുടെ ദക്ഷിണേഷ്യന്‍ വിഭാഗത്തിന്‍റെ മേധാവി ഫാ.ജെറോം സെക്സ്റ്റസ് വിശ്വാസവര്‍ഷാചരണ സന്ദേശം നല്‍കി.
കേരളത്തിലെ 30 രൂപതകളുടേയും 373 സന്ന്യാസ സഭകളുടേയും ആറായിരത്തോളം വരുന്ന ഇടവകകളുടേയും ആഭിമുഖ്യത്തില്‍ ആവിഷ്ക്കരിക്കുന്ന വിവിധ പരിപാടികളോടെയാണ് കേരള സഭ വിശ്വാസവര്‍ഷാചരണം ആസൂത്രണം ചെയ്തിരിക്കുന്നത്. 2012 ഒക്ടോബര്‍ 11ന് സാര്‍വ്വത്രിക സഭ തുടക്കം കുറിച്ച വിശ്വാസവര്‍ഷാചരണം 2013 നവംബര്‍ 24 വരെ നീണ്ടു നില്‍ക്കും.








All the contents on this site are copyrighted ©.