2012-10-12 17:12:32

നവസുവിശേഷവല്‍ക്കരണത്തില്‍ യേശുവിന്‍റെ അധ്യാപന രീതി പിന്തുടരണമെന്ന് ആര്‍ച്ചുബിഷപ്പ് ചിന്നപ്പ


12 ഒക്ടോബര്‍ 2012, വത്തിക്കാന്‍
നവസുവിശേഷവല്‍ക്കരണത്തില്‍ യേശുവിന്‍റെ അധ്യാപന രീതി പിന്തുടരണമെന്ന് മദ്രാസ് മൈലാപ്പൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മലയപ്പ ചിന്നപ്പ. നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ച് വത്തിക്കാനില്‍ നടക്കുന്ന സിനഡു സമ്മേളനത്തില്‍ പ്രബന്ധാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ക്രിസ്തു തന്‍റെ പ്രബോധനങ്ങള്‍ ആരിലും അടിച്ചല്‍പ്പിച്ചില്ല. സമരിയാക്കാരി സ്ത്രീയ്ക്ക് ക്രിസ്തു നടത്തിയ സംഭാഷണം ക്രിസ്തുവിന്‍റെ പ്രബോധന രീതി വെളിപ്പെടുത്തുന്നതാണ്. അവിടുത്തെ സംഭാഷണ ക്രിസ്തു ആരാണെന്ന തിരിച്ചറിവിലേക്ക് ക്രമേണ അവളെ നയിച്ചു. കേസറിയാ ഫിലിപ്പിയില്‍ വച്ച് ക്രിസ്തു തന്‍റെ ശിഷ്യന്‍മാരുമായി നടത്തിയ സംഭാഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് വി.പത്രോസ് അപ്പസ്തോലന്‍ ‘നീ മിശിഹായാണെന്ന്’ വിശ്വാസപ്രഖ്യാപനം നടത്തിയത്. താന്‍ ആരാണെന്ന് തിരിച്ചറിയാന്‍ അവിടുന്ന് അവര്‍ക്കു കൃപനല്‍കി. അതുപോലെ, ക്രിസ്തു ആരാണെന്ന് തിരിച്ചറിയാന്‍ മറ്റുള്ളവരെ സഹായിക്കുകയാണ് നമ്മുടെ കര്‍ത്തവ്യമെന്ന് ആര്‍ച്ചുബിഷപ്പ് വിശദീകരിച്ചു. ഭാരതീയ ദര്‍ശനപ്രകാരം മനുഷ്യനെ ഈശ്വരസാക്ഷാത്ക്കാരത്തിന് പ്രാപ്തനാക്കുന്ന മാര്‍ഗ്ഗങ്ങളാണ് ജ്ഞാനമാര്‍ഗ്ഗം, ഭക്തിമാര്‍ഗ്ഗം, കര്‍മ്മ മാര്‍ഗ്ഗം എന്നിവയെന്നും അദ്ദേഹം തദവസരത്തില്‍ അനുസ്മരിച്ചു.
സാമ്പത്തിക അസമത്വവും ഉച്ചനീചത്വ ബോധവും രൂക്ഷമായ ഇന്നത്തെ ലോകത്ത്
ദരിദ്രരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും ഉന്നമനത്തിന് നവസുവിശേഷവല്‍ക്കരണത്തിന്‍റെ കര്‍മ്മപദ്ധതികളില്‍ മുഖ്യസ്ഥാനം നല്‍കണമെന്നും ആര്‍ച്ചുബിഷപ്പ് മലയപ്പ ചിന്നപ്പ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.