2012-10-10 14:49:15

ഏഷ്യയുടെ പ്രതീക്ഷകളും വെല്ലുവിളികളും : കര്‍ദിനാള്‍ ഗ്രേഷ്യസ്


09 ഒക്ടോബര്‍ 2012, വത്തിക്കാന്‍
‘നവസുവിശേഷവല്‍ക്കരണം ക്രൈസ്തവ വിശ്വാസ കൈമാറ്റത്തിന്’ എന്ന പ്രമേയം കേന്ദ്രീകരിച്ചു നടക്കുന്ന സിനഡു സമ്മേളനം വത്തിക്കാനില്‍ നടക്കുകയാണ്. മെത്രാന്‍മാരുടെ സിനഡിന്‍റെ പതിമൂന്നാം സാധാരണ പൊതുസമ്മേളനത്തിന്‍റെ മൂന്നും നാലും പൊതുയോഗങ്ങള്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ ഒക്ടോബര്‍ 9ാം തിയതി ചൊവ്വാഴ്ച നടന്നു.
ഒക്ടോബര്‍ 8ാം തിയതി തിങ്കളാഴ്ച വൈകീട്ട് മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ നടന്ന രണ്ടാമത്തെ പൊതുയോഗത്തില്‍ ഓരോ ഭൂഖണ്ഡത്തെയും പ്രതിനിധീകരിച്ച്
യൂറോപ്പിലെ മെത്രാന്‍മാരുടെ സംയുക്തസമിതിയുടെ പ്രസിഡന്‍റ് കര്‍ദിനാള്‍ പീറ്റര്‍ എര്‍ദോ(ഹംഗറി),
ആഫ്രിക്കയിലേയും മഡഗാസ്ക്കറിലേയും മെത്രാന്‍സംഘങ്ങളുടെ സംയുക്തസമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ പോളിക്കാര്‍പ്പ് പെന്‍ഗോ(ടാന്‍സാനിയ),
ലാറ്റിനമേരിക്കയിലെ കത്തോലിക്കാമെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് കാര്‍ലോസ് അഗ്വിയാര്‍ റെത്തെസ് (മെക്സിക്കോ)
ഏഷ്യയിലെ മെത്രാന്‍സംഘങ്ങളുടെ സംയുക്തസമിതി എഫ്.എ.ബി.സിയുടെ ജനറല്‍ സെക്രട്ടറി കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് (ഇന്ത്യ)
ഓഷ്യാനായിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്തസമിതിയുടെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ഡ്യൂ (ന്യൂസിലന്‍റ്) എന്നിവര്‍ പ്രബന്ധാവതരണം നടത്തി.

നവസുവിശേഷവല്‍ക്കരണത്തെയും വിശ്വാസവര്‍ഷത്തെയും സംബന്ധിച്ച് ഏഷ്യയുടെ പ്രതീക്ഷകളും വെല്ലുവിളികളും കര്‍ദിനാള്‍ ഗ്രേഷ്യസ്‍ സിനഡു സമ്മേളനത്തില്‍ പങ്കുവച്ചു. ലോക ജനസംഖ്യയുടെ 60% ജനങ്ങള്‍ നിവസിക്കുന്ന ഏഷ്യ, വിഭിന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക, മതസമൂഹങ്ങളുടെ സംഗമ ഭൂമിയാണ്. ഏഷ്യയിലെ പ്രാദേശിക സഭാ സമൂഹങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകളാണ് സാംസ്ക്കാരികവും മതപരവുമായ സംവാദവും ഉപവിപ്രവര്‍ത്തനങ്ങളും. പ്രസ്തുത കര്‍മ്മരംഗത്തോടു ബന്ധപ്പെടുത്തിയാണ് സുവിശേഷ സന്ദേശത്തിന്‍റെ പൊരുള്‍ തിരിച്ചറിയാന്‍ സഭ പരിശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ദ്ധിച്ചുവരുന്ന മതനിരപേക്ഷതയും ഉപഭോഗസംസ്ക്കാരവും, ശിഥിമായിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങള്‍, വംശീയ സംഘര്‍ഷങ്ങള്‍, ന്യൂനപക്ഷ പീഢനം, ഭ്രൂണഹത്യ, പെണ്‍ശിശുഹത്യ എന്നിങ്ങനെ ജീവനു ഭീഷണി ഉയര്‍ത്തുന്ന പ്രവണതകള്‍, സങ്കുചിത ചിന്തധാരകള്‍, വര്‍ഗീയവാദം എന്നിവ ഏഷ്യയിലെ സഭ നേരിടുന്ന മുഖ്യവെല്ലുവിളികളാണ്. നവീന അജപാലന മാര്‍ഗ്ഗങ്ങള്‍, അല്‍മായ ശാക്തീകരണം, കുടുംബപ്രേഷിതത്വം, ജീവന്‍റെ സുവിശേഷ പ്രഘോഷണം തുടങ്ങിയ കര്‍മ്മപദ്ധതികളിലൂടെ ഈ വെല്ലുവിളികളോട് പ്രതികരിക്കാന്‍ സഭ നിരന്തരം പരിശ്രമിക്കുന്നുണ്ട്. സമാഗതമാകുന്ന വിശ്വാസവര്‍ഷാചരണവും നൂതന അജപാലന പദ്ധതികളും വിശ്വാസ നവീകരണത്തിനും സാംസ്ക്കാരിക നവോത്ഥാത്ഥാനത്തിനും നിര്‍ണ്ണായ പങ്കുവഹിക്കുമെന്നും കര്‍ദിനാള്‍ ഗ്രേഷ്യസ് പ്രത്യാശ പ്രകടിപ്പിച്ചു.
ഏഷ്യന്‍ ജനതയുടെ മതാത്മക ജീവിതത്തിന്‍റെ രണ്ടു പ്രത്യേകതകളും കര്‍ദിനാള്‍ തദവസരത്തില്‍ അനുസ്മരിച്ചു: ഗുരുശിഷ്യ ബന്ധത്തിലധിഷ്ഠിതമായ വിശ്വാസജീവിതവും, ധ്യാനാത്മക പ്രാര്‍ത്ഥനയും.
ക്രിസ്തുവിനോടുള്ള ആത്മബന്ധത്തില്‍ നിന്നാരംഭിക്കുന്ന വിശ്വാസജീവിതമാണ് ക്രമേണ വിശ്വാസ സംഹിതകളോടുള്ള വിശ്വസ്തതയിലേക്ക് ആനയിക്കുന്നത്. വ്യക്തിപരമായ ക്രിസ്ത്വാനുഭവത്തില്‍ നിന്നു പ്രചോദമുള്‍ക്കൊണ്ടാണ് ആദിമ ക്രൈസ്തവര്‍ സുവിശേഷപ്രഘോഷണത്തിനായി ഇറങ്ങിത്തിരിച്ചെതെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. പരമ്പരാഗത കത്തോലിക്കാ തിരുക്കര്‍മ്മങ്ങള്‍ക്കൊപ്പം ധ്യാനാത്മക പ്രാര്‍ത്ഥനാശൈലിക്കും പ്രാധാന്യം നല്‍കുന്നത് ഏഷ്യന്‍ ജനതയ്ക്ക് ഏറെ സ്വീകാര്യമായിരിക്കുമെന്നും കര്‍ദിനാള്‍ പ്രസ്താവിച്ചു.










All the contents on this site are copyrighted ©.