2012-10-10 20:24:07

അറബിയിലെത്തുന്ന സഭാ വാത്സല്യം
പാപ്പയുടെ പ്രഭാഷണം അറബിയില്‍


10 ഒക്‍ടോബര്‍ 2012, വത്തിക്കാന്‍
പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണ സന്ദേശം അറബി ഭാഷയില്‍ അദ്യമായി പ്രഘോഷിക്കപ്പെട്ടു. ഒക്‍ടോബര്‍ 10-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍വച്ച് ബനഡിക്ട് 16-ാമന്‍ പാപ്പ നല്കിയ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ പ്രസക്ത ഭാഗമാണ് അറബി ഭാഷയില്‍ ഇഥംപ്രദമമായി ഉപോയോഗിച്ചത്.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ സേവനമനുഷ്ഠിക്കുന്ന സിറിയ സ്വദേശിയായ ഫാദര്‍ പോള്‍ യമ്മീനാണ് പൊതുകൂടിക്കാഴ്ചാ പ്രഭാഷണ സന്ദേശത്തിന്‍റെ ഹ്രസ്വരൂപം പാപ്പയുടെ സാന്നിദ്ധ്യത്തില്‍ വായിച്ചത്. പ്രതിസന്ധികളുടെ മദ്ധ്യത്തിലും മദ്ധ്യപൂര്‍വ്വ ദേശത്തേയ്ക്കു ബനഡിക്ട് 16-ാമന്‍ പാപ്പ നടത്തിയ അപ്പോസ്തോലിക സന്ദര്‍ശനത്തിന്‍റെ മങ്ങാത്ത സ്മരണയിലും, ക്രിസ്തുവിന്‍റെ ജന്മദേശം ഉള്‍പ്പെടുന്ന അറബി നാടുകളോടും അവിടത്തെ ഹെബ്രായ-മുസ്ലിം-ക്രൈസ്തവ സമൂഹങ്ങളോടും സഭയ്ക്കുള്ള പ്രത്യേക വാത്സല്യത്തിന്‍റെയും പ്രതീകമായിട്ടാണ് എല്ലാ ബുധനാഴ്ചകളിലും വത്തിക്കാനില്‍ നടക്കുന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണ വേദയില്‍ അറബി ഉള്‍ക്കൊള്ളിക്കുന്നതെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാ പരിപാടികളില്‍ പാപ്പായുടെ മുഖ്യപ്രാഭാഷണത്തെ തുടര്‍ന്ന് ഇംഗ്ലിഷ്, ഫ്രഞ്ച്, ജെര്‍മ്മന്‍, സ്പാനിഷ്, പോളിഷ്, ചെക്ക്, സ്ലോവാക്ക്, റഷ്യന്‍, ഇറ്റാലിന്‍ എന്നീ ഭാഷകളില്‍ പതിവായി നല്കിയിരുന്ന സന്ദേശത്തിന്‍റെ ഉദ്ഗ്രഥനമാണ് ചരിത്രത്തില്‍ ആദ്യമായി അറബി ഭാഷയിലും വായിച്ചത്.








All the contents on this site are copyrighted ©.