2012-10-08 16:09:09

വിശ്വാസവത്സരത്തില്‍ ജപമാലരാജ്ഞിയുടെ മാദ്ധ്യസ്ഥം


(ഒക്ടോബര്‍ 7ാം തിയതി ഞായറാഴ്ച മെത്രാന്‍മാരുടെ സിനഡിന്‍റെ പതിമൂന്നാം പൊതുസമ്മേളനത്തിന്‍റെ പ്രാരംഭ ദിവ്യബലിയുടെ സമാപനത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ ത്രികാലജപ സന്ദേശം)

പ്രിയ സഹോദരീസഹോദരരേ,

ജപമാല രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുന്നാള്‍ ദിനത്തില്‍ ദൈവജനനിയുടെ പ്രാര്‍ത്ഥനാ സഹായം നമുക്കപേക്ഷിക്കാം. പോംപൈയിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്‍റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന, ലോകമെമ്പാടും നിന്നുള്ള അനേകര്‍ പങ്കെടുക്കുന്ന, പരമ്പരാഗതമായ ‘മാധ്യസ്ഥപ്രാര്‍ത്ഥന’യില്‍ നമുക്ക് ആത്മീയമായി പങ്കുചേരാം.
സമാഗതമാകുന്ന വിശ്വാസവര്‍ഷത്തില്‍ പരിശുദ്ധ കന്യകാമറിയത്തോടുള്ള ഈ വണക്കം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ജപമാലയിലൂടെ വിശ്വാസത്തിന്‍റെ മാതൃകയായ പരിശുദ്ധ മറിയം നമ്മെ വഴിനടത്തുന്നു. ക്രിസ്തു രഹസ്യങ്ങള്‍ അനുദിനം ധ്യാനിക്കുന്നതിലൂടെ നാം സുവിശേഷം കൂടുതലായി ഉള്‍ക്കൊള്ളുകയും നമ്മുടെ ജീവിതത്തിനതു രൂപം നല്‍കുകയും ചെയ്യുന്നു. എന്‍റെ മുന്‍ഗാമികളുടെ സ്മരണയില്‍, പ്രത്യേകിച്ച്, പത്തുവര്‍ഷം മുന്‍പ് ജപമാല രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച് (Rosarium Virginis Mariae) അപ്പസ്തോലിക പ്രബോധനം രചിച്ച വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സ്മരണയില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ നിങ്ങളേവരേയും ഞാന്‍ ക്ഷണിക്കുന്നു. വ്യക്തിഗതമായും കുടുംബത്തോടൊപ്പവും സമൂഹമായും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ട്, നമ്മുടെ വിശ്വാസത്തിന്‍റെ കേന്ദ്രമായ ക്രിസ്തുവിലേക്ക് നമ്മെ നയിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ മാതൃക നമുക്കു സ്വീകരിക്കാം








All the contents on this site are copyrighted ©.