2012-10-05 15:46:25

സിനഡു സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍


05 ഒക്ടോബര്‍ 2012, വത്തിക്കാന്‍
മെത്രാന്‍മാരുടെ സിനഡിന്‍റെ പതിമൂന്നാം സാധാരണ പൊതുസമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 5ാം തിയതി വെള്ളിയാഴ്ച വത്തിക്കാനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പരിശുദ്ധ സിംഹാസനം പ്രസിദ്ധീകരിച്ചു. ‘നവസുവിശേഷവല്‍ക്കരണം – ക്രൈസ്തവ വിശ്വാസ കൈമാറ്റത്തിന്’ എന്നതാണ് സിനഡു സമ്മേളനത്തിന്‍റെ പ്രമേയം . ഒക്ടോബര്‍ 7ാം തിയതി ഞായറാഴ്ച മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സാഘോഷ ദിവ്യബലിയോടെ ആരംഭിക്കുന്ന സിനഡ് സമ്മേളനം ഒക്ടോബര്‍ 28ാം തിയതി ഞായറാഴ്ച വരെ നീണ്ടു നില്‍ക്കും. ഒക്ടോബര്‍ 11ാം തിയതി വ്യാഴാഴ്ച വിശ്വാസവര്‍ഷത്തിന്റെ ഉദ്ഘാടന ദിവ്യബലിയും അതോടൊപ്പം രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ സുവര്‍ണ്ണജൂബിലിയും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പ്രസിദ്ധീകരിച്ചതിന്‍റെ 20ാം വാര്‍ഷികാഘോഷവും, ഒക്ടോബര്‍ 21ന് മാര്‍പാപ്പ നവവിശുദ്ധരുടെ പ്രഖ്യാപനം നടത്തുന്ന സാഘോഷ ദിവ്യബലി, എന്നിവ സിനഡു സമ്മേളനത്തിനിടയില്‍ നടക്കുന്ന പ്രധാന കര്‍മ്മങ്ങളാണ്.

ഉത്ഥിതനായ ക്രിസ്തു നല്‍കിയ പ്രേഷിത ദൗത്യമായിരിക്കും സിനഡു സമ്മേളനത്തിന്‍റെ മുഖമുദ്രയെന്ന് മെത്രാന്‍മാരുടെ സിനഡിന്‍റെ ജനറല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് നിക്കോളാ എതെറോവിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. ആത്മീയവും അജപാലനപരവും ദൈവശാസ്ത്രപരവും സാങ്കേതികവുമായ ഏറെ മുന്നൊരുക്കങ്ങള്‍ക്കു ശേഷമാണ് സിനഡു സമ്മേളനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും നിന്നുള്ള 262 സഭാമേലധ്യക്ഷന്‍മാരാണ് സിനഡ് അംഗങ്ങള്‍. സുവിശേഷവല്‍ക്കരണ ദൗത്യത്തില്‍ സജീവമായി പങ്കെടുക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ നിന്നു തിരഞ്ഞെടുത്ത 45 വിദഗ്ദരും (Esperti) 49 പ്രത്യേക ശ്രോതാക്കളും (Uditori)സിനഡു സമ്മേളനത്തില്‍ പങ്കെടുക്കും. കൂടാതെ, കത്തോലിക്കാ സഭയുമായി സമ്പൂര്‍ണ്ണ ഐക്യമില്ലാത്ത ഇതര ക്രൈസ്തവ സഭകളുടെ 15 പ്രതിനിധികളും 3 പ്രത്യേക ക്ഷണിതാക്കളും സമ്മേളനത്തില്‍ സന്നിഹിതരായിരിക്കുമെന്നും ആര്‍ച്ചുബിഷപ്പ് എതെറോവിച്ച് അറിയിച്ചു.








All the contents on this site are copyrighted ©.