2012-10-04 17:16:35

സഭയുടെ ചരിത്ര നിയോഗങ്ങള്‍
പാപ്പ ലൊരേറ്റോ നാഥയ്ക്കു സമര്‍പ്പിച്ചു


4 ഒക്‍ടോബര്‍ 2012, ഇറ്റലി
ചരിത്ര നിയോഗങ്ങളുമായി പാപ്പ ഇറ്റലിയിലെ ലൊരേത്തോ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചു. സഭയില്‍ മാറ്റങ്ങള്‍ക്ക് വാതില്‍ തുറന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ആരംഭത്തില്‍ 1962, ഒക്ടോബര്‍ 4-ന് ജോണ്‍ 23-ാമന്‍ പാപ്പാ ലൊരേറ്റോയിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തിന്‍റെ
50-ാം വാര്‍ഷികത്തില്‍, ഒക്ടോബര്‍ 4-ാം തിയതി രാവിലെയാണ് ബനഡിക്ട‍്‍ 16-ാമന്‍ പാപ്പ ലൊരെറ്റോയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി ദിവ്യബലിയര്‍പ്പിച്ചത്.

* രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 50-ാം വാര്‍ഷികം,
* ഒക്ടോബര്‍ 7-ന് തുടക്കംകുറിക്കുന്ന നവസുവിശേഷവത്ക്കരണ പദ്ധതി പഠനവിഷയമാക്കിയിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ
13-ാമത് സമ്മേളനം,
* ഒക്ടോബര്‍ 11-ന് ആരിഭിക്കുന്ന വിശ്വാസവത്സരം,
* കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിന്‍റെ 20-ാം വാര്‍ഷികം എന്നിങ്ങനെയുള്ള ചരിത്രനിയോഗങ്ങള്‍ ദേവമാതൃസന്നിധിയില്‍ സമര്‍പ്പിക്കുവാനാണ് താന്‍ ലോരേറ്റോയിലെത്തിയതെന്ന് ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിന് ആമുഖമായി പാപ്പ വെളിപ്പെടുത്തി.

ക്രിസ്തുവില്‍ ദൈവം മനുഷ്യാവതാരം ചെയ്തതിന്‍റെയും അവിടുത്തെ രക്ഷാരഹസ്യത്തിന്‍റെയും സന്ദേശങ്ങള്‍ മനുഷ്യജീവതത്തിന്‍റെ എല്ലാതലങ്ങളിലും എത്തിക്കുവാനുള്ള ദൗത്യം യാഥാര്‍ത്ഥ്യമാക്കാനുള്ള സഭയുടെ നിരന്തരമായ പരിശ്രമത്തില്‍, രക്ഷകന്‍റെ അമ്മയാകുവാന്‍ തന്നെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ച മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യവും മാതൃകയും എപ്പോഴും പ്രസക്തമാണെന്നും പാപ്പ പ്രഭാഷണമദ്ധ്യേ പ്രസ്താവിച്ചു. ലെരേത്തോയിലെ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ചത്വരം നിറഞ്ഞുകവിഞ്ഞ് പതിനായിരത്തില്‍പ്പരം വിശ്വാസികള്‍ പാപ്പായുടെ ദിവ്യബലിയില്‍ ഭക്തിനിര്‍ഭരമായി പങ്കെടുത്തുവെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി സ്ഥിരീകരിച്ചു.

വൈകുന്നേരം അഞ്ചു മണിയോടെ പാപ്പാ ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം വത്തിക്കാനിലേയ്ക്കു മടങ്ങി.









All the contents on this site are copyrighted ©.