2012-10-04 17:47:39

വത്തിക്കാനിലെ സലീഷ്യന്‍ സാന്നിദ്ധ്യത്തിന്
ഡോണ്‍ബോസ്ക്കോയോളം പഴക്കം


4 ഒക്ടോബര്‍ 2012, വത്തിക്കാന്‍
വത്തിക്കാനിലെ സലീഷ്യന്‍ സാന്നിദ്ധ്യത്തിന് ഡോണ്‍ ബോസ്ക്കോയുടെ കലാത്തോളം പഴക്കമുണ്ടെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ പ്രസ്താവിച്ചു.
വത്തിക്കാനിലെ സലീഷ്യന്‍ സഭാംഗങ്ങളുടെ സേവന സാന്നിദ്ധ്യത്തിന്‍റെ 75-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് ഒക്ടോബര്‍ 3-ാം തിയതി വത്തിക്കാനിലെ പൗലോസ്ലീഹായുടെ നാമത്തിലുള്ള കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് സലീഷ്യന്‍ സഭാംഗമായ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്.

ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഡോണ്‍ബോസ്ക്കോയുടെ 9-ാമത്തെ പിന്‍ഗാമിയും, സലീഷ്യന്‍ സഭയുടെ ഇപ്പോഴത്തെ റെക്ടര്‍ മേജറുമായ ഡോണ്‍ പാസ്ക്ക്വാള്‍ ചാവെസ് ഉള്‍പ്പെടെ, ധാരാളം സഭാംഗങ്ങളും, സഹകാരികളും യുവജനങ്ങളും സന്നിഹിതരായിരുന്നു. ദിവ്യകാരുണ്യത്തോടും പരിശുദ്ധ കന്യകനാഥയോടുമുള്ള ഭക്തി കഴിഞ്ഞാന്‍പ്പിന്നെ, ഡോണ്‍ബോസ്ക്കോയുടെ ആദ്ധ്യാത്മികതയില്‍ പ്രധാനം പാപ്പായോടുള്ള ഭക്തിയാണെന്ന വസ്തുത കര്‍ദ്ദിനാള്‍ ബര്‍ത്തോണെ വചനപ്രഘോഷണമദ്ധ്യേ എടുത്തു പറഞ്ഞു. ഔദ്യോഗികമായി സലേഷ്യന്‍ സഭാംഗങ്ങള്‍ വത്തിക്കാനില്‍ ജോലിചെയ്യുവാനെത്തുന്നത് 1937-ല്‍ ആണെങ്കിലും പീയൂസ് 9-ാമന്‍, ലിയോ 23-ാമന്‍, പിയൂസ് 10-ാമന്‍ എന്നീ പാപ്പാമാരുടെ സ്നേഹിതനും ഉപദേശകനുമായിരുന്നു ഡോണ്‍ബോസ്ക്കോയെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ചരിത്രരേഖകളില്‍നിന്നും വ്യക്തമാക്കി. 1937-ല്‍ വത്തിക്കാന്‍റെ ബഹുഭാഷാ മുദ്രണാലയത്തിന്‍റെയും പാപ്പായുടെ ദിനപത്രമായ ‘ലൊസര്‍വത്തോരെ റൊമാനോ’യുടെയും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് സലീഷ്യന്‍ സമൂഹം ഇദംപ്രഥമമായി വത്തിക്കാനിലെത്തിയതെന്നും, എന്നാല്‍ ഇന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ ബഹുമുഖങ്ങളായ പ്രവര്‍ത്തന മേഖലകളില്‍ സലീഷ്യന്‍ സഭാംഗങ്ങള്‍ സേവനംചെയ്യുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ വ്യക്തമാക്കി.








All the contents on this site are copyrighted ©.