2012-10-03 11:02:15

യൂറോപ്പില്‍ പുനരാരംഭിക്കുന്ന ക്രൈസ്തവികത


02 ഒക്ടോബര്‍ 2012, സെന്‍റ് ഗാലന്‍
യൂറോപ്പില്‍ ക്രൈസ്തവികതയ്ക്ക് പുതിയൊരു തുടക്കം നല്‍കേണ്ടത് അനിവാര്യമാണെന്ന് യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതി. യൂറോപ്യന്‍ മെത്രാന്‍ സംഘങ്ങളുടെ സംയുക്ത സമിതിയുടെ വാര്‍ഷിക സമ്മേളനമാണ് ഈ നീരിക്ഷണം നടത്തിയത്. സ്വിസ്റ്റര്‍ലണ്ടിലെ സെന്‍റ് ഗാളില്‍ സെപ്തംബര്‍ 27ാം തിയതി വ്യാഴാഴ്ച മുതല്‍ സെപ്തംബര്‍ 30ാം തിയതി ഞായറാഴ്ചവരെയാണ് സമ്മേളനം നടന്നത്. സമകാലിക യൂറോപ്യന്‍ സാംസ്ക്കാരിക ജീവിതത്തില്‍ കത്തോലിക്കരായ യൂറോപ്യന്‍ പൗരന്‍മാരുടെ സാക്ഷൃം നിര്‍ണ്ണായകമാണെന്ന് സമ്മേളനത്തിന്‍റെ സമാപനസന്ദേശം പ്രസ്താവിച്ചു. സമാനമായ പ്രതിസന്ധികളാണ് തങ്ങള്‍ നേരിടുന്നതെന്ന് മനസിലാക്കാന്‍ സമ്മേളനം സഹായിച്ചുവെന്ന് അര്‍മാഘാ രൂപതാധ്യക്ഷനും അയര്‍ലണ്ടിലെ പ്രൈമേറ്റുമായ കര്‍ദിനാള്‍ ഷോണ്‍ ബാപ്റ്റിസ്റ്റ ബ്രാഡി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. പൊതു ജീവിതത്തില്‍ മതത്തിനു സ്ഥാനം കണ്ടെത്തുകയെന്നതാണ് യൂറോപ്പില്‍ പൊതുവേ നേരിടുന്ന പ്രധാന വെല്ലുവിളി. പല സിദ്ധാന്തങ്ങളും തത്വശാസ്ത്രങ്ങളും യൂറോപ്പ് പരീക്ഷിച്ചു നോക്കിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയ കര്‍ദിനാള്‍ ക്രൈസ്തവികത പുനരാരംഭിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അഭിമുഖത്തില്‍ പരാമര്‍ശിച്ചു.








All the contents on this site are copyrighted ©.