2012-10-03 19:00:49

പൗവ്വത്തില്‍ തിരുമേനിക്ക് ജൂബിലി ആശംസകള്‍!


3 ഒക്ടോബര്‍ 2012, ചങ്ങനാശ്ശേരി
കേരളത്തിന്‍റെ ആത്മീയാചാര്യനും വിദ്യാഭ്യാസ വിചക്ഷണനുമായ മാര്‍ ജോസഫ് പൗവ്വത്തില്‍ തിരുമേനി ഒക്ടോബര്‍ 2-ാം തിയതി ചൊവ്വാഴ്ചയാണ് തന്‍റെ പൗരോഹിത്യത്തിന്‍റെ സുവര്‍ണ്ണ ജൂബിലിയും മെത്രാഭിഷേകത്തിന്‍റെ റൂബി ജൂബിലിയും സംയുക്തമായി ആഘോഷിച്ചത്. രാവിലെ ചങ്ങനാശ്ശേരി
സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പൗവ്വത്തില്‍ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാ ദിവ്യബലിയില്‍ നിറഞ്ഞുനിന്ന വിശ്വാസസമൂഹത്തോടൊപ്പം മെത്രാന്മാരും വൈദികരും സന്ന്യസ്തരും സാമൂഹ്യ-രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തു. ചങ്ങനാശ്ശേരി അതിരൂപത്ദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം വചനപ്രഘോഷണം നടത്തി. ‘ഭൗതിക നേട്ടങ്ങളുടെയും സമ്പത്തിന്‍റെയും നിറവാണ് ജീവിതസുഖം’ എന്ന തെറ്റായ സാമൂഹിക കാഴ്ചപ്പാടാണ് മനുഷ്യനെ ഇന്ന് എല്ലാ മേഖലകളിലും വഴിതെറ്റിക്കുന്നതെന്നും, മതബോധവും ദൈവവിശ്വാസവും വളര്‍ത്തുകയാണ് നവസുവിശേഷവത്ക്കരണമെന്നും, ലളിതമായി നടത്തിയ ആഘോഷങ്ങളുടെ അന്ത്യത്തില്‍ ഏവര്‍ക്കും നന്ദിപറഞ്ഞുകൊണ്ട് മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു.

1962 ഒക്ടോബര്‍ 3-ാം തിയതി പൂനെ പേപ്പല്‍ സെമിനാരിയില്‍വച്ചാണ് മാര്‍ പൗവ്വത്തില്‍ പൗരോഹിത്യം സ്വീകരിച്ചത്. 1972 ജനുവരി 29-ന് ചങ്ങനാശ്ശേരിയുടം സഹായമെത്രാനായി പോള്‍ ആറാമന്‍ പാപ്പ നിയോഗിച്ചു. 1977-ല്‍ കാഞ്ഞിരപ്പിള്ളി രൂപതയുടെ മെത്രാനായി ആരോപിതനായ
മാര്‍ പവ്വത്തിലിനെ 1985-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ചങ്ങനാശ്ശേരിയുടെ മെത്രാപ്പോലീത്തയായും നിയോഗിച്ചു. 2007-ല്‍ കാനോനിക പ്രായപരിധിയെത്തിയ തിരുമേനി സ്ഥാനത്യാഗംചെയ്തു. രണ്ടു തവണ ഭാരത കത്തോലിക്കാ സഭയുടെ പ്രസിഡന്‍റ് സ്ഥാനം അലങ്കരിച്ചിട്ടുള്ള തിരുമേനി, മൂന്നു തവണ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ചെയര്‍മാനായും സഭയ്ക്ക് നേതൃത്വം നല്കിയിട്ടുണ്ട്. തിരുവതാംങ്കൂറിലെ കുറുമ്പനാടം പൗവ്വത്തില്‍ തറവാട്ടില്‍ 1930 ആഗസ്റ്റ് 14-നാണ് തിരുമേനിയുടെ ജനനം.

82-ാം വയസ്സിലെത്തിയ വിശ്രമ ജീവിതത്തിനിടയിലും കേരളത്തിന്‍റെ സാമൂഹ്യ-ആത്മീയ ചിന്താക്രമത്തില്‍ വഴികാട്ടിയാണ് മാര്‍ ജോസഫ് പൗവ്വത്തില്‍ തിരുമേനി.









All the contents on this site are copyrighted ©.