2012-10-03 11:01:43

പേപ്പല്‍ സന്ദര്‍ശനം ചരിത്രസ്മരണയ്ക്ക് നവീന അര്‍ത്ഥം നല്‍കുന്നു: ബിഷപ്പ് തൊനൂച്ചി


02 ഒക്ടോബര്‍ 2012, ലൊറേത്തോ
വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ സ്മരണയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ലൊറെത്തോയിലേക്കു നടത്തുന്ന തീര്‍ത്ഥാടനം ചരിത്ര സ്മരണയ്ക്ക് നൂതന അര്‍ത്ഥം നല്‍കുന്നുവെന്ന് ലൊറെത്തോയിലെ ബിഷപ്പ് ജൊവാന്നി തൊനൂച്ചി. മാര്‍പാപ്പയുടെ ലൊറേത്തോ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ലൊറെത്തോയിലെ തിരുകുടുംബ തീര്‍ത്ഥാടന കേന്ദ്രത്തിലെ പൊന്തിഫിക്കല്‍ ഡെലഗേറ്റുകൂടിയായ ബിഷപ്പ് തൊനൂച്ചി ഇപ്രകാരം പ്രസ്താവിച്ചത്.
രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പരിശുദ്ധ കന്യകാമറിയത്തിന്‍റെ സംരക്ഷണയില്‍ സമര്‍പ്പിക്കാനാണ് വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ ലൊറെത്തോയിലെത്തിയത്. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ സ്മരണയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ലൊറെത്തോയിലെത്തുന്നത് നവസുവിശേഷവല്‍ക്കരണമെന്ന പുതിയ കര്‍മ്മപാത പ.മറിയത്തിനു സമര്‍പ്പിക്കുവാനാണ്. മഹത്തായ ഒരു ചരിത്രസംഭവത്തിന്‍റെ അര്‍ത്ഥവും അരൂപിയും ഉള്‍ക്കൊണ്ട് മുന്നോട്ടു സഞ്ചരിക്കാനുള്ള ആഹ്വാനമാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം നല്‍കുന്നതെന്നും ബിഷപ്പ് തൊനൂച്ചി അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.