2012-09-27 20:14:54

സൂനഹദോസിന്‍റെ സ്മരണകളുമായി
വിശ്വാസവത്സരം


26 സെപ്റ്റംമ്പര്‍ 2012, വത്തിക്കാന്‍
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സ്മരണകളുയര്‍ത്താന്‍ ഇറ്റലിയിലെ കത്തോലിക്കര്‍ സംഗമിക്കും. 1962 ഒക്ടോബര്‍ 11-ന് നടന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ഉദ്ഘാടന സമ്മേളനത്തിന്‍റെ സ്മരണകള്‍ അയവിറച്ചുകൊണ്ടാണ്, റോമിലെ കത്തോലിക്കാ സര്‍ഗ്ഗവേദി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ വരുന്ന ഒക്ടോബര്‍ 11-ന് ദീപപ്രദക്ഷിണം സംവിധാനംചെയ്യുന്നത്.

സൂനഹദോസിന്‍റെ ഉള്‍പ്പൊരുളോ ഉള്ളടക്കമോ പൂര്‍ണ്ണമായും മനസ്സിലാക്കാതെ ജോണ്‍ 23-ാമന്‍ പാപ്പായുടെ ലാളിത്യമാര്‍ന്ന ആഹ്വാനം ശ്രവിച്ചുകൊണ്ട് 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉത്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ ദീപങ്ങളുമായി ഓടിയെത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെ കൂട്ടായ്മയും സഭാസ്നേഹവും പ്രതിഫലിപ്പിക്കുവാനാണ് ദീപപ്രദിക്ഷിണം പുനഃരാവിഷ്ക്കരിക്കുന്നതെന്ന് ഇറ്റാലിയിലെ കത്തോലിക്കാ സര്‍ഗ്ഗവേദിയുടെ വക്താവ് പ്രസ്താവിനയില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 11-ന് വിശ്വാസവത്സരത്തിന്‍റെ ഉത്ഘാടനവും, സഭയുടെ നവീകരണത്തിന്‍റെ നൂതന സരണികള്‍ തുറന്ന, സൂനഹദോസിന്‍റെ സുവര്‍ണ്ണ ജൂബിലിയും ബനഡിക്ട് 16-ാമന്‍ പാപ്പയ്ക്കൊപ്പം ആഘോഷിക്കുന്ന സായാഹ്നത്തില്‍, റോമിലെ കാസില്‍ സന്താഞ്ചലോയില്‍നിന്നും അണിനിരക്കുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ ചൈതന്യത്തോടെ ദീപാര്‍ച്ചനയുമായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് നടന്നു നീങ്ങുമെന്ന് സര്‍ഗ്ഗവേദിയുടെ വക്താവ് പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.
ജോണ്‍ 23-മന്‍ പാപ്പ അന്നു നല്കിയ പ്രശസ്തമായ ‘നിലാവിന്‍റെ സന്ദേശം’ അനുസ്മരിപ്പിക്കുമാറ്, ചത്വരത്തില്‍ സമ്മേളിക്കുന്നവര്‍ക്ക് ബനഡിക്ട് 16-ാമന്‍ പാപ്പ സന്ദേശം നല്കുമെന്നും കത്തോലിക്കാ സര്‍ഗ്ഗവേദിയുടെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.








All the contents on this site are copyrighted ©.