2012-09-27 20:31:51

വിശുദ്ധ അഗസ്റ്റിന്‍റെ വ്യക്തിത്വത്തില്‍
അണിയിച്ചൊരുക്കിയ സംഗീതശില്പം


27 സെപ്റ്റംമ്പര്‍ 2012, കാസില്‍ ഗന്തോള്‍ഫോ
സെപ്റ്റംമ്പര്‍ 26-ാം തിയതി ബുധനാഴ്ച വൈകുന്നേരം കാസില്‍ ഗന്തോള്‍ഫോയിലുള്ള ബനഡിക്ട്
16-ാമന്‍ പാപ്പായുടെ വേനല്‍ക്കാല വസതിയില്‍വച്ചാണ് ജെര്‍മ്മനിയിലെ വൂര്‍സബേര്‍ഗ് രൂപതിയില്‍നിന്നുമുള്ള കാലാകാരന്മാര്‍ സംഗീതപരിപാടി ഒരുക്കിയത്. സഭാ പിതാവായ വിശുദ്ധ അഗസ്റ്റിന്‍റെ വ്യക്തിത്വവും ആത്മീയതയും നാദതാളലയ വിന്യാസങ്ങളില്‍ വളരെ വൈദഗ്ദ്ധ്യത്തോടെ 60 കാലാകാരന്മാരുടെ സംഘം പാപ്പായ്ക്ക് സമര്‍പ്പിച്ചു. കാലാതീതമായ അഗസ്റ്റിന്‍റെ വ്യക്തിത്വം സമഗ്രമായി അവിതരിപ്പിക്കാന്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു 7 ഘട്ടങ്ങളായുള്ള സംഗീത സൃഷ്ടിക്കു സാധിച്ചുവെന്ന് പാപ്പാ തന്‍റെ പ്രഭാഷണത്തില്‍ വിലയിരുത്തി. മനുഷ്യന്‍റെ ഉള്ളിന്‍റെ ഉള്ളിലെ ദൈവത്തിനായുള്ള ത്വര ഒടുങ്ങാത്തതാണെന്നും, അവിടുത്തെ പ്രാപിക്കുംവരെ അത് അസ്വസ്ഥമാണെന്നും ഹിപ്പോയിലെ മെത്രാനായിരുന്ന അഗസ്റ്റിന്‍ നമ്മെ പഠിപ്പിക്കുന്നുവെന്നും സംഗീത വിരുന്നിനുശേഷമുള്ള തന്‍റെ പ്രഭാഷണത്തില്‍ പാപ്പ സമര്‍ത്ഥിച്ചു.

പാന്‍തെയോണ്‍- സകല ദൈവങ്ങളിലുമുള്ള അഗസ്റ്റിന്‍റെ അന്വേഷണം, നക്ഷത്രം- എന്ന ആത്മഗതം, മാനസാന്തരം, അമ്മ മോനിക്ക, ദൈവത്തിനായ്, മരണം എന്നീ രംഗങ്ങളിലൂടെ ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന സംഗീതശില്പം സംവിധാനം ചെയ്തത്, സംവിധായകന്‍ വില്‍ഫ്രെഡ് ഹില്ലെറാണ്.
സൊപ്രാണോ, ആല്‍ത്തോ, ടെനര്‍, ബാസ്, സോളോയിസ്റ്റ്സ് എന്നിങ്ങനെയായി 50 പേരടുങ്ങുന്ന വൂര്‍സബേര്‍ഗ് കത്തീഡ്രല്‍ ഗായക സംഘത്തിന് മാര്‍ട്ടിന്‍ ബേര്‍ഗറിന്‍റെ പിയാനോ മനോഹരമായ പക്കവാദ്യ അകമ്പടിയായി. റോമിലെ അഗസ്റ്റീനിയന്‍ യൂണിവേഴ്സിറ്റിയില്‍ സെപ്റ്റമ്പര്‍ 26-മുതല്‍
30-വരെ തിയതികളില്‍ നടക്കുന്ന വിശുദ്ധനെക്കുറിച്ചുള്ള പഠനശിബരത്തിന്‍റെ ഭാഗമായിട്ടാണ് സംഗീതശില്പം പാപ്പായ്ക്കു സമര്‍പ്പിച്ചത്. വിശുദ്ധ അഗസ്റ്റിന്‍റെ മാനസാന്തരം എന്ന കൃതിയുടെ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത് : നിത്യസൗഭാഗ്യമേ നിന്നെ ഞാന്‍ തേടി, ആഴിതന്‍ ആഴത്തില്‍ ആകാശഗോളത്തില്‍, സപ്തദീപങ്ങളില്‍ സപ്തസ്വരങ്ങളില്‍, പൂഴിയില്‍ പൂക്കളില്‍ പൂന്തെന്നലില്‍.... തേടുന്നവര്‍ നിരവധിയാണെന്നും, എന്നാല്‍ അവിടുത്തെ കണ്ടെത്തുന്നവര്‍ ഭാഗ്യവാന്മാരാണെന്നുമുള്ള ചിന്തയോടെ പാപ്പ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.









All the contents on this site are copyrighted ©.