2012-09-25 11:11:49

മോശ ഫറവോയുടെ മുന്നില്‍ (9)
വിളി തിരസ്ക്കരിക്കുമ്പോഴും തുണയ്ക്കുന്ന ദൈവം


RealAudioMP3
പുറപ്പാടു സംഭവം ഒരു വീരഗാഥയാണെന്നു പറയാം. അതിന്‍റെ നായകന്‍ മോശയും. നാം പഠനവിഷയമാക്കിയിരിക്കുന്ന പുറപ്പാടു ഗ്രന്ഥം മാത്രമാണ് മോശയെപ്പറ്റി പ്രതിപാദിക്കുന്നുള്ളൂ.. ബൈബിളിലെ വിവരണങ്ങളെല്ലാം ചരിത്രരേഖകളെ ആധാരമാക്കിത്തന്നെ ആവണമെന്നില്ല. എന്നാല്‍ വിശ്വാസാധിഷ്ഠിതങ്ങളായ പാരമ്പര്യങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ടവയാണ്. എന്നിരുന്നാലും മോശയും പുറപ്പാടു സംഭവങ്ങളും ചരിത്ര യാഥാര്‍ത്ഥ്യങ്ങളാണെന്ന കാര്യത്തില്‍ പണ്ഡിതന്മാരുടെ ഇടയില്‍ ഒട്ടും അഭിപ്രായ വ്യത്യാസമില്ല. പരമ്പരാഗതവും നിയമാധിഷ്ഠിതവുമായ യഹൂദ മതത്തിന്‍റെ സ്ഥാപകന്‍ മോശയാണ്, എന്ന് ഇന്നും വിശ്വസിച്ചു പോരുന്നു.

ഫറവോയെ ഭയന്നാണ് മോസസ് ഈജിപ്തു വിട്ട് മേദിയാന്‍ ദേശത്തെത്തിയത്.
അതൊരു ഒളിച്ചോട്ടമായിരുന്നു. മേദിയാന്‍ മരുപ്പച്ചയില്‍ അയാള്‍ ജെത്രോയുടെ മൂത്തപുത്രിയെ വിവാഹംകഴിച്ച് സുഖമായി പാര്‍ത്തു. എന്നാല്‍ കര്‍ത്താവു അയാളെ വിളിച്ച് മേദിയാനിലെ സുരക്ഷയുടെ കോട്ടയില്‍നിന്നും പുറത്തിറക്കുകയാണ്. മോശയെയും അയാളുടെ സഹോദരന്‍ അഹറോനേയും കര്‍ത്താവ് വിളിച്ച് ഫറവോയുടെ സന്നിധിയിലേയ്ക്ക് അയക്കുന്നു. അപ്പോള്‍ മോശയ്ക്ക് 80 വയസ്സും അഹരോന് 83 വയസ്സുമായിരുന്നു. ദൈവത്തിന്‍റെ ആജ്ഞ സ്വീകരിച്ച മോശയും അഹറോനും അക്കാലത്തെ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ നേരിടാന്‍ ഈജിപ്തില്‍ തിരിച്ചെത്തുന്ന ഭാഗം ഈ പ്രക്ഷേപണത്തില്‍ ശ്രവിക്കുന്നത്.

ഭാര്യയേയും പുത്രന്മാരേയും കഴുതപ്പുറത്ത് കയറ്റി മോശ മേദിയാന്‍ വിട്ട്, ഈജിപ്തിലേയ്ക്കു പുറപ്പെട്ടു. ദൈവം ഏല്പിച്ച ഇടയവടിയും അയാള്‍ കയ്യിലെടുത്തു. മാര്‍ഗ്ഗമദ്ധ്യേ കര്‍ത്താവു മോശയോടു സംസാരിച്ചു.
“മോസസ്, നീ ഈജിപ്തിലേയ്ക്കു മടങ്ങുകയാണ്. അവിടെ എത്തുമ്പോള്‍ ഞാന്‍ നിനക്കു വശമാക്കി തന്നിരിക്കുന്ന അത്ഭുതങ്ങള്‍ ഫറവോയുടെ മുന്‍പില്‍ നീ പ്രവര്‍ത്തിക്കണം. എന്നാല്‍ ഞാന്‍ ഫറവോയെ കഠിനചിത്തനാക്കും. അയാള്‍ ജനത്തെ വിട്ടു തരില്ല. അപ്പോള്‍ നീ പറയണം, അല്ലയോ രാജാവേ, കര്‍ത്താവ് ആജ്ഞാപിച്ചിരിക്കുന്നു, ഇസ്രായേല്‍ അവിടുത്തെ പുത്രനാണ്, അവിടുത്തെ ആദ്യജാതനാണ്, അവിടുത്തെ ആരാധിക്കാന്‍ ഫറവോ
ഈ ജനത്തെ വിട്ടയയ്ക്കണം. വിട്ടയയ്ക്കുന്നില്ലെങ്കില്‍ അവന്‍റെ പുത്രനെ, അവന്‍റെ ആദ്യ ജാതനെ ഞാന്‍ വധിക്കും.”

ഈജിപ്തിലെത്തിയ മോശയും അഹറോനും ഇസ്രായേലിലെ ശ്രേഷ്ഠന്മാരെയെല്ലാം വിളിച്ചു കൂട്ടി. കര്‍ത്താവു തങ്ങളോടു പറഞ്ഞ കാര്യങ്ങളെല്ലാം ജനങ്ങളെ അറിയിക്കുകയും, മോശ അവരുടെ മുമ്പില്‍ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ജനം അവരില്‍ വിശ്വസിച്ചു.
കര്‍ത്താവ് ഇസ്രായേല്‍ മക്കളെ സന്ദര്‍ശിച്ചിരിക്കുന്നുവെന്നും അവരുടെ കഷ്ടതകള്‍ കണ്ടിരിക്കുന്നുവെന്നും മനസ്സിലാക്കിയപ്പോള്‍, ജനം ഒന്നുചേര്‍ന്ന് തലകുനിച്ച് അവിടുത്തെ ആരാധിച്ചു.

മോശയും സഹോദരന്‍ അഹറോനും രാജസന്നിധിയിലെത്തി. അവര്‍ ഫറവോയുടെ മുമ്പില്‍ച്ചെന്നു പറഞ്ഞു. “ അല്ലയോ പ്രഭോ, ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് കല്പിക്കുന്നു. സീനായ് മരുപ്രദേശത്തുചെന്ന് അവിടുത്തെ സ്തുതിച്ചു ബലിയര്‍പ്പിക്കാന്‍ ഇസ്രായേല്‍ ജനത്തെ വിട്ടയയ്ക്കുക.”

അപ്പോള്‍ ഫറവോ ചോദിച്ചു.
“ആരാണീ കര്‍ത്താവ്? ആരാണീ വിമോചകന്‍ ?
നിങ്ങളുടെ ദൈവത്തിന്‍റെ വാക്കു കേട്ടു ഞാന്‍ എന്തിന് ഇസ്രായേല്‍ക്കാരെ വിട്ടയക്കണം? ഞാന്‍ ഈ കര്‍ത്താവിനെ അറിയില്ല. അതിനാല്‍ ജനത്തെ വിട്ടയക്കില്ല.”

യാവേ, കര്‍ത്താവ് എന്ന പേര് ഏതോ ഗോത്രവര്‍ഗ്ഗക്കാരുടെ ദൈവമായിട്ടാണ് ഫറവോ മനസ്സിലാക്കിയത്. അതുകൊണ്ട് വളരെ കഠിന ചിത്തനായിട്ടാണ് രാജാവ് അവരോടു സംസാരിച്ചത്.
അപ്പോള്‍ അഹറോന്‍ പറഞ്ഞു.
“പ്രഭോ, ഇസ്രായേല്യരുടെ ദൈവം ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു.
മൂന്നു ദിവസത്തെ യാത്രചെയ്ത് സീനായ് മരുപ്രദേശത്തു ചെന്നു ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങളുടെ ജനത്തെ അങ്ങ് അനുവദിക്കണം.
അല്ലാത്തപക്ഷം ഞങ്ങളുടെ ദൈവം മഹാമാരികൊണ്ടോ വാള്‍കൊണ്ടോ ഇന്നാടിനെ ശിക്ഷിക്കാന്‍ ഇടയുണ്ട്.”

അപ്പോള്‍ ഫറവോ അവരോട് പറഞ്ഞു.
“മോസസ്, അഹറോന്‍..., അപ്പോള്‍ ഈ നാട്ടില്‍ നിങ്ങളുടെ ജനം ചെയ്യുന്ന ജോലി തടസ്സപ്പെടുത്താന്‍ നോക്കുകയാണല്ലേ നിങ്ങള്‍?. ദൈവത്തിന്‍റെ പേരു പറഞ്ഞ് ജനങ്ങള്‍ ഇഷ്ടികക്കളങ്ങളിലെ പണി മുടക്കാനിടയുണ്ട്. നാട്ടിലെ ജോലി മുടക്കിയിട്ട് വിജനപ്രദേശത്തുപോയി കര്‍ത്താവിനു ബലിയര്‍ക്കാന്‍ നിങ്ങള്‍ മുതിരുന്നതിന്‍റെ ഉദ്ദേശ്യം എനിക്കു മനസ്സിലാകുന്നുണ്ട്.
അതുകൊണ്ടു ഞാന്‍ ഒരുകാര്യം ചെയ്യാന്‍ പോവുകയാണ്.
ഇഷ്ടികയുണ്ടാക്കാനുള്ള വൈക്കോല്‍ ഇനി മുതല്‍ ഇസ്രായേല്യര്‍ക്ക് നല്കരുതെന്ന് എന്‍റെ കാര്യസ്ഥന്മാരോടു കല്പിക്കും. അങ്ങനെ ഞാന്‍ ഈ ജനത്തെ കഷ്ടപ്പെടുത്തും.”

ഫറവോ കുപിതനായി. മേല്‍നോട്ടക്കാരെ വിളിച്ച് കര്‍ശനമായ നിര്‍ദ്ദേശം നല്കി. “ഇനി ഇസ്രായേല്യര്‍ക്ക് ഇഷ്ടികക്കളങ്ങളില്‍ ആവശ്യമായ വൈക്കോല്‍ എത്തിച്ചുകൊടുക്കേണ്ടതില്ല. അവര്‍തന്നെ പോയി കണ്ടുപിടിക്കട്ടെ. എന്നാല്‍ അവര്‍ നിര്‍മ്മിക്കുന്ന ഇഷ്ടികയുടെ എണ്ണം കുറയാനും പാടില്ല. ഇനി അവരോട് കൂടുതല്‍ കഠിനമായി പെരുമാറണം.”

ഇസ്രായേല്യരുടെ ജീവിതം അങ്ങനെ ദുഷ്ക്കരമായി. ഫറവോയുടെ കാര്യസ്ഥന്മാര്‍ അവര്‍ക്ക് ഇഷ്ടികയുണ്ടാക്കാനുള്ള വൈക്കോല്‍ നല്കാതായി.
എന്നാല്‍ എണ്ണത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തിയില്ല.

ഇസ്രായേല്‍ക്കാരായ മേല്‍നോട്ടക്കാര്‍ അപ്പോള്‍ ഫറവോയെ സമീപിച്ച് ഇങ്ങനെ പരാതിപ്പെട്ടു.
“പ്രഭോ, അങ്ങയുടെ ദാസന്മാരോട് എന്താണീ ചെയ്യുന്നത്.
ഇഷ്ടിക നിര്‍മ്മിക്കാനാവശ്യമായ വൈക്കോല്‍ തരാതെയാണ് അതുണ്ടാക്കാന്‍ കല്പിക്കുന്നത്. കാര്‍ക്കശ്യത്തോടെയാണ് ഞങ്ങളോടു അവര്‍ പെരുമാറുന്നത്. ജോലിസ്ഥലങ്ങളില്‍ ജനം ഏല്ക്കുന്ന പ്രഹരത്തിനും പീഡനത്തിനും കയ്യും കണക്കുമില്ല. അങ്ങു ഞങ്ങളോടു കനിവുണ്ടാകണം.”

പക്ഷെ, ഫറവോയുടെ മറുപടി ക്രൂരമായിരുന്നു.
“നിങ്ങള്‍ അലസരാണ്. അതുകൊണ്ടാണ് കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ സീനായിലേയ്ക്കു പോകണമെന്ന് ആവശ്യപ്പെട്ടത്.
നിങ്ങള്‍ പോയി ജോലി ചെയ്യുവിന്‍, നിങ്ങള്‍ക്കു വയ്ക്കോല്‍ തരേണ്ടെന്ന് ഞാനാണു കല്പിച്ചത്. എന്നാല്‍ ഇഷ്ടികയുടെ എണ്ണം കുറയുകയാനും പാടില്ല. പോകൂ!”

വൈക്കോല്‍ ഇല്ലാതെ അനുദിനം ഉണ്ടാകുന്ന ഇഷ്ടികയുടെ എണ്ണത്തില്‍ കുറവുവരാന്‍ പാടില്ലെന്നു കേട്ടപ്പോള്‍ ഇസ്രായേല്‍ക്കാരായ മേലാളന്മാര്‍ ധര്‍മ്മ സങ്കടത്തിലായി. ജനപ്രതിനിധികള്‍ മോശയുടെയും അഹറോന്‍റെയും പക്കല്‍ചെന്ന് പരാതിപ്പെട്ടു.

“മോസസ്, ഈ ജനത്തെ വധിക്കാന്‍ നിങ്ങള്‍ ഫറവോയുടെ കാര്യസ്ഥന്മാരുടെ കൈയ്യില്‍ വാള്‍ കൊടുത്തിരിക്കുന്നു. നിങ്ങളുടെ വരവിനുശേഷമാണ് ജനത്തിനുമേലുള്ള പീഡനങ്ങള്‍ ഇത്രയേറെ വര്‍ദ്ധിച്ചത്. ഇനി എന്തുചെയ്യാന്‍! നിങ്ങളുടെ പ്രവര്‍ത്തികള്‍ കണ്ട് കര്‍ത്താവുതന്നെ നിങ്ങളെ വിധിക്കട്ടെ.”

അപ്പോള്‍ മോശ കര്‍ത്താവിനോടു പറഞ്ഞു. “ദൈവമേ, അങ്ങ് എന്തിനാണ്
ഈ ജനത്തോട് ഇത്ര കൂരമായി പെരുമാറുന്നത്? എന്തിനാണ് അങ്ങ് എന്നെ ഇങ്ങോട്ടയച്ചത്? ഞാന്‍ അങ്ങയുടെ നാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍ വന്നതു മുതല്‍ ഫറവോ ഈ ജനത്തെ കഷ്ടപ്പെടുത്തുകയാണ്. ഇനി എനിക്കാവില്ല. അങ്ങുതന്നെ ഇവരെ മോചിപ്പിക്കണമേ.”

അപ്പോള്‍ കര്‍ത്താവ് മോശയോടു പറഞ്ഞു. “ മോസസ്, മോസസ്, ഫറവോയോട് ഞാന്‍ എന്തു ചെയ്യുമെന്നു നീ ഉടനെ കാണും. എന്‍റെ കരം അവനെതിരെ ഉയര്‍ത്തും. ജനത്തെ വിട്ടയക്കാന്‍ ഫറവോ നിര്‍ബന്ധിതനായിത്തീരും. ഫറവോ എന്‍റെ ജനത്തെ വിട്ടയക്കേണ്ടി വരും.”
ദൈവം തുടര്‍ന്നു. “ഞാന്‍ കര്‍ത്താവാണ്. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും പ്രത്യക്ഷപ്പെട്ട സര്‍വ്വശക്തനായ ദൈവമാണു ഞാന്‍.
പരദേശികളായി അവര്‍ പാര്‍ത്തിരുന്ന കാനാന്‍ ദേശം ഈ ജനത്തിനു നല്കുമെന്ന് ഞാന്‍ അവരുമായി ഉടമ്പടി ചെയ്തിരിക്കുന്നു.
ഈജിപ്തുകാര്‍ അടിമകളാക്കിയിരിക്കുന്ന ഇസ്രായേല്‍ മക്കളുടെ ദീനരോദനം ഞാന്‍ ശ്രവിച്ചിരിക്കുന്നു. എന്‍റെ ഉടമ്പടി ഞാന്‍ ഓര്‍മ്മിക്കുന്നു.”

“ആകയാല്‍, മോസസ്, നീ ഇസ്രായേല്‍ മക്കളോടു പറയുക,
ഞാന്‍ കര്‍ത്താവാണ്. ഈജിപ്തുകാര്‍ ചുമത്തിയ ഭാരം നീക്കി നിങ്ങളെ ഞാന്‍ മോചിപ്പിക്കും. നിങ്ങളുടെ അടിമത്വത്തില്‍നിന്നും നിങ്ങളെ ഞാന്‍ സ്വതന്ത്രരാക്കും. കയ്യുയര്‍ത്തി ഈജിപ്റ്റിനെ കഠിനമിയി ശിക്ഷിച്ച്, നിങ്ങളെ ഞാന്‍ വീണ്ടെടുക്കും.
നിങ്ങളെ എന്‍റെ ജനമായി സ്വീകരിക്കും‍. നിങ്ങളുടെ ദൈവമായിരിക്കും ഞാന്‍. ഈജിപ്തുകാരുടെ ദാസ്യത്തില്‍നിന്ന് നിങ്ങളെ മോചിപ്പിച്ച ഞാനാണു ദൈവമായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.
അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടും വാഗ്ദാനം ചെയ്ത ദേശത്തേയ്ക്കു നിങ്ങളെ ഞാന്‍ ആനയിക്കും. ഞാന്‍ കര്‍ത്താവാണ്.”
ദൈവത്തിന്‍റെ വിളി ശ്രവിച്ചവര്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നുണ്ട്.
ലക്ഷൃനിര്‍വ്വഹണത്തില്‍ ക്ലേശങ്ങള്‍ ഉണ്ടാകുമ്പോള്‍ മനുഷ്യന്‍ പിന്മാറുന്നു. എന്നാല്‍ ദൈവം പിന്മാറുന്നില്ല. അവിടുന്ന് അവനെ അവളെ തുണയ്ക്കുന്നു.
RealAudioMP3







All the contents on this site are copyrighted ©.