2012-09-24 16:23:11

പുനരൈക്യം സഭാ ഐക്യത്തിന്‍റെ ആഘോഷമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി


24 സെപ്തംബര്‍ 2012, പത്തനംതിട്ട
മാര്‍ ഈവാനിയോസ് പിതാവിലൂടെ മലങ്കര സഭയില്‍ സാധ്യമായ പുനരൈക്യം സഭാ ഐക്യത്തിന്‍റെ ആഘോഷമാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. മലങ്കര കത്തോലിക്കാ സഭയുടെ 82ാം പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭ മുഴുവന്‍ മിശിഹായുടെ കൂദാശയില്‍ സാര്‍വ്വത്രിക സഭയിലൂടെ ഒന്നാകുക എന്നതാണ് മാര്‍ ഇവാനിയോസിന്‍റെ ദര്‍ശനമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി അനുസ്മരിച്ചു. സഭാ വളര്‍ച്ചയുടെ പ്രതീകമാണ് പുനരൈക്യം. പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് പൂര്‍ണ്ണമായ സഭൈക്യം സാക്ഷാത്കരിക്കണമെന്നതാണ് ആഗോള സഭയുടെ ലക്ഷൃമെന്നും കര്‍ദിനാള്‍ പ്രസ്താവിച്ചു.

മലങ്കര കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ശ്ലാഘനീയമാണെന്ന് ദിവ്യബലിയില്‍ സഹകാര്‍മ്മികനായിരുന്ന മാറോനീത്താ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് ബഷാര ബൗത്രോസ് അല്‍റായി അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.
ചതുര്‍ ദിന സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പാത്രിയാര്‍ക്കീസ് ബഷാര ബൗത്രോസ് റായി സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ കൂദാശയിലും മലങ്കര സഭാ പുനരൈക്യവാര്‍ഷികാഘോഷത്തിലും മുഖ്യാതിഥിയായിരിന്നു. അന്ത്യോക്യന്‍ മാറോനീത്താ സുറിയാനി കത്തോലിക്കാ സഭയുടെ 77-ാമത്തെ പാത്രിയാര്‍ക്കീസായ ബഷാര ബൗത്രോസ് അല്‍റായി ആദ്യമായിട്ടാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. 19ാം തിയതി ബുധനാഴ്ച കേരളത്തിലെത്തിയ അദ്ദേഹം 23ാം തിയതി ഞായറാഴ്ച മാറോനീത്താ സുറിയാനി കത്തോലിക്കാ സഭയുടെ ആസ്ഥാനമായ ലെബനോണിലേക്കു മടങ്ങി.








All the contents on this site are copyrighted ©.