2012-09-21 09:54:57

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
വിശ്വാസത്തിന്‍റെ വയലേലകള്‍


20 സെപ്റ്റംമ്പര്‍ 2012, റോം
വിശ്വാസത്തിന്‍റെ തദ്ദേശവത്ക്കരണത്തില്‍ ജനകീയ ഭക്തിക്ക്
ഏറെ പ്രസക്തിയുണ്ടെന്ന്, പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരിയ വേല്യോ പ്രസ്താവിച്ചു. യൂറോപ്പിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ഔദ്യോഗിക ശ്രൃംഖലയായ European Marian Network-ന്‍റെ പ്രതിനിധി സമ്മേളനത്തില്‍ സെപ്റ്റംമ്പര്‍ 20-ാം തിയതി വ്യാഴാഴ്ച സമര്‍പ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ വേല്യോ ഇപ്രകാരം പ്രസ്താവിച്ചത്.

വിവിധ രാജ്യങ്ങളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഇതര ആത്മീയ കേന്ദ്രങ്ങളിലും വളര്‍ന്നുവരുന്ന ജനകീയ ഭക്തി സുവിശേഷത്തിന്‍റെ തദ്ദേശവത്ക്കരണത്തില്‍ ഓരോ രാജ്യങ്ങളിലുമുള്ള തനിമയാര്‍ന്നതും സവിശേഷവുമായ ആവിഷ്ക്കരണങ്ങളാണെന്നും, വിശ്വാസം ആ മണ്ണില്‍ നാമ്പെടുക്കുന്നതിന്‍റെ പ്രഥമവും അടിസ്ഥാനപരവുമായ രൂപമാണവയെന്നും കര്‍ദ്ദിനാള്‍ വേലിയോ പ്രബന്ധത്തില്‍ സമര്‍ത്ഥിച്ചു.
ഫ്രാന്‍സിലെ ലൂര്‍ദ്ദ്, പോര്‍ച്ചുഗലിലെ ഫാത്തിമാ, ഇറ്റലിയിലെ ലൊരേത്തോ തുടങ്ങി 20 രാജ്യങ്ങളിലെ വന്‍തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് യൂറോപ്യന്‍ മരിയന്‍ ശ്രൃംഖലയില്‍ കണ്ണിചേര്‍ന്നിട്ടുള്ളത്.
ഇവയുടെ ശ്രുശ്രൂഷാനേതൃത്വം വഹിക്കുന്നവര്‍ അനുവര്‍ഷം സമ്മേളിച്ച് പരസ്പരം അറിയുന്നതും, ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ അനുദിനം എത്തിച്ചേരുന്നിടങ്ങളില്‍ അവരുടെ ആത്മിയവും ഭൗതികവുമായ ആവശ്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ പരിശ്രമിക്കുന്നതും ഈ മരിയന്‍ ശ്രൃംഖലയുടെ പ്രത്യേകതയാണെന്ന് കര്‍ദ്ദിനാള്‍ വേല്യോ വിശദീകരിച്ചു.








All the contents on this site are copyrighted ©.