2012-09-18 16:31:31

സിറിയയിലെ കുഞ്ഞുങ്ങള്‍ക്ക് അടിയന്തര പരിഗണന നല്‍കണമെന്ന് പരിശുദ്ധ സിംഹാസനം


18 സെപ്തംബര്‍ 2012, ജനീവ
കലാപം നടക്കുന്ന സിറിയയില്‍ മാനുഷിക സഹായമെത്തിക്കുന്നതില്‍ അന്താരാഷ്ട്രസമൂഹം മടിച്ചുനില്‍ക്കരുതെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍ ആ൪ച്ചുബിഷപ്പ് സില്‍വാനോ തൊമാസി. കലാപത്തില്‍ പരിക്കേറ്റവ൪ക്കും, കുട്ടികള്‍ക്കും അടിയന്തിര പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ 21 ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് തോമാസി.
അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ യുദ്ധം ഒരു ഉപാധിയല്ലെന്നും ജനാധിപത്യപരമായ മാ൪ഗ്ഗങ്ങളിലൂടെയും ച൪ച്ചകളിലൂടെയുമാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ലെബെനോണില്‍ അജപാലന സന്ദര്‍ശനം നടത്തിയ ബെനഡിക്ട് പതിനാറാമന്‍ മാ൪പാപ്പ, മധ്യപൂ൪വ്വദേശത്ത് സമാധാനം സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഉദ്ബോധിപ്പിച്ചിരുന്നുവെന്നും ആര്‍ച്ചുബിഷപ്പ് തോമാസി ചൂണ്ടിക്കാട്ടി. മധ്യപൂ൪വ്വദേശത്തെ സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങളോട് അക്രമം കൊണ്ടോ, സമ്മ൪ദ്ദം വ൪ധിപ്പിക്കുന്ന മറ്റു മാ൪ഗ്ഗങ്ങള്‍ കൊണ്ടോ അല്ല പ്രതികരിക്കേണ്ടതെന്നും, ച൪ച്ചകള്‍ക്കും അനുരഞ്ജന ശ്രമങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് നേതാക്കള്‍ അതില്‍ ഇടപെടേണ്ടതെന്നും മാ൪പാപ്പ പ്രസ്താവിച്ചിരുന്നു.

സിറിയയോടും മറ്റ് മധ്യപൂ൪വ്വദേശ രാജ്യങ്ങളോടും ഐക്യദാ൪ഡ്യം പുല൪ത്തിക്കൊണ്ട്, ഉത്തരവാദിത്വ പൂ൪ണ്ണവും ജനപങ്കാളിത്തമുള്ളതുമായ സാമൂഹ്യജീവിതത്തിനായി ഇവിടുത്തെ രാഷ്ട്രീയ പ്രക്രിയയെ ത്വരിതപ്പെടുത്തുവാനും, അക്രമം അവസാനിപ്പിക്കുവാനും, നിസ്വാ൪ത്ഥമായ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്ന് ആ൪ച്ച് ബിഷപ്പ് സില്‍വാനോ തൊമാസി വ്യക്തമാക്കി.









All the contents on this site are copyrighted ©.