2012-09-17 16:23:34

ദൈവദാസന്‍ കര്‍ദിനാള്‍ വാന്‍ ത്വാന്‍റെ പത്താം ചരമവാര്‍ഷികം


17 സെപ്തംബര്‍ 2012, റോം
ദൈവദാസന്‍ കര്‍ദിനാള്‍ വാന്‍ ത്വാന്‍റെ ധീര സാക്ഷൃം വിശ്വാസവര്‍ഷത്തില്‍ പ്രത്യേകം അനുസ്മരണീയമാണെന്ന് നീതി സമാധാന കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് മാരിയോ തോസോ. ദൈവദാസന്‍ കര്‍ദിനാള്‍ വാന്‍ ത്വാനിന്‍റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് റോമിലെ സാന്താ മരിയ ദി സ്ക്കാല ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ വചന സന്ദേശം നല്‍കുകയായുന്നു അദ്ദേഹം. നീതി സമാധാന കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അധ്യക്ഷനായിരുന്ന കര്‍ദിനാള്‍ ത്വാന്‍റെ ഭൗതിക ശരീരം സംസ്ക്കരിച്ചിരിക്കുന്നത് സാന്താ മരിയ ദി സ്ക്കാല ദേവാലയത്തിലാണ്. കര്‍ദിനാള്‍ വാന്‍ ത്വാനിനെപ്പോലെ, ക്രൈസ്തവര്‍ ക്രിസ്തുവിന്‍റെ കുരിശിന് സ്വജീവിതത്തിലൂടെ സാക്ഷൃം നല്‍കുമ്പോഴാണ് നവസുവിശേഷവല്‍ക്കരണം യാഥാര്‍ത്ഥ്യമാകുന്നതെന്ന് ആര്‍ച്ചുബിഷപ്പ് തോസോ പ്രസ്താവിച്ചു.

1975ല്‍ വിയറ്റ്നാമിലെ സയിഗോണ്‍ രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ ബിഷപ്പ് വാന്‍ ത്വാനെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തടവിലാക്കി. നീണ്ട 13 വര്‍ഷക്കാലത്തെ തടവുകാലത്ത് വിശ്വാസത്തില്‍ ആഴപ്പെട്ടുകൊണ്ട് പ്രാര്‍ത്ഥനാനിരതമായ ജീവിതം നയിച്ച അദ്ദേഹം നല്ലവരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിശ്വാസികളുടെ ഇടയില്‍ രഹസ്യമായി അജപാല ശുശ്രൂഷയും നിര്‍വഹിച്ചിരുന്നു. 1988ല്‍ സ്വതന്ത്രനാക്കപ്പെട്ടെങ്കിലും സ്വന്തം രൂപതയിലേക്കു മടങ്ങാന്‍ അധികൃതര്‍ അദ്ദേഹത്തെ അനുവദിച്ചില്ല. 1991ല്‍ റോം സന്ദര്‍ശിക്കാനെത്തിയ അദ്ദേഹത്തെ വിയറ്റ്നാമിലേക്കു മടങ്ങുന്നതില്‍ നിന്നും അവര്‍ വിലക്കി. പരിശുദ്ധ സിംഹാസനത്തിന്‍റെ വിവിധ കാര്യാലയങ്ങളില്‍ കര്‍ദിനാള്‍ വാന്‍ ത്വാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002 സെപ്തംബര്‍ 16ാം തിയതി റോമില്‍ വച്ചാണ് അദ്ദേഹം അന്തരിച്ചത്.








All the contents on this site are copyrighted ©.