2012-09-16 17:41:48

സിറിയയിലെ അക്രമം അവസാനിപ്പിക്കാന്‍ മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന


16 സെപ്തംബര്‍ 2012, ബെയ്റൂട്ട്
(ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 16ാം തിയതി ഞായറാഴ്ച ലെബനോണില്‍ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)

പ്രിയ സഹോദരരേ, ലെബനോണിന്‍റെ നാഥയായ പരിശുദ്ധ കന്യകാ മറിയത്തോടു നമുക്കൊരുമിച്ചു പ്രാര്‍ത്ഥിക്കാം. സിറിയന്‍ ജനതയ്ക്കും സിറിയയുടെ അയല്‍രാജ്യങ്ങള്‍ക്കും സമാധാനമെന്ന ദാനം നല്‍കുന്നതിനായി തന്‍റെ തിരുക്കുമാരനോട് മാധ്യസ്ഥം വഹിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തോട് നമുക്കപേക്ഷിക്കാം. സംഘര്‍ഷവും അക്രമവും വരുത്തിവയ്ക്കുന്ന ദുരിതവും യാതനയുമെന്താണെന്ന് നിങ്ങള്‍ക്കു നന്നായി അറിയാവുന്നതാണല്ലോ. ആയുധങ്ങളുടെ ഇരമ്പലും അതോടൊപ്പം വിധവകളുടേയും അനാഥരുടേയും വിലാപവും ഇനിയും തുടരുന്നത് വേദനാജനകമാണ്. ജനങ്ങള്‍ക്കുമേല്‍ ആധിപത്യം നേടിയിരിക്കുന്ന ശത്രുതയുടേയും വൈരാഗ്യത്തിന്‍േയും ആദ്യ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. എന്തിനാണിത്ര ഭീകരത? മനുഷ്യര്‍ എന്തിനാണിങ്ങനെ മരിക്കുന്നത്? ഇതെല്ലാം അവസാനിപ്പിക്കാന്‍, മനുഷ്യാന്തസ്സും മതസ്വാതന്ത്രവും ആദരിക്കുന്ന പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദേശിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും അറബുലോകത്തോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സമാധാനം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്യരില്‍ ഉന്മൂലനം ചെയ്യേണ്ട തിന്‍മ കാണുന്നത് അവസാനിപ്പിക്കണം. സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യേണ്ട വ്യക്തിയായി അപരനെ ദര്‍ശിക്കുവാന്‍ എളുപ്പമല്ല, എന്നാല്‍ അങ്ങനെ മാത്രമേ സാഹോദര്യത്തില്‍ ജീവിക്കാനും സമാധാനം സ്ഥാപിക്കാനും സാധിക്കൂ.
ലെബനോണിലും സിറിയയിലും മധ്യപൂര്‍വ്വദേശമാകമാനവും ആയുധങ്ങളുടെ മുഴക്കവും അക്രമവും അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് ഹൃദയ സമാധാനമെന്ന ദൈവിക ദാനം സംലഭ്യമാകട്ടെ.....









All the contents on this site are copyrighted ©.