2012-09-15 20:24:19

'മദ്ധ്യപൂര്‍വ്വദേശത്തെ സഭ'
പാപ്പ ലെബനോണില്‍ പ്രകാശനം ചെയ്തു


15 സെപ്റ്റംമ്പര്‍ 2012, ഹരീസ്സാ
വൈവിധ്യാമാര്‍ന്ന സഭാ സമൂഹങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിന് നന്ദിപറഞ്ഞുകൊണ്ടാണ് മദ്ധ്യപൂര്‍വ്വദേശത്തിനായുള്ള മെത്രാന്മാരുടെ സിനഡിന‍റെ പ്രബോധനങ്ങളില്‍ ഒപ്പുവയ്ക്കുന്നതിന് ആമുഖമായുള്ള പ്രഭാഷണം പാപ്പ ആരംഭിച്ചത്.

മദ്ധ്യപൂര്‍വ്വദേശത്തെ സഭ, Ecclesia in Medio Oriente എന്ന അപ്പസ്തോലിക പ്രബോധനം ആഗോളസഭയെ അഭിസംബോധന ചെയ്യുന്നതാണെങ്കിലും,
അതില്‍ ഒപ്പുവച്ച് അംഗീകരിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന ഈ മൂഹൂര്‍ത്തത്തിലുള്ള വിവിധ റീത്തുകളുടെയും സഭാ സമൂഹങ്ങളുടെയും ഇതര മതസ്ഥരുടെയും ശ്രേഷ്ഠമായ സാന്നിദ്ധ്യം ഈ പ്രബോധനത്തിന് ഇന്നാടിനുള്ള പ്രാധാന്യവും പ്രസക്തിയും പ്രകടമാക്കുന്നു.

വിശുദ്ധ കുരിശിന്‍റെ മഹത്വീകരണ തിരുനാളില്‍ ഈ സംഭവം അരങ്ങേറുന്നത് ദൈവപരിപാലനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പൗരസ്ത്യ സഭകള്‍ വിശുദ്ധനായി വണങ്ങുന്ന കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി, തന്‍റെ മാനസാന്തരത്തിനുശേഷം കാല്‍വരിയില്‍ കര്‍ത്താവിന്‍റെ കബറിട സ്ഥാനത്ത് എ.ഡി. 335-ല്‍ തിരുവുത്ഥാനത്തിന്‍റെ ബസിലിക്ക പണിതീര്‍ത്തതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് കുരിശിന്‍റെ മഹത്വീകരണ തിരുനാള്‍ ഇന്നും കൊണ്ടാടുന്നത്.

ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും പെസഹാ രഹസ്യങ്ങളിലാണ് ക്രൈസ്തവ കൂട്ടായ്മയുടെയും സാക്ഷൃത്തിന്‍റെയും ഉള്‍പ്പൊരുള്‍ അടങ്ങിയിരിക്കുന്നത്.


ക്രിസ്തുവിന്‍റെ കുരിശും ഉത്ഥാനവും തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ടെന്ന് മറക്കരുത്. ഈ ബന്ധം മനസ്സിലാക്കാതെ കിരുശിനെ മഹത്വപ്പെടുത്തുന്നത് ജീവിത യാതനകളെയും മരണത്തെയും ഈ ജീവിതത്തിന്‍റെ അനിവാര്യമായ ഭാഗമായി അംഗീകരിക്കുന്നതിനു തുല്യമാണ്.
അങ്ങനെ കുരിശിന്‍റെ മഹത്വീകരണം ക്രിസ്തുവിലും അവിടുത്തെ കുരിശിലുമുള്ള വിശ്വാസപ്രകരണമാണ്.

ഉത്ഥാനത്തിന്‍റെ പശ്ചാത്തലത്തില്‍ കുരിശിനെ മഹത്വപ്പെടുത്തുമ്പോള്‍ ദൈവസ്നേഹത്തിന്‍റെ പൂര്‍ണ്ണത അനുഭവിക്കാനുള്ള സന്നദ്ധതയും ആഗ്രഹവുമാണ് അതു പ്രകടമാക്കുന്നത്. ഈ കാഴ്ചപ്പാട് കുരിശിന്‍റെ മഹത്വീകരണത്തെ ഒരു സ്നേഹപ്രകരണമായും സമര്‍ത്ഥിക്കുന്നു.

ക്രിസ്തുസാക്ഷൃത്തിന്‍റെ യഥാര്‍ത്ഥ മൂലമായ സാഹോദര്യവും കൂട്ടായ്മയും ഈ ലോകത്തിന്‍റെ മനുഷ്യയാതനകളില്‍ പ്രത്യാശപകരുന്ന ഘടകങ്ങളാണ്. അങ്ങനെ സഹോദര്യത്തിന്‍റേയും കൂട്ടായ്മയുടെയും ബോധ്യവും സമര്‍പ്പണവുമുള്ള വ്യക്തി തന്‍റെ ജീവിതത്തില്‍ എന്നും കുരിശിനെ മഹത്വപ്പെടുത്തുന്നു. കുരിശിന്‍റെ മഹത്വീകരണം അങ്ങനെ ഒരു പ്രത്യാശയുടെ പ്രകരണം കൂടിയാണ്.

മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ ഇന്നത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കിക്കൊണ്ട് മെത്രാന്മാരുടെ സിനഡു സമ്മേളനം ഇന്നാട്ടിലെ ജനങ്ങളുടെ സന്തോഷവും ആന്തരിക സംഘര്‍ഷങ്ങളും ഭീതിയും പ്രത്യാശയും ഒക്കെ സിനഡിന്‍റെ പ്രബോധനത്തില്‍ ചിന്താവിഷയമാക്കിയിട്ടുണ്ട്.
വളരെ മാനുഷികവും സാമൂഹികവുമായ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ട് എന്നും തീവ്രമായ മാനസിക പിരിമുറുക്കത്തിലും ഭീതിയിലും അനിശ്ചിതാവസ്ഥയിലും ജീവിക്കുന്ന ക്രൈസ്തവ മക്കളുടെ ദീനരോദനമാണ് എന്നും ഈ മണ്ണില്‍ ഉയരുന്നതെന്ന് സിനഡ് നിരീക്ഷിക്കുന്നു.
മാത്രമല്ല തങ്ങളുടെ അസ്ഥിത്വത്തിന് അര്‍ത്ഥംപകരുന്ന രക്ഷകനായ ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍നിന്നും ജനങ്ങളെ ഇവിടത്തെ സാമൂഹ്യ ഘടന പിന്‍തിരിപ്പിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഇവിടത്തെ സഭാ മക്കളുടെ ധീരമായ വിശ്വാസത്തിന് നമുക്ക് ദൈവത്തെ പ്രകീര്‍ത്തിക്കാം. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ക്രിസ്തുവിനെ ആദ്യമായി സ്വീകരിച്ച ഈ നാട്ടില്‍ ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തിന്‍റെ തിരിനാളം അണയാതെ കാക്കുന്ന ഇവിടത്തെ സഹനസഭയുടെയും ക്രൈസ്തവ മക്കളുടെയും ജീവിതത്തിനും നമുക്ക് ദൈവത്തിന് നന്ദിപറയാം.
Extract from the discourse of Pope Benedict XVI from the Basilica of St. Paul, Harissa








All the contents on this site are copyrighted ©.