2012-09-14 16:42:57

മാര്‍പാപ്പയുടെ ലെബനോണ്‍ പര്യടനത്തിന്‍റെ പശ്ചാത്തലം


ലെബനോണ്‍ : ‘Pax Vobis’, ‘നിങ്ങള്‍ക്കു സമാധാനം’ എന്ന ആപ്തവാക്യവുമായി മാര്‍പാപ്പ എത്തിയിരിക്കുന്ന ലെബനോണ്‍ മദ്ധ്യപൂ൪വ്വദേശത്ത് മദ്ധ്യധരണാഴിയുടെ വക്കിലായി സ്ഥിതിചെയ്യുന്ന മലകള്‍ നിറഞ്ഞ ഒരു കൊച്ചു രാജ്യമാണ്. ബെയ്റൂട്ടാണ്‌ ലെബനോണിന്‍റെ തലസ്ഥാനനഗരം. വടക്ക്, കിഴക്ക് ഭാഗത്തായി സിറിയയും തെക്ക് ഭാഗത്തായി ഇസ്രയേലുമാണ് ലെബനന്റെ അയല്‍രാജ്യങ്ങള്‍. ലെബനണ്‍ എന്ന വാക്കിന്‍റെ അ൪ത്ഥം വെളുത്തത് എന്നാണ് - മഞ്ഞു നിറഞ്ഞ ലബനോണിന്‍റെ ഭൂപ്രകൃതിയെ അനുസ്മരിപ്പിക്കുന്ന പേര്. ദേവദാരുവാണ് ദേശീയ വൃക്ഷം.

ചരിത്രം : പ്രകൃതി ഭംഗിയോടൊപ്പം സമ്പന്നമായ സാംസ്ക്കാരിക പൈതൃകവുമുള്ള നാടാണ് ലെബനോണ്‍....ബി.സി 5000 വരെ പിന്നിലേക്കു പോകുന്ന ചരിത്രപാരമ്പര്യം ഈ നാടിനുണ്ട്. ചരിത്ര സാംസ്ക്കാരിക പെരുമയ്ക്കൊപ്പം നിരവധി കറുത്ത അധ്യായങ്ങളും ഏതൊരു രാജ്യത്തേയും പോലെ ഈ രാഷ്ട്രവും മറികടന്നിട്ടുണ്ട്. 400 വര്‍ഷക്കാലം ഓട്ടൊമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന ലബനോണില്‍ ഒന്നാം ലോകമഹായുദ്ധ സമയത്ത് ഫ്രാന്‍സ് സ്വാധീനം ചെലുത്താന്‍ തുടങ്ങി. 1920ന്‍റെ ആദ്യപകുതിയില്‍ ‘അറേബ്യന്‍ സിറിയ’ എന്ന ഹ്രസ്വകാല സാമ്രാജ്യം ലെബനോണിനുമേല്‍ ആധിപത്യം നേടിയെങ്കിലും അവരെ തുരത്തിക്കൊണ്ട് ഫ്രാന്‍സ് ദേവദാരുക്കളുടെ നാട് സ്വന്തമാക്കി. 1943ല്‍ ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ അവസാനിച്ചിരുന്നില്ല. രാഷ്ട്രീയ അനിശ്ചിതത്വത്തിനും അയല്‍രാജ്യങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ക്കും പുറമേ ആഭ്യന്തര യുദ്ധത്തിന്‍റെ ഭീകരയ്ക്കും ഈ കൊച്ചു രാഷ്ട്രം സാക്ഷൃം വഹിച്ചു.

1975ല്‍ ആഭ്യന്തരയുദ്ധം (1975-1990) തുടങ്ങുന്നതു വരെ ലെബനോണ്‍ താരതമ്യേന ശാന്തവും സ‌മൃദ്ധവുമായിരുന്നു. വിനോദസഞ്ചാരം, കൃഷി, ബാങ്കിങ്ങ് വ്യവസായം എന്നിവ ലെബനന്റെ സാമ്പത്തിക വള൪ച്ചയ്ക്ക് ആക്കം കൂട്ടി. അറബ് ലോകത്തിന്റെ ബാങ്കിങ്ങ് തലസ്ഥാനമായും മദ്ധ്യപൂ൪വ്വദേശത്തെ സ്വിറ്റ്സര്‍ലാന്‍റായും ലെബനോണ്‍ അറിയപ്പെട്ടു. ധാരാളം വിനോദസഞ്ചാരികളെയും ലെബനോണിന്‍റെ സൗന്ദര്യം നുകരാനെത്തി. വിനോദസഞ്ചാരികളുടെ എണ്ണം കാരണം മദ്ധ്യപൂ൪വ്വദേശത്തെ പാരീസ് എന്ന് ലെബനോണിന്‍റെ തലസ്ഥാനമായ ബെയ്രൂട്ട് അറിയപ്പെട്ടു.

രാഷ്ട്രീയ പശ്ചാത്തലം : പതിനഞ്ചുവര്‍ഷത്തോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധം രാജ്യത്തെ താറുമാറാക്കി എന്നു മാത്രമല്ല സിറിയയുടെ അധിനിവേശത്തിനും വഴിതെളിച്ചു. 2005വരെ സിറിയന്‍ ആധിപത്യത്തിനു കീഴിലായിരുന്നു ലെബനോണ്‍. ലെബനോണില്‍ സിറിയ ആധിപത്യം പുലര്‍ത്തുമ്പോഴും ദക്ഷിണ ല‍െബനോണിന്‍റെ ചിലഭാഗങ്ങള്‍ ഇസ്രായേല്‍ കീഴടക്കിയിരുന്നു. 2000ലാണ് ഇസ്രായേല്‍ ദക്ഷിണ ല‍െബനോണില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങിയത്. ലബനോണ്‍ പ്രധാനമന്ത്രിയായിരുന്ന റഫീക്ക് ഹരീരി 2005 ഏപ്രില്‍ മാസത്തില്‍ വധിക്കപ്പെട്ടതോടെ സിറിയയ്ക്കെതിരെ ജനവികാരം ശക്തിപ്പെട്ടു. അതിനുപുറമേ അന്താരാഷ്ട്ര സമൂഹത്തിന്‍റെ സമ്മര്‍ദവും കടുത്തതോടെ സിറിയയും ലെബനോണില്‍ നിന്നു പിന്‍വാങ്ങി. പ്രധാനമന്ത്രി റഫീക്ക് ഹരീരിയുടെ പേരാണ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നല്‍കിയിരിക്കുന്നത്.

ഇതര മധ്യപൂര്‍വ്വദേശ രാഷ്ട്രങ്ങളെ അപേക്ഷിച്ച് മതവൈവിധ്യം കൂടുതലുള്ള രാജ്യമാണ് ലെബനോണ്‍. ക്രൈസ്തവ മതവും ഇസ്ലാം മതവുമാണ് പ്രധാനമതങ്ങള്‍. ഇരുമതങ്ങളിലേയും നിരവധി സാമുദായിക വിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ലെബനോണില്‍ സമുദായ സന്തുലനത പരിഗണിച്ച് 1932 മുതല്‍ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പുകള്‍ നടത്തുന്നതു നിറുത്തിവച്ചിരിക്കുകയാണ്. ഇപ്പോള്‍ ലെബനോണില്‍ നിലവിലുള്ള ഭരണസംവിധാനവും മത-സാമുദായിക സന്തുലനം കാത്തുപാലിക്കുന്നതാണ്. കഴിയുന്നത്ര സമതുലിതമായി മതസമുദായങ്ങള്‍ക്ക് അധികാരം വിഭജിച്ചുകൊടുക്കുന്ന കണ്‍ഫെഷണലിസം എന്ന പ്രത്യേക രാഷ്ട്രീയ സംവിധാനമാണ് ലെബനോണില്‍ നിലനില്ക്കുന്നത്.

കത്തോലിക്കാ സഭ ലെബനോണില്‍

ലെബനോനിലെ ആകെ ജനസംഖ്യ ഏകദേശം 4,03,90,00 ളം വരും. അതില് ഏകദേശം 2,14,80,00 കത്തോലിക്കരാണ്. ഏഴു റീത്തുകളുടെ കീഴില്‍ അതിരൂപതകളും, രൂപതകളും വികാരിയാത്തുകളുമായി കത്തോലിക്കാ സഭയ്ക്ക് 24 സഭാഭരണകേന്ദ്രങ്ങളാണുള്ളത്. 1126 ഇടവകകളും 39 അജപാലന കേന്ദങ്ങളുമുണ്ട്.

53 മെത്രാന്‍മാരുടെ നേതൃത്വത്തില്‍ 840 രൂപതാ വൈദീകരും 703 സന്ന്യസ്ത വൈദീകരും ഉള്‍പ്പെടെ 1543 വൈദീകര്‍ ലെബനോണില്‍ അജപാലനശുശ്രൂഷ നിര്‍വ്വഹിക്കുന്നു. അതിനുപുറമേ സഭാശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 147 സന്യാസികളും 2650 സന്ന്യാസിനികളും അന്നാട്ടില്‍ സേവനമനുഷ്ഠിക്കുന്നു.

ലെബനോനിലെ ഇപ്പോഴത്തെ അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഗബ്രിയേല് ജോ൪ദ്ദാനോ കാച്ച ആണ്. ലെബനനിലെ പാത്രിയാര്‍ക്കീസുമാരുടെയും മെത്രാന്‍മാരുടെയും ദേശീയ സമിതിയുടെ അദ്ധ്യക്ഷന്‍ അന്ത്യോക്ക്യ൯ മാരണൈറ്റ് സഭയുടെ പാത്രീയാ൪ക്കീസ് മാ൪ ബെക്കറാ ബൌത്രോസ് അല്‍ റാഹി ആണ്.

മാര്‍പാപ്പമാര്‍ ല‍െബനോണില്‍

പോള്‍ ആറാമന്‍ മാര്‍പാപ്പയുടേയും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേയും സ്മരണകളോടെയാണ് ബെയ്റൂട്ട് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ സ്വീകരിക്കുന്നത്. വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1997 മെയ് മാസത്തില്‍ ലെബനോണ്‍ സന്ദര്‍ശിച്ചത് "ലെബനോന് നൂതന പ്രത്യാശ " എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനത്തിന്‍റെ പ്രകാശനത്തിനായാണ്. അതിനു മുന്‍പ് 1994ല്‍ ലെബനോന്‍ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്കു പദ്ധതിയുണ്ടായിരുന്നെങ്കിലും അക്കാലത്തെ രൂക്ഷമായ രാഷ്ട്രീയ സാഹചര്യവും അക്കൊല്ലം ഫെബ്രുവരി മാസത്തിലുണ്ടായ സ്ഫോടന പരമ്പരയും മൂലം ആ പദ്ധതി ഉപേക്ഷിച്ചു. ഒടുവില്‍ 1997 ല്‍ ദിദ്വിന സന്ദര്‍ശനത്തിനായി ലെബനോണിലെത്തിയപ്പോഴും ബെയ്റൂട്ടില്‍ മാത്രമാണ് പാപ്പ പര്യടനം നടത്തിയത്.
പോള്‍ ആറാമന്‍ മാര്‍പാപ്പയും ബെയ്റൂട്ടിലെത്തിയിട്ടുണ്ട്. 1964ല്‍ മുംബൈ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി യാത്രചെയ്യുമ്പോള്‍ ഒരു ഇടത്താവളമെന്ന നിലയിലായിരുന്നു അതെന്നു മാത്രം.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം.

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തോട് ഏറെ സാമ്യമുള്ളതാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം. മെത്രാന്‍മാരുടെ സിനഡ് മധ്യപൂര്‍വദേശത്തിനുവേണ്ടി നടത്തിയ പ്രത്യേക സമ്മേളനത്തിന്‍റെ സിനഡാനന്തര അപ്പസ്തോലിക പ്രബോധനത്തിന്‍റെ (“മധ്യപൂര്‍വ്വദേശത്തെ സഭ- Ecclesia in Medio Oriente”) പ്രകാശനമാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്‍റെ മുഖ്യ ലക്ഷൃം.
സെപ്റ്റംമ്പര്‍ 14-ാം തിയതി പ്രാദേശിക സമയം രാവിലെ 9.30-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍നിന്നും പുറപ്പെടുന്ന പാപ്പ, മദ്ധ്യാഹ്നത്തില്‍ 1.45-ന് ലെബനോന്‍റെ തലസ്ഥാനമായ ബെയ്റൂട്ടിലെ റഫീക്ക് ഹരീരി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങും. ഔദ്യോഗിക സ്വീകരണച്ചടങ്ങുകള്‍ക്കു ശേഷം ഹരീസ്സായിലുള്ള വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ബസിലിക്കായില്‍വച്ച് 2010 ഒക്ടോബറില്‍ ചേര്‍ന്ന മദ്ധ്യപൂര്‍വ്വദേശത്തെ മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ പ്രമാണരേഖയില്‍ പാപ്പ ഒപ്പുവയ്ക്കും. സെപ്റ്റംമ്പര്‍ 15-ാം തിയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ബാബ്ഡായില്‍വച്ച് ലെബനോണിന്‍റെ പ്രസിഡന്‍റ്, പ്രധാനമന്ത്രി, നിയമസഭാ സ്പീക്കര്‍ എന്നിവരുമായി പാപ്പാ അനൗപചാരിക കൂടിക്കാഴ്ച നടത്തും.
അന്നു രാവിലെ തന്നെ ലെബനോനിലെ ഇസ്ലാം മതപ്രതിനിധികളുമായി സംവദിക്കുന്ന പാപ്പാ, രാഷ്ട്രത്തിന്‍റെ നയതന്ത്ര പ്രതിനിധികള്‍, മത-സാംസ്ക്കാരിക മേഖലകളിലെ പ്രമുഖര്‍, ഭരണകൂടത്തിന്‍റെ നേതാക്കന്മാര്‍, പൊതുസ്ഥാപനങ്ങളുടെ തലവന്മാര്‍ എന്നിവരുമായി ബാബ്ഡായിലുള്ള പ്രസിഡന്‍റിന്‍റെ മന്ദിരത്തില്‍വച്ച് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന്, മദ്ധ്യപൂര്‍വ്വ ദേശ സിനഡ് സമ്മേളനത്തിലെ മെത്രാന്മാര്‍, ലെബനോനിലെ ദേശീയ മെത്രാന്‍ സമിതി അംഗങ്ങള്‍, പാപ്പായുടെ സഹയാത്രികര്‍ എന്നിവര്‍ സൊമ്മാറിലെ അര്‍മേനിയന്‍ കത്തോലിക്കാ പാത്രീയാര്‍ക്കീസിന്‍റെ മന്ദിരത്തില്‍വച്ച് പാപ്പായ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും. ബെര്‍ക്കേയിലെ മാരൊനൈറ്റ് പാത്രിയര്‍ക്കേറ്റില്‍വച്ചു നടത്തപ്പെടുന്ന യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയോടെയാണ് പാപ്പായുടെ ലെബനോനിലെ രണ്ടാം ദിവസം സമാപിക്കുന്നത്. സന്ദര്‍ശനത്തിന്‍റെ മൂന്നാം ദിവസം ഞായറാഴ്ച രാവിലെ 10 മണിക്ക് ബെയ്റൂട്ട് നഗരമദ്ധ്യത്തിലുള്ള നദീതട മൈതാനിയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടും. ദിവ്യബലിമദ്ധ്യേയാണ് മദ്ധ്യപൂര്‍വ്വദേശ മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ പ്രമാണരേഖകള്‍ പാപ്പ പ്രകാശനംചെയ്യുന്നത്. ദിവ്യബലിയെത്തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം പാപ്പ ത്രികാലപ്രാര്‍ത്ഥനയും ചൊല്ലും. ഹരീസ്സായിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്ന പാപ്പ, വൈകുന്നേരം 5.15-നുള്ള സഭൈക്യ സമ്മേളനത്തില്‍ പങ്കെടുത്ത് സന്ദേശം നല്കും. ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ബെയ്റൂട്ട് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പാപ്പാ റോമിലേയ്ക്ക് യാത്രതിരിക്കും.

മധ്യപൂര്‍വദേശത്തെ മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ലെബനോണ്‍ പൊതുവേ ശാന്തമാണെങ്കിലും പൂര്‍ണ്ണമായും സമാധാനപരമായ അന്തരീക്ഷമല്ല ഇന്നവിട‍െയുള്ളത്, പ്രത്യേകിച്ച് അയല്‍രാജ്യമായ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍.
Pax Vobis, ‘നിങ്ങള്‍ക്കു സമാധാനം’ എന്ന ആപ്തവാക്യവുമായി മാര്‍പാപ്പ നടത്തുന്ന ഇടയ സന്ദര്‍ശനം ലെബനോണിനും മധ്യപൂര്‍വ്വദേശം മുഴുവനും ശാന്തിയുടേയും സമാധാനത്തിന്‍റേയും സന്ദേശമായിരിക്കട്ടെ!








All the contents on this site are copyrighted ©.