2012-09-12 20:31:25

പാവങ്ങളുടെ അമ്മയ്ക്ക്
സ്മരണാഞ്ജലി


12 സെപ്റ്റംമ്പര്‍ 2012, റോം
മദര്‍ തെരേസായ്ക്ക് കലാലോകത്തിന്‍റെ സ്മരണാഞ്ജലി. ‘ദൈവത്തിന്‍റെ കയ്യിലെ തൂലിക മാത്രമാണ് താനെന്ന്,’ വളരെ എളിമയോടെ സ്വയം വിശേഷിപ്പിച്ചിട്ടുള്ള കല്‍ക്കട്ടയിലെ മദര്‍ തെരേസായുടെ 15-ാം ചരമവാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് റോമില്‍ സെപ്റ്റംമ്പര്‍ 15-മുതല്‍ 21-വരെ തിയതികളില്‍ The Pencil of God ‘ദൈവത്തിന്‍റെ തൂലിക’ എന്ന കലാപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് വത്തിക്കാന്‍ ഗ്രന്ഥാലയത്തിന്‍റെ പ്രസ്താവന വെളിപ്പെടുത്തി. റോമിലെ വിഖ്യാതമായ സ്പാനിഷ് ചത്വരത്തില്‍ സ്ഥിതിചെയ്യുന്ന വിശ്വാസ പ്രഘോഷണത്തിനായുള്ള വത്തിക്കാന്‍റെ കാര്യാലയത്തിലെ പോള്‍ ആറാമന്‍ ലൈബ്രറിയിലാണ് ഒരാഴ്ച നീണ്ടുനില്ക്കുന്ന പ്രദര്‍ശനം വത്തിക്കാന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

മദര്‍ തെരേസായുടെ ജന്മനാടായ കൊസോവോയിലെയും റോമിലെയും പ്രശസ്തരായ കലാകാരന്മാര്‍ സംയുക്തമായിട്ടാണ് ആതുരശുശ്രൂഷയുടെ മേഖലയില്‍ അനശ്വരയായ പാവങ്ങളുടെ അമ്മയ്ക്ക് കലാപരമായ ഈ ശ്രദ്ധാജ്ഞലി ആര്‍പ്പിക്കുന്നതെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി..
പാവങ്ങളോടുള്ള സ്നേഹത്തെപ്രതി ലൊരേത്തോ മിഷണറിയായി കിഴക്കന്‍ യൂറോപ്പിലെ അല്‍ബേനിയയില്‍നിന്നും 1948-ല്‍ കല്‍ക്കട്ടയിലെത്തിയ മദര്‍ തെരീസാ, 1997 സെപ്തംമ്പര്‍ 5-ാം തിയതി
87-ാമത്തെ വയസ്സില്‍ അന്തരിച്ചു. 1971-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരം കരസ്ഥമാക്കി. ജോണ്‍ പോള്‍ രണ്ടമന്‍ പാപ്പ 2003-ല്‍ മദര്‍ തെരേസായെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കും ഉയര്‍ത്തി.








All the contents on this site are copyrighted ©.