2012-09-11 14:11:10

രോദനം ശ്രവിക്കുന്ന കര്‍ത്താവ് (7)
കഠിന ഹൃദയനായ ഫറവോ



RealAudioMP3
പുറപ്പാടിന്‍റെ പുസ്തകം ആരംഭിക്കുന്നത് യാക്കോബും സന്താനങ്ങളും ഈജിപ്തില്‍ എത്തിയ സംഭവങ്ങള്‍ വിവിരിച്ചുകൊണ്ടാണല്ലോ. പൂര്‍വ്വപിതാവായ യോക്കോബിന്‍റെ പ്രിയ സന്താനമായിരുന്ന ജോസഫിന്‍റെ മരണശേഷം ഇസ്രായേല്‍ ജനത്തിന് ഈജിപ്തില്‍ നേരിടേണ്ടിവന്ന പ്രശ്നങ്ങളെ വിവരിച്ചുകൊണ്ടാണ് പുറപ്പാടിന്‍റെ ആദ്യ അദ്ധ്യായം തുടക്കിമിടുന്നത്. ഇസ്രായേല്‍ ജനത്തിന്‍റെ ആരംഭം എങ്ങനെ ആയിയിരുന്നുവെന്നാണ് ഉല്‍പ്പത്തി പുസ്തകം വിശദീകരിച്ചതെങ്കില്‍, ആ ജനം എപ്രകാരം ദൈവജനമായി രൂപാന്തരപ്പെട്ടുവെന്നാണ് പുറപ്പാടു ഗ്രന്ഥം വിവിരിക്കുന്നത്. ദൈവം തിരഞ്ഞെടുത്ത ജനത്തെ ചരിത്രത്തിലൂടെ നയിക്കുവാന്‍ അവിടു്നു വിളിക്കുന്നത് ഇസ്രായേല്യര്‍ക്കിടയിലെ ലേവി വംശജനായ മോശയെയാണ്. ദൈവത്തിന്‍റെ വിളിയോടുള്ള അയാളുടെ പ്രതികരണമാണ് തുടര്‍ന്നു നാം പഠിക്കുന്നത്.

മോശയെ ദൈവം വിളിച്ച് ദൗത്യം നല്കിയെങ്കിലും അയാള്‍ മേദിയാനില്‍തന്നെ കുടുംബത്തോടൊപ്പം പാര്‍ക്കുകയായിരുന്നു. കാരണം തന്‍റെ വിളിയെക്കുറിച്ച് അയാള്‍ നിസ്സംഗനായിരുന്നു. ഒരുനാള്‍ കര്‍ത്താവിന്‍റെ മലയെന്നു വിളിക്കപ്പെടുന്ന ഹൊറേബില്‍ ആടുകളെ മേയ്ക്കവേ ദൈവം വീണ്ടും മോശയോട് സംസാരിച്ചു. തന്‍റെ നിസ്സാരതയിലും മനുഷ്യത്വത്തിലും തന്നോടും സംസാരിച്ച ദൈവത്തിന്‍റെ പേര് അറിയുവാന്‍ മോശ ആഗ്രഹിച്ചു. തദവസരത്തില്‍ ദൈവം മോശയോട് ‘യാഹ്വേ’ എന്നു പറഞ്ഞതായിട്ടാണ് പുറമ്പാടു ഗ്രന്ഥം രേഖപ്പെടുത്തിയിരിക്കുന്നത്. യാഹ്വേ എന്ന പദത്തിന്‍റെ ഉല്‍പ്പത്തിയും അര്‍ത്ഥവും ഉച്ചാരണവുമെല്ലാം സംബന്ധിച്ച് പലതരത്തിലുള്ള വ്യാഖ്യനങ്ങളുണ്ട്. പൗരസ്ത്യ ചിന്തയനുസരിച്ച് ഏതെങ്കിലും ഒന്നിന്‍റെ പേരിനെക്കുറിച്ചുള്ള അറിവ് ആ വസ്തുവിന്‍റെ മേലുള്ള അവകാശവും അധികാരവും സൂചിപ്പിക്കുന്നു. അതുകൊണ്ട് യഥാര്‍ത്ഥ ദൈവനാമം മനുഷ്യന് അജ്ഞാതവും അപ്രാപ്യവുമാണെന്നാണ് യഹൂദ ചിന്തയും ഹെബ്രാ ഭാഷയിലുള്ള ഈ പദത്തിന്‍റെ പ്രയോഗവും നമ്മെ പഠിപ്പിക്കുന്നത്.

“ഇസ്രായേല്‍ മക്കളോടു നീ പറയുക. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം, നിന്നെ അവരുടെ പക്കലേയ്ക്ക് അയച്ചിരിക്കുന്നു. ‘യാവേ’, ഇതാണ് എന്നേയ്ക്കുമുള്ള എന്‍റെ നാമധേയം. സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും അങ്ങനെ ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടട്ടെ.”

മോശ പിന്നെയും വൈമനസ്സ്യം കാണിച്ചു. അയാള്‍ വിളിയനുസ്സരിച്ച് മുന്നോട്ടു പോകാന്‍ സന്നദ്ധനായില്ല. കാരണം, ദൈവം ആവശ്യപ്പെട്ടത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അയാള്‍ വിളി തിരസ്ക്കരിച്ചു.

അപ്പോള്‍ ദൈവം തന്‍റെ നാമം വെളിപ്പെടുത്തികൊണ്ട്, പണ്ടു മുതല്‍ക്കേ മനുഷ്യനോട് ഉണ്ടായിരുന്നതും, എന്നേയ്ക്കും നിലനില്‍ക്കുന്നതുമായ അവിടുത്തെ വിശ്വസ്തത വെളിപ്പെടുത്തുന്നു. അവിടുന്ന് കാലാതീതനാണെന്നും അവിടുത്തെ വിശ്വസ്ത ശാശ്വതമാണെന്നും വ്യക്തമാക്കുന്നു. ‘യാവേ, I am who am…ഞാന്‍ ആകുന്നുവന്‍’ എന്ന് സ്വയം വെളിപ്പെടുത്തുന്ന ദൈവം എന്നുമെന്നും ജീവിക്കുന്നവനും, തന്‍റെ ജനത്തെ രക്ഷിക്കുന്നവനും, സദാ അവരോടൊപ്പം സന്നിഹിതനുമാണെന്ന് മോശയ്ക്ക് മനസ്സിലാക്കിക്കൊടുത്തു.
ദൈവം മോശയോടു പറഞ്ഞു,
“ഞാന്‍ കൈനീട്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് ഈജിപ്തിനെ പ്രഹരിക്കും. അപ്പോള്‍ ഫറവോ ജനത്തെ വിട്ടയയ്ക്കും. ഈജിപ്തുകാരുടെ ദൃഷ്ടിയില്‍ ഞാന്‍ ഈ ജനത്തോടും ബഹുമാനം ഉളവാക്കും. അങ്ങനെ ഇസ്രായേല്‍ ജനം ഒന്നുമില്ലാത്തവരായി പോകാന്‍ ഞാന്‍ അനുവദിക്കുകയില്ല.”

മോശ ദൈവത്തോടു പറഞ്ഞു, “ഇസ്രായേല്യര്‍ എന്നെ വിശ്വസിക്കുകയില്ല, ദൈവമേ. എന്‍റെ വാക്കുകള്‍ അവര്‍ ചെവിക്കൊള്ളുകയില്ല. അങ്ങ് എനിക്ക് പ്രത്യക്ഷപ്പെട്ടിട്ടില്ല, എന്നുതന്നെ അവര്‍ പറയും.”


ദൈവം മോശയോടു ചോദിച്ചു, “മോസസ്, നിന്‍റെ കൈയ്യില്‍ ഇരിക്കുന്നത് എന്താണ്?”
“ഇത് എന്‍റെ ഇടയവടിയാണ്,” അയാള്‍ ഉത്തരംപറഞ്ഞു.
ദൈവം ആജ്ഞാപിച്ചു. “നീ അത് നിലത്തിടുക.”
ഉടനെ അത് സര്‍പ്പമായി മാറി. മോശ അതുകണ്ട്, ഭയന്നു മാറിനിന്നു. അപ്പോള്‍ കര്‍ത്താവ് അരുള്‍ചെയ്തു, “കൈനീട്ടി നീ അതിന്‍റെ വാലില്‍ പിടിക്കുക.” മോശ അപ്രകാരം ചെയ്തു.
അത് പൂര്‍വ്വരൂപം പ്രാപിച്ചു, വടിയായി മാറി.

വീണ്ടും ദൈവം അടയാളം നല്കി, “നിന്‍റെ കൈയ്യെടുത്ത് മാറിടത്തില്‍ വയ്ക്കുക.”
മോശ അപ്രകാരം ചെയ്തു. കൈതിരിച്ചെടുത്തപ്പോള്‍ അതില്‍ വെളുത്ത കുഷ്ഠമുള്ളതായി കാണപ്പെട്ടു. വീണ്ടും കൈ മാറിടത്തില്‍ വയ്ക്കാന്‍ ദൈവം ആവശ്യപ്പെട്ടു. അപ്പോള്‍ അത് സൗഖ്യപ്പെടുകയും ചെയ്തു.
“മോസസ്, ഞാന്‍ നല്കിയ ആദ്യത്തെ സാക്ഷൃം ഈജിപ്തുകാര്‍ സ്വീകരിക്കാതെ വന്നാല്‍, രണ്ടാമത്തെ അടയാളം ഉപയോഗിക്കുക, അപ്പോള്‍ അവര്‍ നിന്നില്‍ വിശ്വസിച്ചേക്കും.”.

ദൈവം മോശയ്ക്ക് മൂന്നാമതും ഒരടയാളം നല്കി.
“നദിയില്‍നിന്നും കൈകൊണ്ടു വെള്ളംകോരി കരയില്‍ ഒഴിക്കുക,” മോശയോട് ദൈവം ആവശ്യപ്പെട്ടു. കരയില്‍ ഒഴിച്ച വെള്ളം മുഴുവന്‍ രക്തമായി രൂപംകൊണ്ടു.
അപ്പോള്‍ ദൈവം പറഞ്ഞു. “ഈ അടയാളം, നിങ്ങളുടെ പിതാക്കന്മാരുടെ - അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം നിനക്കു പ്രത്യക്ഷപ്പെട്ടുവെന്നതിന്‍റെ തെളിവായി, ഇസ്രായേലിലെ ശ്രേഷ്ഠന്മാരെ നീ വിളിച്ചുകൂട്ടി അവര്‍ക്ക് കാണിച്ചുകൊടുക്കുക.”

ഇസ്രായേലിന്‍റെ മോചനമെന്ന വലിയ വെല്ലുവിളിയായിരുന്നു മോശയ്ക്കു മുന്നില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെയാണ് മോശ ഒഴിവുകഴിവുകള്‍ പറഞ്ഞത്. എന്നാല്‍ ദൈവത്തില്‍നിന്നും ഒളിച്ചോടുക അസാദ്ധ്യമാണ്. പല ന്യായങ്ങളും മോശ പറയുമെങ്കിലും അവയ്ക്കോരോന്നിനും ദൈവം തക്ക മറുപടി നല്കി. മാത്രമല്ല, ദൗത്യ നിര്‍വ്വഹണത്തിനായി ദൈവം അയാളെ തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

തന്‍റെ ജനത്തിനായ് ഒരുക്കിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ദൈവം മോശയെ അത്ഭുതശക്തികള്‍കൊണ്ട് കരുപ്പിടിപ്പിച്ചു.
എന്നിട്ടും മോശയ്ക്ക് ദൈവത്തിന്‍റെ വിളിയെക്കുറിച്ച് ബോധ്യമായില്ല.
വീണ്ടും പറഞ്ഞു. “കര്‍ത്താവേ, ഞാന്‍ സംസാരശേഷി ഇല്ലാത്തവനാണ്. സംസാരിക്കുമ്പോള്‍ എനിക്ക് തടസ്സമുണ്ട്. അതുകൊണ്ട് ദയവുണ്ടായി എനിക്കു പകരം മറ്റാരെയെങ്കിലും അയയ്ക്കണമേ.”

മോശയുടെ ദുര്‍ബലവും ഭൂരുത്വവുമാര്‍ന്ന പ്രതികരണം കണ്ട് ദൈവം കോപിച്ചു. മോസസ്, ആരാണ് മനുഷ്യനു സംസാരശക്തി നല്കിയത്. ആരാണ് അവനെ മൂകനോ ബധിരനോ കാഴ്ചയില്ലാത്തവനോ കുരുടനോ ആക്കുന്ന്.
കര്‍ത്താവായ ഞാനല്ലേ. ആകയാല്‍ നീ പുറപ്പെടുക. സംസാരിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കും. നീ പറയേണ്ടതെന്തെന്ന് ഞാന്‍ പഠിപ്പിച്ചു തരും.
അപ്പോള്‍ മോശ പറഞ്ഞു, “കര്‍ത്താവേ ദയവുണ്ടായി മറ്റാരെയെങ്കിലും അയക്കണമേ.”
ഇതുകേട്ട് കര്‍ത്താവ് മോശയോടു കോപിച്ചു.
“നിനക്ക് സംസാരപാടവമുള്ളവനും ലേവ്യരുടെ വംശത്തില്‍പ്പെട്ടവനുമായ നിന്‍റെ ഒരു സഹോദരന്‍ ഉണ്ടല്ലോ – അഹറോന്‍. നിന്‍റെ സഹായത്തിന് അവനുണ്ടാകും. നിങ്ങളുടെ രണ്ടുപേരുടേയും നാവിനെ ഞാന്‍ ബലപ്പെടുത്തും. നിങ്ങള്‍ എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും തക്കസമയത്ത് ഞാന്‍ പറഞ്ഞു തരും. ഭയപ്പെടേണ്ട. നിന്‍റെ ഇടയവടിയുമായി പോവുക. നിന്‍റെ ജനത്തെ നയിക്കുക. ഞാന്‍ നിന്‍റെ കൂടെയുണ്ട്.”

നിനക്കു പകരം അഹറോന്‍ ജനത്തോടു സംസാരിക്കും. അവന്‍ നിന്‍റെ വക്താവായിരിക്കും. ഈ ഇടവടി നീ എപ്പോഴും കൈവശം വയ്ക്കുക. നീ അതുകൊണ്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. പോവുക, പുറപ്പെടുക, നിന്‍റെ ജനത്തെ മോചിപ്പിക്കുക.”
തുടരും...
RealAudioMP3







All the contents on this site are copyrighted ©.