2012-09-11 14:14:39

മനുഷ്യാവകാശങ്ങളുടെ സംരക്ഷണം സമാധാനത്തിന്‍റേയും വികസനത്തിന്‍റേയും ആദ്യപടി: നവി പിള്ള


11 സെപ്തംബര്‍ 2012, ജനീവ
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും അത്യാവശ്യമാണെന്ന് യു. എ൯ മനുഷ്യാവകാശവിഭാഗം മേധാവി നവി പിള്ള. യു. എ൯ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ 21 ാമത് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നവി പിള്ള. യു. എ൯ മനുഷ്യാവകാശ കാര്യാലയത്തിന്‍റെ കഴിഞ്ഞ നാലു വ൪ഷങ്ങളിലെ നേട്ടങ്ങളെ പ്രകീ൪ത്തിച്ച അവര്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ഇനിയും ബഹുദൂരം മു൯പോട്ട് പോകാനുണ്ടെന്നും അനുസ്മരിപ്പിച്ചു. ദാരിദ്ര്യവും, അക്രമവും, സായുധ സംഘര്‍ഷങ്ങളും, യുദ്ധങ്ങളും, വിവേചനവും, മതങ്ങളോടുള്ള അസഹിഷ്ണുതയും, സാമ്പത്തിക പ്രതിസന്ധിയെത്തുട൪ന്ന് ഉരുത്തിരിഞ്ഞിരിക്കുന്ന സങ്കീ൪ണ്ണ പ്രശ്നങ്ങളുമെല്ലാം ഇനിയും വലിയ വെല്ലുവിളികള്‍ തന്നെയാണ്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മനുഷ്യാവകാശ ധ്വംസന പ്രവ൪ത്തനങ്ങളെ പരാമ൪ശിച്ചു സംസാരിച്ച നാവി പിള്ളൈ, സഹസ്രാബ്ദ വികസന ലക്ഷൃങ്ങള്‍ കൈവരിക്കാന്‍ ഇനിയും വളരെ മു൯പോട്ട് പോകേണ്ടതുണ്ടെന്ന് സമിതിയെ ഓ൪മ്മിപ്പിച്ചു. മനുഷ്യാവകാശ പ്രവ൪ത്തനങ്ങളുടെ നടത്തിപ്പിനായി ഇപ്പോള്‍ ലഭ്യമായ സാമ്പത്തിക സഹായം വളരെ പരിമിതമായിരിക്കുന്നതിനാല്‍ കൂടുതല്‍ രാജ്യങ്ങളുടെ സഹകരണവും സഹായവും ഈ മേഖലയില്‍ ആവശ്യമാണെന്ന് അവ൪ പ്രസ്താവിച്ചു.

ലണ്ടനില്‍ നടന്ന ഒളിമ്പിക്സിനെക്കുറിച്ച് പരാമ൪ശിച്ചു കൊണ്ടാണ് നവി പിള്ള തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചത്. ലിംഗവിവേചനവും, അക്രമസാഹചര്യങ്ങളും അതിജീവിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നും സോമാലിയായില്‍ നിന്നും ഒളിമ്പിക്സില്‍ പങ്കെടുത്ത വനിതാ കായിക താരങ്ങള്‍ മനുഷ്യാവകാശത്തെക്കുറിച്ചുള്ള വലിയ സന്ദേശമാണ് നല്കുന്നതെന്ന് അവര്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.