2012-09-11 14:12:46

അറബുവസന്തത്തിന്‍റെ അന്തരഫലങ്ങള്‍


11 സെപ്തംബര്‍ 2012, ഇസ്താംബൂള്‍
തു൪ക്കിയിലെ ഇസ്താംബൂളില്‍ സെപ്തംബര്‍ 7, 8 തീയതികളില്‍ നടന്ന അന്താരാഷ്ട്ര മതാന്തര സംവാദ സമ്മേളനം മദ്ധ്യപൂ൪വ്വദേശത്ത് സമാധാനം സ്ഥാപിക്കാനുള്ള സാധ്യതകളും, അറബ് വസന്തത്തെക്കുറിച്ചുള്ള ക്രിസ്ത്യന്‍-മുസ്ലീം കാഴ്ചപ്പാടുകളും ച൪ച്ച ചെയ്തു. തു൪ക്കിയിലെ ഇസ്ലാം പഠനകേന്ദ്രവും മദ്ധ്യപൂ൪വ്വദേശാനുബന്ധ പഠനങ്ങള്‍ക്കായുള്ള മ൪മറ സ൪വ്വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച ഈ സമ്മേളനത്തില്‍ മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പുതിയ സെക്രട്ടറി മിഗുവേല്‍ അയുസോ, പരിശുദ്ധസിംഹാസനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
മദ്ധ്യപൂ൪വ്വദേശത്തെ ജനാധിപത്യമുന്നേറ്റങ്ങളുടെ ഭാഗമായി 2010 ഡിസംബര്‍ 18 ന് തുര്‍ക്കിയില്‍ തുടക്കം കുറിച്ചതും മദ്ധ്യപൂ൪വ്വദേശത്തും വടക്കേ ആഫ്രിക്കയിലും നടന്ന പൊതുജനമുന്നേറ്റങ്ങളാണ് അറബ് വസന്തം അല്ലെങ്കില് അറബ് വിപ്ലവം എന്ന പേരില്‍ അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കളും, ബുദ്ധിജീവികളും, മാധ്യമപ്രവ൪ത്തകരും വളരെ ആകാംഷയോടെയാണ് ഈ പ്രതിഭാസത്തെ ഉറ്റ് നോക്കുന്നത്. മദ്ധ്യപൂ൪വ്വദേശത്ത് മതങ്ങളുടെ പങ്കിനെക്കുറിച്ച് ച൪ച്ച ചെയ്യാന്‍ അറബ് രാജ്യങ്ങളിലെ ക്രൈസ്തവ - മുസ്ലീം മതനേതാക്കളെയും മറ്റുവിദഗ്ധരും ആദ്യമായി ഒരുമിച്ചു കൂട്ടിയ സമ്മേളനമാണ് ഇസ്താംബൂളില്‍ നടന്നത്.

മദ്ധ്യപൂ൪വ്വദേശത്ത് രൂപീകൃതമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംസ്കാരം ഓരോ രാജ്യത്തിന്റെയും ഐക്യത്തിലും തനിമയിലും ഊന്നിയതും, തുല്യപൗരാവകാശത്തിലും, സാംസ്കാരിക വൈവിധ്യത്തിലും, വിവിധ മതങ്ങളോട് ആദരവ് പുല൪ത്തുന്നതിലും കേന്ദ്രീകരിച്ചുള്ള ഒന്നാവണമെന്ന് സമ്മേളനം നിരീക്ഷിച്ചു. വൈവിധ്യങ്ങളെ ഒരു പ്രശ്നമായി കാണുന്നതിനു പകരം ഒരു മുതല്‍ക്കൂട്ടായി കാണണം. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ മതങ്ങളെ അവരുടെ സ്വാ൪ത്ഥതാത്പര്യങ്ങള്‍ക്കു വേണ്ടി വിനിയോഗിച്ചിട്ടുണ്ട്. എന്നിരുന്നാലും ഭാവിയില്‍ നല്ല മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനും സാമൂഹ്യപരിവര്‍ത്തനത്തിന്‍റെ ചാലകങ്ങളായി വ൪ത്തിക്കാനും മതങ്ങള്‍ക്ക് കഴിയും. അതിനായി കൂട്ടായി പ്രവ൪ത്തിക്കണമെന്നും വാ൪ത്താമാധ്യമങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മത കേന്ദ്രങ്ങളും ഈ ലക്ഷത്തിനുവേണ്ടി വിനിയോഗിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.