2012-09-10 15:26:01

സരാജെവോയിലെ സമാധാന സമ്മേളനത്തിന് മാര്‍പാപ്പയുടെ ആശംസകള്‍


10 സെപ്തംബര്‍ 2012, സരാജെവോ
മതനിരപേക്ഷതയ്ക്കും അക്രമത്തിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നതിനുമെതിരേ പോരാടണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ബോസ്നിയ-ഹെര്സോഗോവിനയുടെ തലസ്ഥാനമായ സരാജെവോയില്‍ നടക്കുന്ന സമാധാനത്തിനുവേണ്ടിയുള്ള സര്‍വ്വമത സമ്മേളനത്തിനയച്ച അനുഗ്രഹ സന്ദേശത്തിലാണ് മാര്‍പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

1990 ല്‍ യൂഗോസ്ലാവിയയുമായി പിരിഞ്ഞതിനുശേഷം ഏറെ അക്രമസംഭവങ്ങള്‍ക്ക് സാക്ഷൃം വഹിച്ച സരാജെവോയില്‍ സെര്‍ബിയന്‍ ഓര്‍ത്തഡോക്സുകാരും, കത്തോലിക്കരും, മുസ്ലീങ്ങളും, യഹൂദരും സമാധാനത്തിനുവേണ്ടി ഇങ്ങനെ സമ്മേളിക്കുന്നത് ആദ്യമായിട്ടാണ്. ഒരു കാലത്ത് യൂറോപ്പിന്‍റെ ജറുസലേം എന്നറിയപ്പെട്ടിരുന്ന പട്ടണമാണ് സരാജെവോ.

റോം കേന്ദ്രീകൃതമായി പ്രവ൪ത്തിക്കുന്ന എജിഡിയോ സമൂഹമാണ് സെപ്തംബര്‍ 9 മുതല് 11 വരെ നടക്കുന്ന ഈ അന്താരാഷ്ട്ര സമാധാനസമ്മേളനത്തിന് നേതൃത്വം വഹിക്കുന്നത്. ‘ഒരുമിച്ചു ജീവിക്കുകയാണ് ഭാവി’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന ഈ സമ്മേളനം സാന്‍ എജിഡിയോ സമൂഹം നടത്തുന്ന 26ാം അന്താരാഷ്ട്ര സമാധാന സമ്മേളനമാണ്.

വിവിധ മതക്കാരായ സ്ത്രീപുരുഷന്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്‍റെ ഫലമായാണ് സരാജെവോയില്‍ നിന്ന് സമാധാനത്തിന്‍റെ സന്ദേശം ഉയരുന്നതെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. സത്യം അന്വേഷിക്കുകയും ദൈവിക പ്രവര്‍ത്തനങ്ങള്‍ സ്വാഗതം ചെയ്യുകയും അന്യര്‍ക്ക് സഹായ ഹസ്തം നീട്ടുകയും ചെയ്യുന്ന സന്മനസുകളാണ് സമാധാനത്തിനു പിന്തുണ നല്‍കുന്നതെന്നും മാര്‍പാപ്പ വ്യക്തമാക്കി.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് സരാജെവോ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ വിന്‍കോ പുലിയിറ്റ്സിന് മാര്‍പാപ്പയുടെ സന്ദേശം അയച്ചത്.








All the contents on this site are copyrighted ©.