2012-09-05 20:09:09

സമൂഹത്തിന്‍റെ ധാര്‍മ്മികത സംരക്ഷിക്കാന്‍
അല്‍മായര്‍ക്കാവണം


5 സെപ്റ്റംമ്പര്‍ 2012, ക്യാമറൂണ്‍
സമൂഹത്തിന്‍റെ ധാര്‍മ്മികത സംരക്ഷിക്കാന്‍ അല്മായര്‍ക്കാവുമെന്ന്, അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാല്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ പ്രസ്താവിച്ചു.
ആഗസ്റ്റ് 5-ാം തിയതി ക്യാമറൂണില്‍ തിരിതെളിഞ്ഞ ആഫ്രിക്ക ഭൂഖണ്ഡത്തിലെ അല്മായ പ്രതിനിധികളുടെ സമ്മേളനത്തില്‍ നടത്തിയ ആമുഖ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ
ഇങ്ങനെ പ്രസ്താവിച്ചത്.

സമൂഹത്തിന്‍റെ അടിത്തറയായ വിവാഹം, കുടുംബം, ജീവന്‍ എന്നിവയുടെ സാമൂഹ്യഘടനയെ തകിടം മറികടക്കുകയും സാധാരണ ജനങ്ങളില്‍ സാംസ്കാരികാഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന സാമൂഹ്യ തിന്മകളെ ചെറുക്കുവാന്‍ പ്രഥമതഃ അ‍ല്‍മായര്‍ക്കു സാധിക്കുമെന്ന് കര്‍ദ്ദിനാള്‍ റയില്‍ക്കോ അഭിപ്രായപ്പെട്ടു. ലോകത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ കളിത്തട്ടില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടിട്ടുള്ള ഭൂഖണ്ഡമാണ് ആഫ്രിക്കയെന്ന് വത്തിക്കാന്‍റെ വക്താവ് കുറ്റപ്പെടുത്തി.
വന്‍ശക്തികളുടെ ചൂഷണം, അപകടകരമായ മതമൗലികവാദം, ഭീകരപ്രവര്‍ത്തനം, അഭ്യന്തരകലാപങ്ങള്‍ എന്നീ സാമൂഹ്യതിന്മകളുടെ ഫലമായി എന്നും വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെയും സാംക്രമിക രോഗങ്ങളുടെയും പിടിയില്‍ അമര്‍ന്നിരിക്കുന്ന കരയാണിതെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ ചൂണ്ടിക്കാട്ടി.
എന്നാല്‍ ജീവന്‍റെ സ്രോതസ്സും പ്രസരിപ്പും തിങ്ങിനില്ക്കുന്ന ആഫ്രിക്കന്‍ സമൂഹത്തെ മാനുഷ്യാന്തസ്സിലും നന്മയിലും വളര്‍ത്തിയെടുക്കാന്‍ ഇവിടത്തെ അല്മായ സമൂഹം അകമഴിഞ്ഞ് പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ റയില്‍ക്കോ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.