2012-09-05 20:31:31

സഭാ സംവിധാനങ്ങള്‍
മാധ്യമവത്ക്കരിക്കപ്പെടണമെന്ന് എഫ്.എ.ബി.സി.


5 സെപ്റ്റംമ്പര്‍ 2012, ബാങ്കോക്ക്
മൂല്യാധിഷ്ഠിത സംഭവങ്ങള്‍ സംവേദനംചെയ്യുന്ന മാധ്യമ ശ്രൃംഖല പുതിയ തലമുറയ്ക്കുവേണ്ടി സഭ സൃഷ്ടിക്കണമെന്ന്, ബാംഗളൂരിലെ സെന്‍റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍, ഫാദര്‍ സെബാസ്റ്റൃന്‍ പെരിയണ്ണന്‍ പ്രസ്താവിച്ചു. ബാംങ്കോക്കില്‍ സമ്മേളിച്ചിരിക്കുന്ന ഏഷ്യയിലെ മെത്രാന്മാരുടെ മാധ്യമ പഠന പരിപാടിയില്‍വച്ച് വത്തിക്കാന്‍ റേഡിയോയുടെ പ്രതിനിധി,
ഫാദര്‍ പി.ജെ ജോസഫിനു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ പെരിയണ്ണന്‍ ഇങ്ങനെ പ്രസ്താവിച്ചത്.
യുവജനങ്ങള്‍ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തുന്നതും ആശയവിനിമയം ചെയ്യുന്നതും ആധുനിക ഡിജിറ്റല്‍ മാധ്യമ ശ്രൃംഖലയിലൂടെയാണെന്നും, അതിനാല്‍ സുവിശേഷമൂല്യങ്ങള്‍ അവരുമായി പങ്കുവയ്ക്കാന്‍ സഭയും സഭാസംവിധാനങ്ങളും നവമായി സജ്ജീകരിക്കപ്പെടണമെന്നും ഫാദര്‍ പെരിയണ്ണന്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ജീവിത സാഹചര്യങ്ങളിലെ വര്‍ണ്ണപ്പൊലിമയും ശബ്ദകോലാഹലങ്ങളും യുവജനങ്ങള്‍ക്ക് ഇഷ്ടമാണെന്നും, അതുപോലെ ആധുനിക മാധ്യമങ്ങളുടെ ആവിഷ്കൃതമായ വര്‍ണ്ണശബളിമയും തനിമയും മതബോധന രംഗത്തും സുവിശേഷ പ്രഘോഷണ മേഖലയിലും ഉപയോഗപ്പെടുത്താന്‍ സഭ ഇന്ന് മാധ്യമങ്ങളുടെ നൂതന ശൈലി സ്വീകരിക്കണമെന്നും ഫാദര്‍ പെരിയണ്ണന്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.