2012-09-05 19:57:07

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ
കാലാതീതമായ മരിയന്‍ പ്രബോധനങ്ങള്‍


5 സെപ്റ്റംമ്പര്‍ 2012, റോം
ജോണ്‍ പോള്‍ രണ്ടമന്‍ പാപ്പായുടെ മരിയന്‍ പ്രബോധനങ്ങള്‍ കാലാതീതമാണെന്ന്, വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോ പ്രസ്താവിച്ചു. സെപ്റ്റംമ്പര്‍ 4-ാം തിയതി റോമിലെ പൊന്തിഫിക്കല്‍ മരിയന്‍ അക്കാഡമിയില്‍ ആരംഭിച്ച അന്തര്‍ദേശിയ മരിയന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കര്‍ദ്ദാനാള്‍ അമാത്തോ. 27-വര്‍ഷക്കാലത്തെ തന്‍റെ സഭാ ഭരണത്തിലൂടെ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടമന്‍ പാപ്പ നല്കിയിട്ടുള്ള മേരിയന്‍ പ്രബോധനങ്ങള്‍ ദൈവശാസ്ത്ര പരമായി മാത്രമല്ല, അജപാലാത്മകമായും, ആത്മീയമായും മതബോധനപരമായും സഭൈക്യ സംവാദപരമായും എന്നും പ്രസക്തമാണെന്ന് കര്‍ദ്ദിനാള്‍ അമാത്തോ വിശദീകരിച്ചു. രക്ഷകന്‍റെ അമ്മ (Redemptoris Mater 1987) എന്ന ചാക്രികലേഖനം, ഏറ്റവും യോഗ്യയായവള്‍ (Mulieris Dignitatem 1988), പുതുസഹസ്രാബ്ദത്തിന്‍റെ പൂമുഖപ്പുലരിയില്‍ (Tertio Millennio Adveniente 1994), ജപമാല പ്രാര്‍ത്ഥനയില്‍ പ്രകാശത്തിന്‍റെ രഹസ്യം ചേര്‍ത്തിണക്കിക്കൊണ്ട് ക്രിസ്തു രഹസ്യങ്ങളില്‍ മറിയത്തിന്‍റെ പങ്ക് പൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന കന്യകാ നാഥയുടെ ജപമാല (Rosarium Virginis Mariae 2002) എന്നീ അപ്പസ്തോലിക ലേഖനങ്ങള്‍, നിരവധിയായ പ്രഭാഷണങ്ങള്‍, പ്രസംഗങ്ങള്‍ എന്നിവ പാപ്പാ വോയ്ത്തീവയുടെ അനശ്വരമായ മരിയന്‍ പ്രബോധനങ്ങളാണെന്ന് കര്‍ദ്ദിനാള്‍ അമാത്തോ പ്രസ്താവിച്ചു.

5-ാം നൂറ്റാണ്ടില്‍ നടന്ന എഫേസൂസ് കൗണിസില്‍ മരിയ ശാസ്ത്രത്തിന് തുടക്കമിട്ടെങ്കിലും, സൈദ്ധാന്തികവും ദൈവശാസ്ത്രപരവുമായ അതിന്‍റെ തുടര്‍ച്ച സഭാചരിത്രത്തില്‍ (ദൈവിക പരിപാലനയില്‍ എന്നപോലെ( തെളിഞ്ഞുവന്നത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണ രേഖകളിലാണെന്ന് കര്‍ദ്ദാനാള്‍ അമാത്തോ ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.