2012-09-03 15:23:40

മെത്രാന്‍മാര്‍ക്കുവേണ്ടിയുള്ള സെമിനാര്‍ ആരംഭിച്ചു


03 സെപ്തംബര്‍ 2012, റോം
ജനതകളുടെ സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ സംഘം നവ മെത്രാന്‍മാര്‍ക്കുവേണ്ടി നടത്തുന്ന പരിശീലന സെമിനാര്‍ സെപ്റ്റംബ൪ 3 തിങ്കളാഴ്ച ആരംഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മെത്രാന്‍ സ്ഥാനം സ്വീകരിച്ച 92 മെത്രാന്‍മാരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. 42 രാജ്യങ്ങളില്‍ നിന്നുള്ള മെത്രാന്‍മാരില്‍ 17 പേര്‍ ഏഷ്യയില്‍ നിന്നുള്ളവരാണ്.
1994 മുതല് തുടരുന്ന കീഴ്വഴക്കമാണ് നവ മെത്രാന്‍മാര്‍ക്കുവേണ്ടിയുള്ള ഇത്തരം സെമിനാറുകള്‍. തങ്ങള്‍ ആരംഭിക്കുന്ന അജപാലന ദൗത്യത്തില്‍ മെത്രാന്മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കാനും പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടേയും അവരെ ഒരുക്കുവാനുമാണ് ഈ സെമിനാറിലൂടെ ശ്രമിക്കുന്നതെന്ന് ജനതകളുടെ സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ സംഘം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെമിനാറില്‍ അജപാലനപരമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. റോമന്‍ കൂരിയായിലെ വിവിധ കാര്യാലയങ്ങളുടെ അധ്യക്ഷന്‍മാര്‍ സെമിനാറില്‍ ചര്‍ച്ചകള്‍ നയിക്കും. സെമിനാറില്‍ പങ്കെടുക്കുന്ന മെത്രാന്‍മാര്‍ 7ാം തിയതി വെള്ളിയാഴ്ച കാസില്‍ ഗൊന്തോള്‍ഫോയിലെ വേനല്‍ക്കാലവസതിയിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിക്കും. സെപ്തംബര്‍ 15ാം തിയതി ശനിയാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ ജനതകളുടെ സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍ണാഡോ ഫിലോണിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ സെമിനാര്‍ സമാപിക്കും.








All the contents on this site are copyrighted ©.