2012-08-30 18:34:39

സുവിശേഷവത്ക്കരണ പദ്ധതിയിലെ
ഉപ്പും ഉറയുമാണ് അല്മായര്‍


30 ആഗസ്റ്റ് 2012, റോം
സുവിശേഷ പ്രഘോഷണം യാഥാര്‍ത്ഥ്യമാക്കാന്‍ അല്മായരുടെ ഉത്തരവാദിത്വപൂര്‍ണ്ണമായ പങ്കാളിത്തം അനിവാര്യമാണെന്ന്, അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്,
കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവുസ് റയില്‍ക്കോ പ്രസ്താവിച്ചു. സെപ്റ്റംമ്പര്‍ 4-മുതല്‍ 9-വരെ തിയതികളില്‍ ക്യാമറൂണില്‍ സമ്മേളിക്കുന്ന ആഫ്രിക്കാ ഭൂഖണ്ഡത്തിലെ അല്മായ പ്രതിനിധി സമ്മേളനത്തിന് ആമുഖമായി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ ഇപ്രകാരം പ്രസ്താവിച്ചത്. മതാത്മകവും സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതുമായ പ്രതിസന്ധികള്‍ നേരിടുന്ന ആഫ്രിക്കന്‍ ജനതയ്ക്ക് അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന അല്മായ സമ്മേളനം പ്രസക്തവും സുപ്രധാനവുമാണെന്ന് കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു.

സമൂഹിക മേഖലകളില്‍ സുവിശേഷത്തിന്‍റെ ഉപ്പും ഉറയുമായി ജീവിച്ചുകൊണ്ട് ഭൗമിക യാഥാര്‍ത്ഥ്യങ്ങളെ നന്മയിലും സമാധനത്തിലും പരിവര്‍ത്തനം ചെയ്യുവാന്‍ അല്മായര്‍ക്കു സാധിക്കുമെന്ന് കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രത്യാശ പ്രകടിപ്പിച്ചു. ദാരിദ്ര്യം വിശപ്പ് യുദ്ധം മതമൗലികവാദം എന്നിവയുടെ ഗൗരവപൂര്‍വ്വകമായ വെല്ലുവിളികള്‍ക്കൊപ്പം ഉത്തരാധുനിക സംസ്ക്കാരത്തിന്‍റെ ധൃതഗതിയിലുള്ള മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ സമൂഹത്തില്‍ ക്രൈസ്തവ അല്മായ നേതാക്കളുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ പങ്കാളിത്തവും സഹകരണവും അനിവാര്യമാണെന്ന് കര്‍ദ്ദിനാല്‍ റയില്‍ക്കോ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

ഇത്തരം സമ്മേളനങ്ങള്‍ കത്തോലിക്കാ അല‍്മായ നേതൃത്വത്തിന്‍റെ വിത്തു പാകിയ പ്രക്രിയയാണ് ചെയ്തിട്ടുള്ളതെന്ന് സോള്‍, കൊറിയ എന്നിവിടങ്ങളില്‍ 1971-ലും 1982-ലും നടന്നിട്ടുള്ള ഏഷ്യന്‍ അല്മായ കോണ്‍ഗ്രസ്സുകളെ അനുസ്മരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ റയില്‍ക്കോ വിശദീകരിച്ചു.










All the contents on this site are copyrighted ©.