2012-08-29 19:53:25

സമൂഹത്തിന്‍റെ ജീവസ്സുറ്റ പ്രഘോഷണമാണ്
ആരാധനക്രമമെന്ന് കര്‍ദ്ദിനാല്‍ ബര്‍ത്തോണേ


29 ആഗസ്റ്റ് 2012, വത്തിക്കാന്‍
ക്രൈസ്തവ സമൂഹത്തിന്‍റെ ജീവസ്സുറ്റ പ്രഘോഷണമാണ് ആരാധനക്രമമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു. തെക്കെ ഇറ്റലിയിലെ മര്‍സാലയില്‍ ആഗസ്റ്റ് 28 മുതല്‍ കൂടിയിരിക്കുന്ന ഇറ്റലിയുടെ ദേശീയ ആരാധനക്രമ സമ്മേളനത്തിന് ബനഡിക്ട് 16-ാമന്‍ പാപ്പായുടെ പേരില്‍ അയച്ച സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്.
ഇറ്റലിയുടെ എല്ലാ രൂപതകളില്‍നിന്നുമായി നാന്നൂറില്‍പ്പരം ആരാധനക്രമ ശുശ്രൂഷികളും വിദഗ്ദ്ധരും പങ്കെടുക്കുന്ന പഠന സംഗമത്തെ ‘ക്രിസ്തുവിന്‍റെ കാല്‍പ്പാടുകളിലെ വിശ്വാസ തീര്‍ത്ഥാടന’മെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ വിശേഷിപ്പിച്ചു.

സഭയില്‍ ജീവിക്കുന്ന ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം ഇന്നും മനുഷ്യര്‍ക്ക് അനുഭവവേദ്യമാക്കുകയും, മനുഷ്യാവതാര രഹസ്യങ്ങളിലൂടെയുള്ള ക്രിസ്തുവിന്‍റെ രക്ഷാകര പദ്ധതി ലോകത്തിന് കാലചക്രങ്ങളിലൂടെ സജീവമാക്കുകയും ചെയ്യുന്ന, ക്രമാനുഗതവും ഭാവാത്മകവുമായ ആഘോഷമാണ് ആരാധനക്രമമെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
വളരുന്ന വിശ്വാസത്തിന്‍റെ കൂട്ടായ പ്രഘോഷണവും ക്രൈസ്തവ സമൂഹത്തിന്‍റെ ഭാഗമായ ക്രിസ്തു രഹസ്യങ്ങളുടെ ആഘോഷവുമാണിതെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.