2012-08-28 20:20:49

എരിയുന്ന മുള്‍പ്പടര്‍പ്പിലെ ശബ്ദം (5)
ദൈവം മോശയെ വിളിക്കുന്നു


കാലചക്രം ഉരുണ്ടു. ഫറവോ റാംസിസ് ഒന്നാമന്‍ അന്തരിച്ചു. റാംസീസ് രണ്ടാമന്‍ ഈജിപ്തിലെ ഫറവോയായി അധികാരത്തില്‍ വന്നു.
ഈജിപ്റ്റില്‍ അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേല്‍ മക്കള്‍ നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ രോദനം ദൈവസന്നിധിയില്‍ എത്തി. അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ദൈവം നവീകരിച്ചു. അവരുടെ ദയനീയാവസ്ഥ അവിടുന്ന് പരിഗണിച്ചു.
പുറപ്പാടു ഗ്രന്ഥത്തിന്‍റെ പഠനം തുടരുന്നു.

മോശ, ഒരിക്കല്‍ ‘ഹൊറേബു മലമ്പ്രദേശത്തെ പുല്‍പ്പുറങ്ങളില്‍ ആട്ടിന്‍ പറ്റത്തെ മേയിക്കുകയായിരുന്നു. സീനായ് മലയുടെ വിജനപ്രദേശമായ ഹൊറേബ് ‘കര്‍ത്താവിന്‍റെ മല’യെന്നാണ് അക്കാലത്ത് വിളിക്കപ്പെട്ടിരുന്നത്. പെട്ടന്ന് മോശ അപൂര്‍വ്വമായൊരു ദൃശ്യം കണ്ടു. മുള്‍പ്പടര്‍പ്പിലെ ചെടികളിലൊന്നില്‍ തീ ആളിക്കത്തുന്നു, എന്നാല്‍ അഗ്നി വൃക്ഷത്തെ വിഴുങ്ങുന്നില്ല!
മോശയ്ക്ക് ആശ്ചര്യമായി. ഈ അപൂര്‍വ്വദൃശ്യം അടുത്തു കാണാന്‍തന്നെ
അയാള്‍ തീരുമാനിച്ചു. ആളിക്കത്തുന്ന തീയുടെ അടുത്തേയ്ക്കു മോശ ചെന്നു. മുള്‍പ്പടര്‍പ്പ് കത്തിജ്വലിക്കുന്നുണ്ടായിരുന്നു എങ്കിലും, അത് എരിഞ്ഞു ചാമ്പലാകുന്നില്ല. പെട്ടന്ന് മുള്‍പ്പടര്‍പ്പിന്‍റെ മദ്ധ്യത്തില്‍നിന്നുകൊണ്ട് ആരോ മോശയെ വിളിച്ചു.
“മോസസ്, മോസസ്.”
“ഇതാ ഞാന്‍.” മോശ പ്രത്യുത്തരിച്ചു.
വീണ്ടും മുള്‍പ്പടര്‍പ്പില്‍നിന്നും ശബ്ദമുയര്‍ന്നു. “മോസസ്, അടുത്തു വരരുത്. നിന്‍റെ ചെരിപ്പ് അഴിച്ചു മാറ്റുക. എന്തെന്നാല്‍ നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്.”
“നിന്‍റെ പിതാക്കന്മാരുടെ ദൈവമാണു ഞാന്‍. അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം.”
അപ്പോള്‍ മോശ കൈകൊണ്ട് തന്‍റെ മുഖം മറച്ചുകളഞ്ഞു. ദൈവത്തിന്‍റെ നേരെ നോക്കുവാന്‍ അയാള്‍ക്ക് ഭീതിയായിരുന്നു. അയാള്‍ ഭയന്നു വിറച്ചു.

ദൈവം വീണ്ടും അരുള്‍ചെയ്തു.
“ മോസസ്, ഈജിപ്തിലുള്ള നിന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു.
ഫറവോയുടെ പീഡനങ്ങള്‍മൂലം അവരില്‍നിന്ന് ഉയര്‍ന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിഞ്ഞു. ഈജിപ്തുകാരുടെ കയ്യില്‍നിന്ന് അവരെ മോചിപ്പിക്കാനും, അവിടെനിന്ന് വിസ്തൃതവും സമൃദ്ധവുമായ, തേനും പാലും ഒഴുകുന്ന ദേശത്തേയ്ക്ക് – കാനാന്യര്‍, ഹീത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹീത്യര്‍, ജബൂസ്യര്‍ എന്നിവര്‍ അധിവസിക്കുന്ന സ്ഥലത്തേയ്ക്ക് – അവരെ നയിക്കുവാനുമാണ് ഞാന്‍ ഇറങ്ങി വന്നത്.”

ദൈവം തുടര്‍ന്നും അരുള്‍ചെയ്തു.
“മോസസ്, മോസസ്, ഇസ്രായേല്‍ മക്കളുടെ നിലവിളി എന്‍റെ പക്കല്‍ എത്തിയിരിക്കുന്നു. ഈജിപ്തുകാര്‍ അവരെ മര്‍ദ്ദിക്കുന്നത് ഞാന്‍ കണ്ടു. ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ പക്കലേയ്ക്ക് അയയ്ക്കും. എന്‍റെ ജനമായ ഇസ്രായേലിനെ ഈജിപ്തില്‍നിന്നും നീ മോചിപ്പിക്കണം. മോസസ്, നീ മേദിയാന്‍ വിട്ടുപോകണം.”
തന്നെ വിളിച്ച ദൈവത്തോടു മോശ പ്രത്യുത്തരിച്ചു.
“ഫറവോയുടെ പക്കല്‍പോകാനും, ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു മോചിപ്പിക്കുവാനും ഞാന്‍ ആരാണ്?”

അപ്പോള്‍ ദൈവം അരുള്‍ചെയ്തു.
“ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്ക്കുന്നത് എന്നതിനുള്ള അടയാളം ഇതായിരിക്കും. ഇസ്രായേല്‍ ജനത്തെ നീ ഈജിപ്തില്‍നിന്നു പുറത്തു കൊണ്ടുവന്ന്, മോചിച്ചു കഴിയുമ്പോള്‍,
സീനായ് മലയില്‍ നിങ്ങള്‍ എന്നെ ആരാധിക്കും.”

അപ്പോള്‍ മോശ ദൈവത്തോടു ചോദിച്ചു.
“ഇതാ ഞാന്‍..., ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പ്പോയി, നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളുടെ അടുക്കലേയ്ക്ക് എന്നെ അയച്ചിരിക്കുന്നു എന്നു ഞാന്‍ പറയാം. എന്നാല്‍, ഒരു കാര്യം, അവിടുത്തെ പേരെന്താണ് എന്ന് അവര്‍ ചോദിച്ചാല്‍, ഞാന്‍ എന്തു പറയും?”


ദൈവം മോശയോട് അരുള്‍ചെയ്തു.
“ഞാന്‍ യാവേയാണ്, ‘ഞാനാകുന്നവന്‍’.
ഇസ്രായേല്‍ മക്കളോടു നീ പറയുക. യാവേ ‘ഞാനാകുന്നവന്‍,’ എന്നെ നിങ്ങളുടെ പക്കലേയ്ക്ക് അയച്ചിരിക്കുന്നു.”
“നിങ്ങളെ ഈജിപ്തിലെ കഷ്ടതകളില്‍നിന്നു മോചിപ്പിച്ച്, തേനും പാലും ഒഴുകുന്നൊരു ദേശത്തേയ്ക്ക് കൊണ്ടുപോകാന്‍ യാവേ നിശ്ചയിച്ചിരിക്കുന്നു എന്ന് അവരെ അറിയിക്കുക.”

Yhwh എന്ന ഹെബ്രായ വാക്കിന് യഹോവ, ദൈവം എന്നുതന്നെയാണര്‍ത്ഥം.
മലയാളത്തില്‍ കര്‍ത്താവ്, നാഥന്‍, അധിനാഥന്‍ എന്നെല്ലാം പരിഭാഷപ്പെടുത്താവുന്നതാണ്.

ദൈവം ഒരുനാള്‍ മോശയോട് വീണ്ടും അരുള്‍ചെയ്തു.
“ഇസ്രായേല്‍ മക്കളോടു നീ പറയുക. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം, എന്നെ അവരുടെ പക്കലേയ്ക്ക് അയച്ചിരിക്കുന്നു. യാവേ, ഇതാണ് എന്നേയ്ക്കുമുള്ള എന്‍റെ നാമധേയം. സര്‍വ്വ പുരുഷാന്തരങ്ങളിലൂടെയും അങ്ങനെ ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടട്ടെ.”

“മൂന്നു ദിവസത്തെ യാത്രചെയ്ത്, മരുഭൂമിയില്‍ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കുവാന്‍ ഞങ്ങളെ അനുവദിക്കണം എന്ന് ഈജിപ്തിന്‍റെ അധിപനോടു പറയുക. നിര്‍ബന്ധിച്ചാലല്ലാതെ ഫറവോ നിങ്ങളെ വിട്ടയയ്ക്കില്ലെന്ന് എനിക്കറിയാം. അതിനാല്‍ ഞാന്‍ കൈനീട്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് ഈജിപ്തിനെ പ്രഹരിക്കും. അപ്പോള്‍ അവന്‍ നിങ്ങളെ വിട്ടയയ്ക്കും. ഈജിപ്തുകാരുടെ ദൃഷ്ടിയില്‍
ഈ ജനത്തോടു ഞാന്‍ കാരുണ്യം കാണിക്കും.”
എന്നാല്‍ ഇതാ, മോശ വൈമനസ്സ്യം കാണിക്കുന്നു. അയാള്‍ അതിന് സന്നദ്ധനായില്ല. അയാള്‍ വിളി തിരസ്ക്കരിക്കാന്‍ പരിശ്രമിച്ചു.

ദൈവത്തിന്‍റെ വിളിയെക്കുറിച്ചുള്ള ചിന്തയോടെ ഈ ഭാഗം നമുക്ക് ഉപസംഹരിക്കാം:
വിളിയുടെ ഘടന ബൈബിളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. വിളിക്കുന്ന ദൈവത്തോടും വിളിയോടും വ്യക്തികള്‍ വൈമനസ്സ്യം കാണിക്കുന്നു. അവര്‍ വിളി തിരസ്ക്കരിക്കുന്നത് രക്ഷാകര ചരിത്രത്തില്‍ ഉടനീളം കാണാം. പലപ്പോഴും തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹമില്ലാത്ത വ്യക്തികളാണ് തിരഞ്ഞെടുക്കപ്പെടുന്നത്. വിളിയിലൂടെ ദൈവം ആവശ്യപ്പെടുന്നത് അത്ര എളുപ്പമുള്ള കാര്യങ്ങളായിരുന്നില്ല. അവര്‍ക്കു മുന്നില്‍ വലിയ വെല്ലുവിളികളായിരുന്നു. അതുകൊണ്ടു തന്നെ വിളിക്കപ്പെട്ടവര്‍ അതിന് ഒഴിവുകഴിവുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ദൈവത്തില്‍നിന്നും ഒളിച്ചോടുക അസാദ്ധ്യമാണ്. പല ന്യായങ്ങളും പറഞ്ഞെങ്കിലും അവയ്ക്കോരോന്നിനും ദൈവം തക്ക മറുപടി നല്കുന്നു. മാത്രമല്ല, ദൈവം അവരെ തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ദൈവം തന്‍റെ നാമം വെളിപ്പെടുത്തികൊണ്ട്, പണ്ടു മുതല്‍ക്കേ മനുഷ്യനോട് ഉണ്ടായിരുന്നതും, എന്നേയ്ക്കും നിലനില്‍ക്കുന്നതുമായ അവിടുത്തെ വിശ്വസ്തത വെളിപ്പെടുത്തുന്നു. അവിടുന്ന് കാലാതീതനാണെന്നും അവിടുത്തെ വിശ്വസ്ത ശാശ്വതമാണെന്നും വ്യക്തമാക്കുന്നു. ‘യാവേ, I am who am… ഞാന്‍ ആകുന്നുവന്‍’ എന്ന് സ്വയം വെളിപ്പെടുത്തുന്ന ദൈവം എന്നുമെന്നും ജീവിക്കുന്നവനും, തന്‍റെ ജനത്തെ രക്ഷിക്കുന്നവനും, സദാ അവരോടൊപ്പം സന്നിഹിതനുമായവനാണ് എന്ന് വെളിപ്പെടുത്തുന്നു.









All the contents on this site are copyrighted ©.