2012-08-25 18:02:29

കുതിരപ്പുറത്തുവന്ന സമരിയക്കാരന്‍ ക്രിസ്തുവാണ്
ദൈവത്തിന്‍റെ രക്ഷാസ്നേഹത്തിന്‍റെ പ്രതീകം


വിശുദ്ധ ലൂക്കാ 10, 25-37.
തേജസ്ക്കരണകാലം മൂന്നാം ഞായര്‍

“നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം?” ഇന്നത്തെ സുവിശേഷഭാഗം തുറക്കുന്നത്
ഈ ചോദ്യവുമായിട്ടാണ്. നിയമജ്ഞന്‍റെ ചോദ്യമാണിത്. ക്രിസ്തുവിനോടാണ് ചോദ്യം ചോദിക്കുന്നത്.
ക്രിസ്തു ഉത്തരമായി ഒരു മറുചോദ്യം ചോദിക്കുന്നു. “നിയമത്തില്‍ എന്താണ് എഴുതിയിരിക്കുന്നത്?”
നിയമജ്ഞന്‍ ഉത്തരം പറഞ്ഞു. “നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ സ്നേഹിക്കണം.
നിന്‍റെ അയല്ക്കാരനെ നിന്നെപ്പോലെയും സ്നേഹിക്കുക.”
ക്രിസ്തു അയാളുടെ ഉത്തരത്തെ പ്രശംസിക്കുന്നു.

എന്നാല്‍ നിയമജ്ഞന്‍ വീണ്ടും ക്രിസ്തുവിനോട് വളരെ പ്രസക്തമായൊരു ചോദ്യം ചോദിക്കുന്നുണ്ട്. “ആരാണീ അയല്‍ക്കാരന്‍?” ക്രിസ്തുവിന്‍റെ ഉത്തരം ഒരു കഥയാണ്. ആരും എപ്പോഴും കേട്ടിരിക്കുന്ന, ഇന്നും ജീവിക്കുന്ന കഥയാണത്.

ഭൂമിയുടെ പൂര്‍ണ്ണ സൗഖ്യമായിരുന്ന ക്രിസ്തു സ്വപ്നം കണ്ടത്. ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം ശരീരവുമായി മാത്രം ബന്ധപ്പെട്ട ഒന്നായിരുന്നില്ല സൗഖ്യം. കണ്ണുണ്ടായിട്ടും കാണാതിരിക്കുക, ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുക എന്നൊക്കെ അവിടുന്നു പറയുമ്പോള്‍ അത് ശരീരത്തിനും അപ്പുറമാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഒരാളുടെ എല്ലാ തലങ്ങളിലുമുള്ള ശ്രേഷഠത – ഡിഗ്നിറ്റി വീണ്ടെടുക്കുക എന്നതാണ് ക്രിസ്തുവിന്‍റെ മനസ്സിലെ സൗഖ്യദാനത്തിന്‍റെ അര്‍ത്ഥം. അവിടുന്ന പറയുന്ന കഥ ജാതിയുടെയും മതത്തിന്‍റെയും ദേശങ്ങളുടെയും വര്‍ഗ്ഗവര്‍ണ്ണങ്ങളുടെയുമെല്ലാം അതിര്‍വരമ്പുകളെ ഭേദിച്ച്, മനുഷ്യാന്തസ്സു മാനിക്കുകയും, മനുഷ്യന്‍റെ സമഗ്രവിമോചനം ലക്ഷൃംവയ്ക്കുകയും ചെയ്യുന്ന രക്ഷയുടെ സുവിശേഷമാണ്. സുവിശേഷത്തില്‍ ക്രിസ്തു പറയുന്ന നല്ല സമറിയക്കാരന്‍റെ കഥ
സമഗ്ര രക്ഷയുടെ കഥയാണ്. അത് അതിരുകളില്ലാത്ത അളവുകളില്ലാത്ത ദൈവസ്നേഹത്തിന്‍റെ കഥയാണ്. കഥയിലെ കഴുതപ്പുറത്തുവന്ന സമരിയാക്കാരന്‍ ക്രിസ്തുതന്നെയാണ്. ലോകത്തിനു സൗഖ്യവും രക്ഷയും വാഗ്ദാനംചെയ്തുകൊണ്ട് സുവിശേഷക്കഥ പറയുന്ന ക്രിസ്തുതന്നെയാണ് ഈ കഥയിലെ നായകന്‍. ‘വിജാതിയരുടെയും വിളുമ്പിലുള്ളവരുടെയും ചങ്ങാതി,’ എന്നായിരുന്നു- അവിടുത്തേയ്ക്ക് സമൂഹത്തില്‍നിന്നും കിട്ടിയ ആരോപണങ്ങളിലൊന്ന്. അതു തന്നെയാണ് ഈ കഥയിലും പ്രകടമാക്കപ്പെടുന്നത്.

ഒരാള്‍ ക്ഷതമേറ്റ് വഴിയില്‍ കിടക്കുന്നു. രണ്ട് ഘടകങ്ങളുണ്ടതില്‍. വ്യക്തിയുടെ അപക്വതയും സമൂഹത്തിന്‍റെ ക്രൂരതയും. ഇന്നുപോലും സംഘംചേര്‍ന്നു മാത്രം മനുഷ്യര്‍ പോകുന്ന അപകടവഴികളിലൂടെ ഒറ്റയ്ക്ക് പോകുന്നത് അപക്വതയുടെ അടയാളമാണ്. പിന്നെ സമൂഹത്തിന്‍റെ ക്രൂരതയാണ് കഥയിലെ മുറിപ്പെട്ടവനോട് മറ്റു കഥാപാത്രങ്ങള്‍ - പുരോഹിതനും ലേവ്യനും കാണിക്കുന്ന നിസ്സംഗത. വ്യക്തിക്കെതിരെ ആരോപണമുണ്ടാകുമ്പോള്‍, സമൂഹം കനിവില്ലാത്തതെന്ന അര്‍ത്ഥം മാത്രമല്ലതിന്. ആരോപണ വിധേയനാകുന്ന വ്യക്തി കാണപ്പെടുന്ന സാഹചര്യങ്ങളോടുള്ള അപക്വതയും അതിലുണ്ട്.

ഇന്നത്തെ സുവിശേഷക്കഥയില്‍, അവിടെ നടന്ന സംഭവത്തില്‍ ഒരു മനുഷ്യന്‍ മുറിപ്പെട്ടതിന്‍റെ കാരണമൊന്നും ക്രിസ്തു തിരയുന്നില്ല. അതിനെക്കാള്‍ പ്രധാനം ക്ഷതപ്പെട്ടു കിടക്കുന്നവനെ അടിയന്തിരമായി സഹായിക്കുക എന്നതാണ്. നിഷ്ഠകളിലും അനുഷ്ഠാനങ്ങളിലും കുരുങ്ങിപ്പോയ മതത്തിന് മുറിപ്പെട്ട മനുഷ്യനെ ശ്രദ്ധിക്കാന്‍പോലും നേരമോ സ്നേഹമോ ധ്യാനമോ ഇല്ല. അങ്ങനെയുള്ളവര്‍ കഥയിലെ പുരോഹിതനെപ്പോലെയും ദൈവാലയ ശുശ്രൂഷിയെപ്പോലെയും മറുവശംചേര്‍ന്ന്, മറ്റൊരുവശം ചേര്‍ന്ന് കടന്നുപോകുന്നു, വഴിമാറിപ്പോകുന്നു. മുറിപ്പെട്ടവരെ കൂട്ടിക്കൊണ്ടു പോകാന്‍ ക്രിസ്തു വിഭാവനംചെയ്ത സത്രമാണ് സഭ എന്നു വ്യാഖാനിക്കാം.
തന്‍റെ രണ്ടാം വരവോളം എല്ലാവരെയും കൂട്ടിക്കൊണ്ടു വരാന്‍ ക്രിസ്തു ആഗ്രഹിക്കുന്ന
ഈ ലോകത്തെ സ്നേഹസത്രം സഭയാണ്. ക്ഷതപ്പെട്ടവര്‍ ശുശ്രൂഷിക്കപ്പെടേണ്ട, സ്നേഹവും
സാന്ത്വനവും കണ്ടെത്തേണ്ട സ്നേഹാലയമാണ് ഈ സ്ത്രം, ഈ സഭ.

ഇനി രണ്ടു നാണയങ്ങളാണ് സത്രക്കാരനു സമരിയക്കാരന്‍ നല്കുന്നത്.
ഈ നാണയങ്ങള്‍ വചനമായും കൂദാശയായും വ്യാഖ്യാനിക്കാം. സത്രം സൂക്ഷിപ്പുകാരന്‍റെ റോളാണ് സമൂഹത്തിന്‍റെ നന്മ ആഗ്രഹിക്കുന്ന, പക്വതയാര്‍ന്ന എല്ലാവരും നിര്‍വ്വഹിക്കേണ്ടത്. പുതിയ നിയമത്തില്‍ ആദിമ ക്രൈസ്തവരുടെ കൂട്ടത്തില്‍ രൂപമെടുത്ത മുതിര്‍ന്നവര്‍, ‘എല്‍ഡര്‍’ എന്നൊരു സങ്കല്പമാണിത്. അതിന്‍റെ അര്‍ത്ഥം, ആത്മീയ പക്വത ലഭിച്ച വ്യക്തി എന്നത്രെ. ആത്മീയ ബലങ്ങളില്‍ ദൃഢപ്പെട്ട ആര്‍ക്കും ഈ സത്രത്തിലെ ശുശ്രൂഷകരാകാം. പുരോഹിതര്‍ക്കും സന്ന്യസ്തര്‍ക്കും മാത്രമല്ലത്.
മനുഷ്യത്വവും സ്നേഹവുമുള്ള ആര്‍ക്കും ഇതില്‍ പങ്കുചേരാം. നല്ല സമരിയക്കാരനായ ക്രിസ്തുവിന്‍റെ സ്നേഹാലയത്തില്‍ ആര്‍ക്കും ശുശ്രൂഷചെയ്യാവുന്നതാണ്. സൗഖ്യ ശുശ്രൂഷകരാകാവുന്നതാണ്.

രക്തബന്ധങ്ങളെക്കാള്‍ പവിത്രമായ കര്‍മ്മബന്ധങ്ങള്‍ ഈ ഭൂമിയിലുണ്ട്. എന്‍റെ നാമത്തെപ്രതി സ്വന്തം മാതാപിതാക്കളെയും സഹോദരീ സഹോദരന്മാരെയും ഉപേക്ഷിക്കുന്നവര്‍ക്ക് ഈ ഭൂമിയില്‍വച്ചുതന്നെ പതിന്മടങ്ങ് ബന്ധുജനങ്ങളെ, പ്രതിഫലം കിട്ടുമെന്ന് ക്രിസ്തു പറയുന്നുണ്ട്. ആര്‍ക്കും സ്വന്തം വീട് ഉപേക്ഷിക്കാനാവില്ല. എവിടെയൊക്കെ അലഞ്ഞാലും നമ്മുടെ ഹൃദയം വീടിന്‍റെ ചില്ലകളിലാണ് ഉളിപ്പിച്ചു വച്ചിരിക്കുന്നത്. പഴങ്കഥയിലെ കുരങ്ങച്ചനെപ്പോലെയാണ് നമ്മള്‍. മുതലയുടെ പുറത്താണ് കുരങ്ങച്ചന്‍ അരുവി കടക്കുന്നത്. ഓസിന് തന്‍റെ പുറത്തിരുന്ന് അരുവി കടക്കുന്ന കരങ്ങച്ചനോട് മുതലേച്ചന്‍ പറഞ്ഞു. “എനിക്കു നിന്‍റെ ഹൃദയം വേണം!” അപ്പോള്‍ കുരങ്ങച്ചന്‍ പറഞ്ഞു, “ക്ഷമിക്കണം മുതലേച്ചാ, എവിടെ യാത്രയ്ക്കു പോയാലും ഞാനെന്‍റെ ഹൃദയും അങ്ങക്കരെ അത്തിമരച്ചില്ലകളിലെ വീട്ടില്‍ സൂക്ഷിച്ചുവച്ചിട്ടാണ് വരിക.”

സ്വന്തമായ വീടിന്‍റെ നന്മയുടെ ഭിത്തികള്‍ വികസിപ്പിച്ചാണ് നാം സമൂഹത്തിന്‍റെയും ലോകത്തിന്‍റെയും വിശാലമായ വീട് സ്വപ്നം കാണേണ്ടത്.

എറണാകുളത്തുകാര്‍ക്ക് സുപരിചിതനാണ് പൊന്നുരുന്നിയിലുള്ള കപ്പൂച്ചിന്‍ ആശ്രമത്തിലെ തിയോഫിനച്ചന്‍. ഇപ്പോള്‍ ദൈവദാസന്‍ തിയഫിനച്ചന്‍. കര്‍മ്മബന്ധങ്ങള്‍കൊണ്ട് നാടിന്‍റെ ഹൃദയത്തില്‍ ഇടംകിട്ടിയ പ്രിയപ്പെട്ട തിയോഫിനച്ചന്‍റെ ഓര്‍മ്മകള്‍ എന്‍റെയും മനസ്സിലുണ്ട്. വളരെ ചെറുപ്പത്തിലേ,
ഈ അച്ചനെ ഇടവകപ്പള്ളിയിലെ വാര്‍ഷിക ധ്യാനത്തിന് അമ്മുമ്മയുടെ അരികത്തിരുന്ന് കണ്ടിട്ടുണ്ട്. ഒത്തപൊക്കവും നീണ്ട താടിയുമുള്ളൊരു മനുഷ്യന്‍. നീണ്ട മൂക്കും തെളിച്ചമുള്ള കണ്ണുകളും. കാപ്പിക്കളറിലെ കുപ്പായവും അരയിലെ വെളുത്ത ചരടും ഞാന്‍ കൗതുകത്തോടെ വീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഒരത്ഭുതംപോലെ കരുതുന്നത് ഏതാനും വര്‍ഷങ്ങല്‍ക്കു മുന്‍പ് ആദ്യമായി അദ്ദേഹത്തിന്‍റെ സമാധിയില്‍ പോയി പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടെ വായിച്ച ലിഖിതമാണ്:
“വേദനിക്കുന്ന മനുഷ്യന്‍റെ തോളില്‍ കൈയിട്ട് പുഞ്ചിച്ചുകൊണ്ട് കൂടെനടന്ന കര്‍മ്മയോഗി തിയോഫിനച്ചന്‍ ഇവിടെ വീണ്ടും മനുഷ്യരെ കാത്തിരിക്കുന്നു.” ഒരു പ്രവചനത്തിന്‍റെ സ്പര്‍ശമുള്ള വരികള്‍. തിയോഫിനച്ചന്‍ ജീവിച്ചിരുന്ന പൊന്നുരുന്നി പ്രദേശത്തുള്ള ജാതി മതഭേദമെന്യേ ഏവരും, അദ്ദേഹത്തിലൂടെ ദൈവസ്നേഹത്തിന്‍റെ സൗഖ്യവും സാന്ത്വനവും ലഭിച്ചിട്ടുള്ളതാണ്.
ഇന്നിപ്പോള്‍ മരണശേഷവും ആ അപൂര്‍വ്വ ദൈവിക ചൈതന്യം അവിടെ നിറഞ്ഞുനില്ക്കുന്നു. ആയിരങ്ങളാണ് അനുദിനം ആപുണ്യാത്മാവിന്‍റെ സ്മൃതിമണ്ഡപത്തില്‍ ശാന്തിയും സാന്ത്വനവും തേടിയെത്തുന്നത്. അവിടെ പ്രാര്‍ത്ഥിച്ചിറങ്ങുമ്പോള്‍, തങ്ങളുടെ ജീവിത വഴികളിലൊക്കെ തിയോഫിനച്ചന്‍റെ ആശിര്‍വ്വാദിക്കുന്ന കരങ്ങള്‍ തലയ്ക്കുമീതെ എപ്പോഴും ഉണ്ടാകുമെന്ന വിശ്വാസമാണ് ഏവര്‍ക്കും. വേദനിക്കുന്നവരുടെ പക്കല്‍ സാന്ത്വനവുമായി ഓടിയെത്തിയ നല്ല സമരിയക്കാരനായിരുന്ന തിയോഫിനച്ചന്‍.

ക്രിസ്തുവിന്‍റെ കാലത്ത്, അയല്‍ക്കാരന്‍ എന്നത് യഹൂദര്‍ക്ക് സഹഇസ്രായേല്യന്‍ മാത്രമായിരുന്നു. അതായത് അയല്‍പക്കത്തു താമസിക്കുന്നത് അന്യമതസ്ഥനാണെങ്കില്‍ അത് എന്‍റെ അയല്‍ക്കാരനല്ല. ആവശ്യത്തിലിരിക്കുന്നവന്‍ അന്യജാതിക്കാരനാണെങ്കില്‍ അയല്‍ക്കാരനല്ല. ജനിച്ച മതമോ ജാതിയോ നോക്കി ശത്രു-മിത്രങ്ങളെ നിശ്ചയിക്കുന്ന ഈ വംശീയ രീതിയെയാണ് ക്രിസ്തു ചോദ്യം ചെയ്യുന്നത്. അന്നുവരെ അംഗീകരിക്കപ്പെട്ടിരുന്ന പാരമ്പര്യത്തെയും സാമൂഹ്യവ്യവസ്ഥിതിയെയും ക്രിസ്തു വെല്ലുവിളിക്കുകയാണ്. സമൂഹം വിജാതിയന്‍ എന്നു പറഞ്ഞ് പുച്ഛിച്ചിരുന്ന ഒരു മനുഷ്യനെ നല്ല അയല്‍ക്കാരനായി സ്വീകരിച്ച കഥയിലൂടെ നവമായൊരു മാനവികതയുടെ വെല്ലുവിളി ക്രിസ്തു
ഇന്നും നമ്മുടെ മുന്നില്‍ വയ്ക്കുന്നു.
ഈ ലോകത്ത് എല്ലാ മനുഷ്യരും എന്‍റെ അയല്‍ക്കാരനാണ്, എന്ന ധ്യാനമാണ് ക്രിസ്തുവിന്‍റെ കഥയിലുള്ളത്. രക്തബന്ധവും ദേശീയതയും മതവിശ്വാസവുമല്ല അയല്‍ക്കരനെ നിര്‍ണ്ണയിക്കുന്നത്. ഒരാള്‍ക്ക് മറ്റൊരാളോടുള്ള മനോഭാവമാണ്, അയല്‍സ്നേഹമാണ്, പരസ്നേഹമാണ്.

നാം ഓണമഹോത്സവം കൊണ്ടാടാന്‍ ഒരുങ്ങുമ്പോള്‍ ഓര്‍ക്കുക, അതിരുകളില്ലാത്ത ദൈവസ്നേഹത്തിന്‍റെ കഥയാണ് നമ്മുടെ ജീവിതം. അതുതന്നെ സുവിശേഷമാണ്. ദൈവം നമ്മെ ഓരോരുത്തരെയും അളവുകളില്ലാതെ സ്നേഹിക്കുന്നുവെങ്കില്‍, ആ സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും നമുക്കു കടപ്പാടുണ്ട്.








All the contents on this site are copyrighted ©.