2012-08-24 19:59:17

പ്രതിസന്ധികളിലും പാപ്പായെ പാര്‍ത്തിരിക്കുന്ന
ലെബനോണിലെ ജനങ്ങള്‍


24 ആഗസ്റ്റ് 2012, ലെബനോണ്‍
പ്രതിസന്ധികള്‍ക്കിടയിലും ലെബനോണിലെ ജനങ്ങള്‍ ബനഡിക്ട് 16-ാമന്‍ പാപ്പായുടെ വരവ് പ്രത്യാശയോടെ പാര്‍ത്തിരിക്കുന്നുവെന്ന്, സീറിയന്‍ പാത്രിയര്‍ക്കേറ്റിന്‍റെ വക്താവ് മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് മസ്രി പ്രസ്താവിച്ചു. ആഗസ്റ്റ് 24-ാം തിയതി വത്തിക്കാന്‍ റേഡിയോ അറബി വിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് മോണ്‍സീഞ്ഞോര്‍ മസ്രി ഇപ്രകാരം പ്രസ്താവിച്ചത്.

ആലവൈറ്റ്-സുന്നി മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ നടുന്നുകൊണ്ടിരിക്കുന്ന വംശീയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിലും ഏറെ ആവേശത്തോടെയാണ് ലെബനോണിലെ ജനങ്ങള്‍ പാപ്പായുടെ സന്ദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നതെന്നും സിറിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കിസിന്‍റെ ട്രെഷറര്‍, മോണ്‍സീഞ്ഞോര്‍ മസ്രി അഭിമുഖത്തില്‍ അറിയിച്ചു. മുസ്ലിം-മുസ്ലിം-ക്രൈസ്തവ കൂട്ടായ്മയില്‍ സമവായത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും അന്തരീക്ഷം വളര്‍ത്താന്‍ പാപ്പായുടെ സന്ദര്‍ശനം സഹായിക്കുമെന്നും, ലെബനോണിലെ ഭൂരിപക്ഷംവരുന്ന ക്രൈസ്തവര്‍ മാത്രമല്ല, മദ്ധ്യപൂര്‍വ്വ ദേശത്തെ എല്ലാ ക്രൈസ്തവ മക്കളും പാപ്പായുടെ വരവിനായ് കാത്തിരിക്കുകയാണെന്നും മോണ്‍. മിസ്രി അഭിമുഖത്തില്‍ പ്രസ്താവിച്ചു.

സെപ്റ്റംമ്പര്‍ 14-മുതല്‍ 16-വരെ നീണ്ടുനില്ക്കുന്ന പാപ്പായുടെ സന്ദര്‍ശനത്തിന് ഉപയോഗിക്കുന്നതിനുള്ള പോപ്പ് മൊബൈല്‍ ഇതിനകം വത്തിക്കാനില്‍നിന്നും ബാബ്ദായിലുള്ള പ്രസിഡിന്‍റെ മന്ദിരത്തില്‍ എത്തിക്കഴിഞ്ഞുവെന്നും മോണ്‍. മിസ്രി അഭിമുഖത്തില്‍ വെളിപ്പെടുത്തി.












All the contents on this site are copyrighted ©.