2012-08-24 19:40:07

പീഡനമേല്‍ക്കുന്നവര്‍ ക്രൈസ്തവരെന്ന്
ആര്‍ച്ചുബിഷപ്പ് തൊമാസി


23 ആഗസ്റ്റ് 2012, റോം
ലോകത്ത് ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നവര്‍ ക്രൈസ്തവരാണെന്ന് ഐക്യ രാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.
ആഗസ്റ്റ് 23-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി ഇപ്രകാരം പ്രസ്താവിച്ചത്.

ജനാധിപത്യത്തിനും നീതിക്കുംവേണ്ടിയുള്ള വലിയൊരു ദാഹം ലോകജനതയില്‍ ഇന്ന് പ്രകടമാക്കുന്നുണ്ടെന്നും, അത് നിഷേധിക്കപ്പെടുന്ന ഇടങ്ങളിലാണ് സ്വേച്ഛാധിപത്യവും ജനപീഡനങ്ങളും, വിപ്ലവങ്ങളും യുദ്ധവും നടക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി.
നൈജീരിയയിലെ അഭ്യന്തരകലാപവും, ഇറാക്കിലെ ക്രൈസ്തവരുടെ കൂട്ടപ്പലായനവും, സിറിയായിലെ വംശീയ യുദ്ധങ്ങളുമെല്ലാം വര്‍ദ്ധിച്ചുവരുന്ന നീതിക്കായുള്ള ജനതകളുടെ മുറവിളിയാണെന്ന്
ആര്‍ച്ചുബിഷപ്പ് തൊമാസി വിശേഷിപ്പിച്ചു.

ആഫ്രിക്കയിലെ ദേവാലയങ്ങള്‍ക്കു നേരെ ഇപ്പോഴും നടക്കുന്ന ആക്രമണങ്ങളും വടക്കെ ഇന്ത്യയില്‍ അടിക്കടിയുണ്ടാകുന്ന ക്രൈസ്തവ പീഡനങ്ങളും ന്യൂനപക്ഷങ്ങളായ മതസമൂഹങ്ങള്‍ക്കെതിരായ അധിക്രമങ്ങളുടെ തുടര്‍ക്കഥയാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി പ്രസ്താവിച്ചു.
ആധുനിക പാശ്ചാത്യ ലോകം വ്യക്തി സ്വാതന്ത്ര്യത്തിന് മതത്തെ വിഘാതമായി കാണുന്ന രീതിയാണ് സ്വീകരിക്കുന്നതെന്നും, അതിനാലാണ് പൊതുവേദികളില്‍ നിന്നും മതത്തെ തുടച്ചു മാറ്റാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നും, അങ്ങനെയും വിശ്വാസ സ്വാതന്ത്ര്യം ലോകത്ത് ഹനിക്കപ്പെടുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി വിശദീകരിച്ചു.













All the contents on this site are copyrighted ©.