2012-08-22 18:10:14

പാപ്പ ലൂച്യാനിയുടെ
ജന്മശതാബ്ദി ആഘോഷങ്ങള്‍


22 ആഗസ്റ്റ് 2012, ഇറ്റലി
പ്രത്യാശയുടെ പൈതൃകവുമായി പാപ്പാ ലൂച്യാനിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നു. പുതുയുഗ സന്ധിയില്‍ ക്രൈസ്തവ ആത്മീയതയുടെ പുഞ്ചിരിയുമായെത്തിയ ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പായുടെ ജന്മശതാബ്ദിയാണ് വടക്കെ ഇറ്റലിയിലെ അഗോര്‍ദോ എന്ന അദ്ദേഹത്തിന്‍റെ ജന്മനാട് ആഘോഷിക്കുവാന്‍ ഒരുങ്ങുന്നത്. വെനീസിലെ പാത്രിയര്‍ക്കിസായിരുന്ന കര്‍ദ്ദിനാള്‍ അല്‍ബീനോ ലൂച്യാന്നി 1978- ആഗസ്റ്റ് 26-ാം തിയതിയാണ് വിശുദ്ധ പത്രോസിന്‍റെ 263-ാമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്.

തന്‍റെ മുന്‍ഗാമി പോള്‍ ആറാമന്‍റെ ഭരണപാടവവും ജോണ്‍ 23-ാമന്‍റെ ജീവിതവിശുദ്ധിയും മാതൃകയാക്കികൊണ്ടാണ് പാപ്പാ ലൂച്യാന്നി ജോണ്‍ പോള്‍ ഒന്നാമന്‍ എന്ന സങ്കരനാമം സഭാചരിത്രത്തിലെ നാഴികക്കല്ലായി സ്വീകരിച്ചത്. 33 ദിവസങ്ങള്‍ മാത്രം പത്രോസിന്‍റെ പരമാധികാരത്തില്‍ സുസ്മേരവദനനായി ജീവിച്ച ജോണ്‍ പോള്‍ ഒന്നാമന്‍ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വകാല പാപ്പായായും, ‘പുരോഗമനവാദി’യെന്ന യാഥാസ്ഥിതികരുടെ ആരോപണവുമായിട്ടാണ് കാലംചെയ്തത്. സ്ഥാനാരോഹണ ദിനമായ ആഗസ്റ്റ് 26-ന് ജോണ്‍ പോള്‍ ഒന്നാമന്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ ജന്മശദാബ്ദി ദിനമായ ഒക്ടോബര്‍ 17-വരെ നീണ്ടുനില്ക്കുമെന്ന് വര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. അനുസ്മരണ ദിവ്യബലി, വത്തിക്കാനിലെ കബറിടത്തിലേയ്ക്കുള്ള തീര്‍ത്ഥാടനം, പഠനശിബരം, കലാസാംസ്ക്കാരിക പരിപാടികള്‍, പ്രദര്‍ശനം, പ്രാര്‍ത്ഥന, ധ്യാനം എന്നിവയോടെയാണ് ‘പുഞ്ചിരിക്കുന്ന പാപ്പാ’യുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.








All the contents on this site are copyrighted ©.