2012-08-17 15:08:20

സിറിയ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍നിന്ന് പുറത്ത്


17 ആഗസ്റ്റ് 2012, മെക്ക
മെക്ക: ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി.) നിന്ന് സിറിയയെ പുറത്താക്കി. മെക്കയില്‍ ചേര്‍ന്ന ഇസ്‌ലാമിക രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയാണ് സിറിയയ്ക്കെതിരേ നടപടി സ്വീകരിച്ചത്. സ്വജനത്തെ കൂട്ടക്കൊല ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് ഒ.ഐ.സി. പ്രഖ്യാപിച്ചു. സിറിയയില്‍ ഇനിയും രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനപരമായ പരിഹാരം സിറിയയില്‍ ഉണ്ടാകണമെന്ന് ലോകമെമ്പാടുമുള്ള ഇസ്‌ലാമിക സമൂഹം ആഗ്രഹിക്കുന്നുവെന്ന സന്ദേശമാണ് ഈ തീരുമാനത്തിലൂടെ തങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് നല്‍കുന്നതെന്ന് ഒ.ഐ.സി. സെക്രട്ടറി ജനറല്‍ എക്‌മെലുദ്ദീന്‍ ഇഹ്‌സാനോഗ്ലു പറഞ്ഞു

അതേസമയം, സിറിയയില്‍ അസദ് ഭരണകൂടവും വിമതരും ഒരുപോലെ യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷകരുടെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ഇരുവിഭാഗവും ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തുന്നുണ്ട്. യുദ്ധകുറ്റകൃത്യം, കൊലപാതകം, നിയമവിരുദ്ധ പ്രവര്‍ത്തനം എന്നിവയില്‍ സൈന്യമാണ് മുന്നിട്ടുനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. സിറിയയില്‍ നടക്കുന്ന യുദ്ധക്കുറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ രക്ഷാസമിതി അടിയന്തരമായി ഇടപെടണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.









All the contents on this site are copyrighted ©.