2012-08-17 15:05:49

സമാധാനത്തിനായി കേഴുന്ന സിറിയ


17 ആഗസ്റ്റ് 2012, അലെപ്പോ
സിറിയയിലെ സമാധാന ശ്രമങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് അലെപ്പോയിലെ ഗ്രീക്ക് മെല്‍ക്കയിറ്റ് കത്തോലിക്കാ മെത്രാപ്പൊലീത്ത ആര്‍ച്ചുബിഷപ്പ് ജീന്‍ ക്ലെമന്‍റ് ജെന്‍ബര്‍ട്ട്. സിറിയയിലെ സംഘര്‍ഷാവസ്ഥ അനുരജ്ഞന ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് ആഗസ്റ്റ് 16ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചു. കൂടുതല്‍ ആയുധങ്ങള്‍ സിറിയയിലെത്തിക്കുന്നത് പ്രശ്നം പരിഹരിക്കാന്‍ സഹായിക്കില്ലെന്നും സംഭാഷണത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും മാര്‍ഗ്ഗമാണ് അന്താരാഷ്ട്ര സമൂഹവും പാശ്ചാത്യ രാജ്യങ്ങളും പിന്തുണയ്ക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
സിറിയയിലെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. 16ാം തിയതി വ്യാഴാഴ്ച അലപ്പോയിലെ നിരവധി ജില്ലകളില്‍ ആക്രമം തുടരുകയാണ്. രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളില്‍ നിന്നു വന്നിരിക്കുന്ന ഏറെപ്പേര്‍ അക്രമ സംഘത്തിലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. അന്യരാജ്യങ്ങളില്‍ നിന്നുള്ള മതതീവ്രവാദികള്‍ക്കും ആക്രമണത്തില്‍ പങ്കുള്ളതായും ആര്‍ച്ചുബിഷപ്പ് ജെന്‍ബര്‍ട്ട് സന്ദേഹം പ്രകടിപ്പിച്ചു. അലെപ്പോയിലെ മുസ്ലീമുകളും ക്രൈസ്തവരും പൊതുവേ സൗഹാര്‍ദത്തിലാണ് കഴിഞ്ഞു വരുന്നതെങ്കിലും പുറത്തുനിന്നു വന്നവര്‍ അതു മനസിലാക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭാംഗങ്ങളോട് ആയുധങ്ങള്‍ ഉപയോഗിക്കരുതെന്നും ആക്രമണങ്ങളില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ക്രൈസ്തവരുടെ നിക്ഷ്പക്ഷത അസാദ് ഭരണകൂടത്തെ അനുകൂലിക്കുന്നതാണെന്നോ വിമതര്‍ക്കുള്ള പിന്തുണയാണെന്നോ വ്യാഖ്യാനിക്കപ്പെട്ടേക്കാം. എന്നാല്‍ ഒരു വിഭാഗത്തിന്‍റെ പേരില്‍ മറുഭാഗത്തെ തങ്ങള്‍ ആക്രമിക്കില്ലെന്ന് ആര്‍ച്ചുബിഷപ്പ് പ്രഖ്യാപിച്ചു. ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചു ജീവിക്കാനാണ് സഭാംഗങ്ങളെ ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരേയും വേദനിപ്പിക്കാതെ, സംവാദത്തിലൂടെ സമാധാനത്തില്‍ കഴിയാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ജീന്‍ ക്ലെമന്‍റ് ജെന്‍ബര്‍ട്ട് പ്രസ്താവിച്ചു.









All the contents on this site are copyrighted ©.