2012-08-17 09:55:01

മതങ്ങളെ അംഗീകരിക്കുന്നതാണ്
മതേതരത്വമെന്ന് മാര്‍ താഴത്ത്


16 ആഗസ്റ്റ് 2012, തൃശൂര്‍
കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ മാര്‍ ആഡ്രൂസ് താഴത്ത് ഉദ്ബോധിപ്പിച്ചു. ഭാരതത്തിന്‍റെ 66-ാമത് സ്വാതന്ത്ര്യദിനത്തില്‍ തൃശ്ശൂരിലെ സെന്‍റ് തോമസ് കോളെജില്‍ പതാക ഉയര്‍ത്തിക്കൊണ്ടു നല്കിയ സന്ദേശത്തിലാണ് മാര്‍ താഴത്ത് ഇപ്രകാരം പ്രസ്താവിച്ചത്.

മനുഷ്യജീവിതത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന രണ്ടു മേഖലകളാണു മതവും രാഷ്ട്രീയവുമെന്നും, രണ്ടും ലക്ഷൃംവയ്ക്കുന്നത് മനുഷ്യനന്മയാണെന്നും, ആകയാല്‍ അവ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവരുതെന്നും കോളെജിന്‍റെ ഇപ്പോഴത്തെ രക്ഷാധികാരിയും തൃശ്ശൂര്‍ അതിരൂപതാദ്ധ്യക്ഷനുമായ മാര്‍ താഴത്ത് വിദ്യാര്‍ത്ഥികളോട് ആഹ്വാനംചെയ്തു. മതേതരത്വം ഇന്ത്യയുടെ മുഖമുദ്രയാണ്, മതത്തെ നിരാകരിക്കുന്നതല്ല, മറിച്ച് എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണ് മതേതരത്വമെന്നും
മാര്‍ താഴത്ത് പ്രസ്താവിച്ചു.

ശരിയായ രാഷ്ട്രപുരോഗതിക്കുവേണ്ട ധാര്‍മ്മികാടിത്തറ പാകാന്‍ മതങ്ങള്‍ കൈകോര്‍ക്കണമെന്നും, ഇക്കാര്യത്തില്‍ ആരോഗ്യകരമായ മതാന്തര സംവാദത്തിനു മതങ്ങള്‍ സ്വാര്‍ത്ഥതവെടിഞ്ഞു സഹകരിക്കണമെന്നും മാര്‍ താഴത്ത് യുവതലമുറയെ ഉദ്ബോധപ്പിച്ചു. മതങ്ങള്‍ ഒരിക്കലും രാഷ്ട്രത്തിന് ബാധ്യതയല്ലെന്നും, മതമൂല്യങ്ങളും മതസൗഹാര്‍ദ്ദവും രാഷ്ട്രപുരോഗതിക്കു മുതല്‍ക്കൂട്ടാണെന്നുമുള്ള വസ്തുത അംഗീകരിക്കേണ്ടതാണെന്നും മാര്‍ താഴത്ത് വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.