2012-08-17 14:59:50

പാത്രിയാര്‍ക്കീസ് ആബൂന പൗലോസിന്‍റെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചിച്ചു



17 ആഗസ്റ്റ് 2012, വത്തിക്കാന്‍

എത്യോപ്യയിലെ തെവാഹെദോ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് ആബൂന പൗലോസിന്‍റെ നിര്യാണത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസും കാതോലിക്കൊസും ആയ ആബൂന പൗലോസ്‌ (76) വ്യാഴാഴ്ച രാത്രി എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലെ ബെല്ച്ചാ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. പാത്രിയാര്‍ക്കീസ് ആബൂന പൗലോസ് വത്തിക്കാനിലേക്കു നടത്തിയ സന്ദര്‍ശനങ്ങള്‍ അനുസ്മരിച്ച മാര്‍പാപ്പ 2009ല്‍ മെത്രാന്‍മാരുടെ സിനഡ് ആഫ്രിക്കയ്ക്കുവേണ്ടി നടത്തിയ പ്രത്യേക സമ്മേളനത്തില്‍ അദ്ദേഹത്തിന്‍റെ സംഭാവന സുപ്രധാനമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. എത്യോപ്യയിലെ തെവാഹെദോ ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള സംവാദവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കാന്‍ പാത്രിയാര്‍ക്കീസ് നടത്തിയ പരിശ്രമങ്ങളും മാര്‍പാപ്പ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. പാത്രിയാര്‍ക്കീസിന്‍റെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്ന എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സിനഡ് അംഗങ്ങളോടും വൈദികരോടും സന്ന്യസ്തരോടും വിശ്വാസസമൂഹത്തോടും മാര്‍പാപ്പ അനുശോചനം അറിയിച്ചു. പാത്രിയാര്‍ക്കീസ് ആബൂന പൗലോസിന്‍റെ വേര്‍പാടില്‍ വേദനിക്കുന്ന ഏവര്‍ക്കും തന്‍റെ പ്രാര്‍ത്ഥന ഉറപ്പുനല്‍കിയ മാര്‍പാപ്പ അവര്‍ക്ക് തന്‍റെ അപ്പസ്തോലിക ആശീര്‍വാദവുമേകി.









All the contents on this site are copyrighted ©.